NewsSpecial

ഗൺ കൾച്ചറിൽ നിന്നും റോബോട്ട് ബോംബിംഗിലേക്ക് ..

എം വി അജേഷ്


ഡാലസിൽ അഞ്ച് പൊലിസുകാരെ സ്നൈപ്പർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ് .കൊലയാളിയെ വധിച്ച രീതിയെപ്പറ്റി വലിയ ചർച്ചകളാണ് ഇപ്പോൾ അമേരിക്കയിൽ നടക്കുന്നത്. മുൻ സൈനികനായ മിഖ സേവ്യർ ജോൺസൺ എന്ന മൈക്കിൾ ജോൺസണെ കീഴ്പ്പെടുത്താൻ വൈകും തോറും കൂടുതൽ ജീവനുകൾ നഷ്ടപ്പെടും എന്നതായിരുന്നു സംഘർഷ സ്ഥലത്തെ അവസ്ഥ

ഒടുവിൽ റോബോട്ട് ബോംബ് ഉപയോഗിച്ചാണ് ജോൺസണെ വധിച്ചത് . ഇത് ആധുനിക നഗര സംഘർഷങ്ങളിൽ ഉപയോഗിക്കുന്നത് ആദ്യമായി ആണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. എന്നാൽ സൈനിക നടപടികൾക്ക് മാത്രം ഉപയോഗിക്കുന്ന റോബോട്ടുകളെ പൊലിസ് ഉപയോഗിച്ചതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.

ഡാലസിൽ കഴിഞ്ഞ ദിവസങ്ങളിലെ പൊലിസ് നടപടിയിൽ കറുത്ത വർഗക്കാർ കൊല്ലപ്പെട്ടതിൽ കടുത്ത പ്രതിഷേധത്തിലായിരുന്നു മുൻ സൈനികൻ മിഖ സേവ്യർ ജോൺസൺ എന്ന മൈക്കൽ ജോൺസൺ. കൊലപാതകങ്ങളിൽ പ്രതിഷേധിക്കുന്നവരെ തടയാനെത്തിയ പൊലിസുകാരെ ആണ് ജോൺസൺ ലക്ഷ്യമിട്ടത്. പൊലിസുകാർ ഒന്നൊന്നായി വെടിയേറ്‍റു വീഴുമ്പോഴും ഡല്ലാസ് പൊലിസ് നിസഹായരായിരുന്നു.

അഫ്ഗാനിസ്ഥാനിൽ സൈനിക സേവന പരിചയമുളള ജോൺസന്‍റെ സ്നൈപർ ഷോട്ടുകൾ അത്ര കൃത്യത്യവും നീക്കം ചടുലവും ആയിരുന്നു. പൊലിസുകാർക്ക് ഇയാളെ തടയാനോ വെടിയുണ്ടകളിൽ നിന്ന് ഒഴിഞ‍്ഞു മാറാനോ കഴിയാത്ത അവസ്ഥ വന്നു. ഇത്രയും അപകടകാരിയായ തോക്കുധാരിയുമായി സന്ധിസംഭാഷണത്തിൽ അർത്ഥമില്ലെന്ന് കണ്ടതിനാലാണ് ബോംബ് റോബോട്ടിനെ ഉപയോഗിക്കാൻ തീരുമാനമായത്.

സന്ധിസംഭാഷണം സഫലമാകാൻ മണിക്കൂറുകൾ വേണ്ടി വരും. അതിനിടെ എത്ര ജീവനുകൾ കൂടി നഷ്ടപ്പെടും എന്നതായിരുന്നു പൊലിസ് ഉദ്യോഗസ്ഥരുടെ ആശങ്ക. റോബോട്ടിനെ വരുത്തി അതിൽ ബോംബ് ഘടിപ്പിച്ച് റിമോട്ട് ഉപയോഗിച്ച് ജോൺസണിന്‍റെ അരികിൽ എത്തിക്കുകയായിരുന്നു. ബോംബ് പൊട്ടിത്തെറിച്ച് ജോൺസൺ കൊല്ലപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട കഠിനപരീക്ഷണത്തിനും അറുതി ആവുകയായിരുന്നു.

അത്യന്തം അപകടകരമായ അവസ്ഥയിലും എത്തിപ്പെടാൻ കഴിയാത്തതുമായ സ്ഥലങ്ങളിൽ സൈനിക നേട്ടത്തിനാണ് റോബോട്ട് ബോംബുകൾ ഉപയോഗിക്കുക. അതിന്‍റെ ഉപയോഗത്തിന് നിയന്ത്രണവും ഉണ്ട്.ഡല്ലാസ് പൊലിസ് ഉപയോഗിച്ചത് NORTHROP GRUMMAN REMOTEC ANDROS F6B എന്ന റോബോട്ട് ആണെന്നാണ് റിപ്പോർട്ടുകൾ. ഇറാഖ് യുദ്ധത്തിൽ ഈ റോബോട്ട് വ്യപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

എന്നാൽ, സൈനികേതര നടപടികളിൽ റോബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് WIRED FOR WAR എന്ന പുസ്തകത്തിന്‍റെ രചയിതാവ് പീറ്‍റർ സിംഗർ പറയുന്നു. മുമ്പ് സൈനികേതര സാഹചര്യങ്ങളിൽ റോബോട്ടിനെ ഉപയോഗിച്ചത് അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യാൻ മാത്രമാണ്. വീര്യം കുറഞ്ഞ ബോംബാണ് ജോൺസണെ വധിക്കാൻ ഉപയോഗിച്ചതെന്ന് ഡല്ലാസ് പൊലിസ് അറിയിച്ചു.

അതേ സമയം, സൈനികേതര ഉപയോഗത്തിന് ബോംബ് ഘടിപ്പിച്ച റോബോട്ട് ഉപയോഗിച്ചതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. ഇത് ഒരു പുതിയ കീഴ്‍‍‍‍വഴക്കം ഉണ്ടാക്കുമെന്നാണ് പ്രധാന ആക്ഷേപം. അക്രമിയെ കീഴ്‍പ്പെടുത്തി ബന്ദികളെ രക്ഷിക്കുന്ന രീതിക്ക് പകരം റോബോട്ടിനെ ഉപയോഗിച്ച് ബന്ദികളുടെ ജീവനും അപകടത്തിലാക്കും എന്ന് ആശങ്കയുണ്ട്. യുദ്ധത്തിൽ റോബോട്ടിനെ ഉപയോഗിക്കുന്നത് പ്രതിയോഗിയെ വധിക്കാനാണ്.

എന്നാൽ ക്രമസമാധാന പാലന മേഖലയിൽ അക്രമിയെ കീഴ്‍പ്പെടുത്തി പിടികൂടുക മാത്രമാണ് ലക്ഷ്യം എന്നിരിക്കെ റോബോട്ട് ബോംബുകൾ പൗരൻമാർക്ക് കൂടുതൽ ഭീഷണി ആകുമെന്ന് ആശങ്കയുണ്ട്. തോക്ക് ഉപയോഗത്തിന് പോലും നിയന്ത്രണം ഇല്ലാത്ത രാജ്യത്ത് റോബോട്ട് ബോംബുകൾ കൂടി വ്യാപകമായാൽ രാജ്യം കൂടുതൽ അപകടത്തിലേക്ക് നീങ്ങുമെന്ന ആകുലതയും ജനങ്ങൾ പങ്കുവെക്കുന്നു.

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close