തിരുവനന്തപുരം: റവന്യൂ വകുപ്പ് സ്പെഷ്യല്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റിയത് വന്‍കിട കയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കഴിഞ്ഞ രണ്ടു സര്‍ക്കാരുകളും സുശീലാഭട്ടിനെ മാറ്റാഞ്ഞത് കേസ് അട്ടിമറിക്കപ്പെടും എന്നുള്ളതു കൊണ്ടാണ്. ടാറ്റാ, ഹാരിസണ്‍സ്, കരുണാ എസ്റ്റേറ്റ്, ബിലീവേഴ്സ് ചര്‍ച്ച് എന്നിവര്‍ക്കെതിരായ കയ്യേറ്റ കേസുകള്‍ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സുശീലാ ഭട്ടിനെ മാറ്റിയത് ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടിയാകും.
പിണറായി വിജയന് അധികാരമേറ്റതിന് ശേഷം വന്‍കിട മുതലാളിമാര്‍ക്ക് അനുകൂലമായി കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. മുതലാളിമാര്‍ക്കായി എന്തും ചെയ്ത് കൊടുക്കാന്‍ പിണറായി മടിക്കില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കുമ്മനം പ്രസ്ഥാവനയില്‍ കുറ്റപ്പെടുത്തി.