കൊച്ചി: കേരളത്തിലെ ചിലയിടങ്ങളില്‍ വനവാസികളുടെ ജീവിതാവസ്ഥ ദയനീയമാണെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. ബാപ്പുജിയുടെ സ്വപ്നങ്ങള്‍ക്ക് രാജ്യത്തെ മുന്‍കാല സര്‍ക്കാരുകള്‍ വിലനല്കിയില്ലെന്നും തുഷാര്‍ഗാന്ധി പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനം ഇന്നേക്കുള്ള പാഠങ്ങള്‍ എന്ന വിഷയത്തില്‍ എറണാകുളം ചരിത്ര മ്യൂസിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലുമെല്ലാം യാത്ര ചെയ്തപ്പോള്‍ വനവാസികളുടെ ദയനീയ അവസ്ഥ മനസിലായി. കേരളത്തിലെ ചില ഭാഗങ്ങളിലും വനവാസികള്‍ ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. മുന്‍കാലങ്ങളിലെ ഭരണകര്‍ത്താക്കളും ജനങ്ങളും ഇതിന് ഉത്തരവാദികളാണ്.
ബാപ്പുജിക്ക് രാജ്യത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ ആ സ്വപ്നങ്ങള്‍ക്ക് വില നല്‍കാറില്ലെന്നും അതുകൊണ്ടു തന്നെ രാജ്യത്തിന്റെ സ്ഥിതി ദയനീയാവസ്ഥയിലായെന്നും തുഷാര്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മഹാത്മാഗാന്ധിയുടെ പാതയിലേക്കും സ്വപ്നങ്ങളിലേക്കും ഇനിയും ഏറെ ദൂരമുണ്ടെന്നും തുഷാര്‍ഗാന്ധി പറഞ്ഞു.