KeralaSpecial

ആർക്കു വേണ്ടിയാണ് ഈ ബജറ്റ്?

ഉപരിപ്ലവമായ വികസനപ്രഖ്യാപനങ്ങളുടെ പൊലിമയിലാണിന്ന് എൽ.ഡി.എഫ് സർക്കാരിന്റെ കന്നിബജറ്റ് അവതരിപ്പിക്കപ്പെട്ടത്. പദ്ധതി പ്രഖ്യാപനങ്ങളും, അവകാശവാദങ്ങളും നിലനിൽക്കുമ്പൊഴും ആത്യന്തികമായി അടിസ്ഥാനവർഗ്ഗത്തിന് എന്തു പ്രതീക്ഷയാണ് ഈ ബജറ്റ് നൽകുന്നതെന്നത് ചിന്തിക്കേണ്ട വിഷയമാണ്. വികസനപദ്ധതികളാവട്ടെ പലതും കേന്ദ്രസർക്കാരിന്റെ പദ്ധതികളും. എന്തു കൊണ്ടും, ശ്രീ തോമസ് ഐസക്ക് കടൽക്കാറ്റേറ്റിരുന്നെഴുതിയുണ്ടാക്കിയ കന്നി ബജറ്റിന്റെ കാൽദോഷം ആത്യന്തികമായി പ്രഹരമേൽപ്പിക്കുന്നത് സംസ്ഥാനത്തെ അടിസ്ഥാനവർഗ്ഗത്തെത്തന്നെയാണ്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഒരു വലിയ പ്രചാരണായുധമാക്കിക്കൊണ്ടാണ് തൊഴിലാളിവർഗ്ഗപ്പാർട്ടി ഇക്കുറി അധികാരത്തിലെത്തുന്നത്. എന്നാൽ അതേ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഊട്ടിയുറപ്പിക്കുന്നതാണ് ഈ ബജറ്റെന്നത് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ്. ഹോട്ടൽ ഭക്ഷണമടക്കമുള്ള സർവ്വവിധ വസ്തുക്കളും തൊട്ടാൽ പൊള്ളുമെന്നത് അധികം താമസിയാതെ അനുഭവിച്ചറിയാം. കേവലം എട്ടു മാസം കൊണ്ട് സംസ്ഥാനത്തു നിന്നും അധിക നികുതിയിനത്തിൽ പിരിച്ചെടുക്കാൻ പദ്ധതിയിട്ടിരിക്കുന്ന തുക 805 കോടി രൂപയാണ്. അരി, വെളിച്ചെണ്ണ, തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ മുഴുവൻ വില വർദ്ധിക്കുമ്പോൾ, വിലക്കുറവും, ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നതാവട്ടെ; താരതമ്യേന അപ്രസക്തമായ ചലച്ചിത്രമേഖല പോലെയുള്ളയിടങ്ങളിലും.

ജൈവകൃഷിയെക്കുറിച്ചു വാ തോരാതെ പ്രസംഗിക്കുന്ന മുന്നണി ഭരണത്തിലിരിക്കുമ്പോൾ, പച്ചക്കറിയുൽപ്പന്നങ്ങളുടെ തദ്ദേശീയമായ ഉൽപ്പാദനത്തിനും, വികസനത്തിനും ക്രിയാത്മകമായ എന്തു പദ്ധതിയാണുള്ളതെന്ന ചോദ്യവും അവശേഷിക്കുന്നു.

സമീപകാലത്ത്, ലഭ്യതയിലെ പ്രയാസങ്ങളും, രാസവിഷങ്ങളും, വിലക്കയറ്റവും ഏറെ ചർച്ച ചെയ്യപ്പെട്ട പച്ചക്കറികൃഷിയെ ഇടവിളകൃഷിയെന്ന പേരിൽ പരാമർശിച്ചു പോവുകയാണുണ്ടായത്. അതേസമയം നാണ്യവിള മാത്രമായ റബ്ബറിനു വേണ്ടി നീക്കി വച്ചതാവട്ടെ 500 കോടിയും. ആഭ്യന്തര ഉത്പാദനം യുദ്ധകാലാടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കേണ്ട പച്ചക്കറി വിഷയത്തിൽ കുറ്റകരമായ ഉദാസീനത തന്നെയാണ് ഈ ബജറ്റിൽ ധനമന്ത്രി പുലർത്തിയതെന്നു പറയാതെ വയ്യ. ചക്കഗവേഷണവും, റബ്ബറുൽപ്പാദനവും കൊണ്ട് മലയാളിയുടെ അടിസ്ഥാന ഭക്ഷ്യവിഷയത്തിൽ എന്തു നേട്ടമാണുള്ളത്?

ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ സർക്കാർ ചുമത്തിയിരിക്കുന്ന നികുതി ഭേദഗതി, നാട്ടിലെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതാണെന്നതിൽ എന്താണു സംശയം? കുടുംബത്തിനുള്ളിലെ വസ്തു കൈമാറ്റങ്ങൾക്കു പോലും താങ്ങാനാകാത്ത നികുതി!

തുണിത്തരങ്ങൾക്ക്, വെളിച്ചെണ്ണയ്ക്ക്, ഗോതമ്പിന്, അരിയ്ക്ക്, ചരക്കു നീക്കത്തിന്, ആട്ട, മൈദ, സൂജി, റവ ഇങ്ങനെ തുടങ്ങി പൗരന്മാർ‌ക്കൊഴിച്ച് ബാക്കിയെല്ലാത്തിനും വില കൂട്ടി.

സ്ത്രീകൾക്കു വേണ്ടി പ്രത്യേക വകുപ്പെന്നൊക്കെയുള്ള പ്രഖ്യാപനം കൊള്ളാം. പക്ഷേ നിലവിൽ സ്ത്രീകൾക്കു വേണ്ടി സ്ഥാപിതമായിട്ടുള്ള വകുപ്പുകളെപ്പോലും പ്രവർത്തനക്ഷമമാക്കാതെ എന്തു ചെയ്തിട്ടും കാര്യമെന്താണ്?

ആരോഗ്യരംഗത്തും, അത്യന്താപേക്ഷിതമായി നടപ്പിലാക്കേണ്ട കാര്യങ്ങളല്ല ഈ ബജറ്റ് ചർച്ച ചെയ്തിരിക്കുന്നത്. ചികിത്സാച്ചിലവിൽ ഇന്നു മലയാളിയെ പുറകോട്ടടിക്കുന്ന മുഖ്യഘടകം, ഔഷധവിലയാണ്. കേന്ദ്രസർക്കാർ ജൻ ഔഷധി പോലെയുള്ള വൻ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളപ്പൊഴും അവയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോ, സമാനമായ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനോ ഈ ബജറ്റ് ശ്രദ്ധ ചെലുത്തിയിട്ടില്ല. ചീഞ്ഞു നാറുന്ന നഗരമാലിന്യങ്ങളും, ആശുപത്രി മാലിന്യങ്ങളും, അറവുമാലിന്യങ്ങളും സംസ്ഥാനത്തെ രോഗാലയമാക്കുന്നിടത്ത് മാലിന്യസംസ്കരണപദ്ധതികളേക്കുറിച്ച് ശ്രദ്ധേയമോ സ്വാഗതാർഹമോ ആയ ഒരക്ഷരം ധനമന്ത്രിയുടെ വായിൽ നിന്നു വീണില്ലെന്നത് അത്യന്തം ദുഃഖകരമാണ്.

പുതിയ തസ്തികകളും, സ്ഥാപനങ്ങളുമില്ലെന്ന സർക്കാരിന്റെ നയം തന്നെ, സംസ്ഥാനത്തെ തൊഴിൽ രഹിതരോടുള്ള സർക്കാരിന്റെ വിമുഖതയും, താൽപര്യമില്ലായ്മയുമാണ് ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസമേഖലയിൽ, ശൗചാലയമടക്കം പ്രഖ്യാപിച്ച പദ്ധതികൾ മുഴുവനും കേന്ദ്രസർക്കാരിന്റേതാണെന്നിരിക്കേ, ആരുടെ കണ്ണിൽ പൊടിയിടാനാണ് ഈ വക പ്രഖ്യാപനങ്ങൾ ബജറ്റിൽ തിരുകിക്കയറ്റിയതെന്നതും ഉത്തരം കിട്ടാത്ത സമസ്യയാണ്. വികസനപദ്ധതികളെന്ന് ഊറ്റം കൊള്ളുന്ന പലതും കേന്ദ്രസർക്കാർ പദ്ധതികളെ ചെങ്കൊടി പുതപ്പിച്ച് കളത്തിലിറക്കിയതാണെന്നതും ബജറ്റിന്റെ ആന്തരിക ദൗർബല്യത്തിന് അടിവരയിടുന്നു.

സാമ്പത്തികമായി തകർന്നടിഞ്ഞിരിക്കുന്ന സംസ്ഥാനഖജനാവിലേയ്ക്ക് ധനസമാഹരണത്തിനുള്ള പദ്ധതികളൊന്നും തന്നെയില്ലെന്നതാണ് വാസ്തവം. സർക്കാരിനു പണമുണ്ടാക്കി നൽകേണ്ട ബാദ്ധ്യത നികുതിയെന്ന പേരിൽ കൊണ്ടു ചാർത്തിയിരിക്കുന്നത് പാവം സാധാരണക്കാരന്റെ മുതുകത്തും.

ബജറ്റിൽ ഒരു വിലയും നൽകാതെ പോയ ചില കാര്യങ്ങളാവട്ടെ അതിലും ഗുരുതരമാണ്. മാലിന്യസംസ്കരണം, ആദിവാസി വികസനം, നദീസംരക്ഷണം തുടങ്ങിയവയെക്കൂടാതെ, ഇന്നു പൂട്ടണോ, നാളെ പൂട്ടണോ എന്നു ചിന്തിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ജലഗതാഗതവകുപ്പ്, ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളെല്ലാം ഡോ.തോമസ് ഐസക്കിന്റെ ബജറ്റിൽ അയിത്തം കൽപ്പിച്ച് അകറ്റി നിർത്തിയ മലയാളിയുടെ അടിയന്തര ആവശ്യങ്ങളായിരുന്നു.

പിണറായിവിജയൻ സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിനോട് പ്രതിപക്ഷപ്പാർട്ടികളെല്ലാം തന്നെ തങ്ങളുടെ വിമർശനം അറിയിച്ചു കഴിഞ്ഞു. ഒട്ടും തന്നെ ജനോപകാരപ്രദമല്ലാത്ത ബജറ്റെന്നും, സാമ്പത്തികമേഖലയിൽ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റെന്നും, സ്വപ്നലോകത്തെ ഭാവനാസൃഷ്ടിയെന്നു വരെ വിമർശിക്കപ്പെട്ട ഇത്തരമൊരു ബജറ്റ്, ഡോ.തോമസ് ഐസക് എന്ന സാമ്പത്തികവിദഗ്ദ്ധന്റെ ബുദ്ധികൗശല്യത്തിനേറ്റ തിരിച്ചടി കൂടിയാവുകയാണ്.

പുതിയ ബജറ്റിന്റെ വെളിച്ചത്തിൽ ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള വസ്തുക്കളിന്മേൽ സാധാരണക്കാരന് ഇരുട്ടടിയുറപ്പ്. പിച്ചച്ചട്ടിക്കു വിലകൂട്ടിയില്ലെന്നതാണ് ഈ ബജറ്റിലെ എടുത്തു പറയാവുന്ന ഹൈലൈറ്റ്.

 

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close