കോഴിക്കോട്: പച്ചക്കറി കൃഷിയിലൂടെ അടച്ചുപൂട്ടലിനെ അതിജീവിച്ച വിജയകഥ പറയുകയാണ് കോഴിക്കോട് കച്ചേരിക്കുന്ന് ഗവ.എല്‍പി സ്കൂള്‍. രണ്ടു വര്‍ഷം മുന്‍പ് എസ്എസ്എയുടെ ഫോക്കസ് സ്കൂളിന്റെ പരിധിയിലായിരുന്ന സ്കൂളാണ് ഇന്നു മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
പച്ചക്കറിയില്‍ നിന്നു പച്ചപിടിച്ച കഥയാണ് കച്ചേരിക്കുന്ന് സ്കൂളിനു പറയാനുള്ളത്. അറുപതു കുട്ടികളില്‍ താഴെയുളള സ്കൂളുകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള എസ്എസ്എയുടെ ഫോക്കസ് പദ്ധതിയില്‍ ഈ സ്കൂളിനെ പെടുത്തിയപ്പോള്‍ പച്ചക്കറി കൃഷിയില്‍ ഫോക്കസ് ചെയ്ത് അതിനെ അതിജീവിക്കുകയായിരുന്നു ഈ കലാലയം.
പച്ചക്കറി തേടിയെത്തിയ നാട്ടുകാര്‍ സ്കൂളിന്റെ മേന്മ കണ്ട് കുട്ടികളെ ഇവിടെയെത്തിച്ചു. അത് ഒരു മാറ്റത്തിന്റെ തുടക്കമാകുകയായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസും നൂറ്റി അറുപതിലേറെ വിദ്യാര്‍ഥികളുമായി മികവുപുലര്‍ത്തുകയാണ് സ്കൂള്‍. സ്ൂളിനെക്കുറിച്ച് ചോദിച്ചാല്‍ കുട്ടികള്‍ക്ക് നൂറുനാവാണ്.
സ്കൂളില്‍ സ്വന്തമായി വാഹനസൗകര്യം, വിശാലമായ കളിസ്ഥലം, പുതിയ കെട്ടിടം, പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ ദത്തെടുത്തു പഠിപ്പിക്കുക തുടങ്ങിയവയെല്ലാം നടപ്പാക്കുന്നുണ്ട്. പെഡഗോജി പാര്‍ക്കും കരാട്ടെ പരിശീലനവും വൈകാതെ തുടങ്ങും.