കോഴിക്കോട്: വെള്ളിമൂങ്ങ സിനിമയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ സംവിധായകന് ജിബു ജേക്കബിന്റെ ഏറ്റവും പുതിയ മോഹന്‍ലാല്‍ സിനിമയുടെ പൂജ കോഴിക്കോട് ഹോട്ടല്‍ മഹാറാണിയില്‍ നടന്നു. സിന്ദ് രാജ് തിരക്കഥയെഴുതി സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത സിനിമയില്‍ മീനയാണ് നായിക.
വീക്കെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് മോഹന്‍ലാലെത്തുന്നത്. ഇതുവരെ പേരു നിശ്ചയിക്കാത്ത സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ജിബു ജേക്കബ് ആണ്. മീന നായികയായെത്തുന്ന സിനിമയില്‍ അനൂപ് മോനോന്, മാസ്റ്റര്‍ സനൂബ്, ബേബി നിബ എന്നിവരും സ്ക്രീനിലെത്തുന്നു.
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ജയചന്ദ്രനും ബിജിപാലും സംഗീത സംവിധാനം നിര്‍വ്വഹിക്കും. പ്രണയവും കുടുംബ കലഹവും സമ്മിശ്രമായി അവതരിപ്പിക്കുന്ന സിനിമ മലയാള കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂജയ്ക്ക് ശേഷം സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രശാന്ത് പിള്ള സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കും. കോഴിക്കോട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ഒക്ടോബറോടെ തിയേറ്ററുകളിലെത്തും.