ന്യൂഡൽഹി : മുൻ ഓസ്‍ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ നായകനാവുന്ന ചിത്രം “അൺ ഇന്ത്യൻ” ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. ഇൻഡോ- ഓസ്ട്രേലിയന്‍ സംയുക്ത സംരംഭമായ ചിത്രം സംവിധാനം ചെയതത് അനുപം ശർമ്മയാണ്. ഓഗസ്‍റ്‍റ് 19ന് ചിത്രം തിയേറ്‍ററുകളിലെത്തും
ക്രിക്കറ്റ് പിച്ചിൽ തീപ്പന്തുകളുമായി ബാറ്റ്‍സ്‍മാന്മാരുടെ ഉറക്കെകെടുത്തിയ ബ്രെറ്റ് ലീ, വിൽ എന്ന അധ്യാപകനായാണ് അൺ ഇന്ത്യനിൽ വേഷമിടുന്നത്. വിധവയായ ഇന്ത്യന്‍ സ്ത്രീയുമായുള്ള ഓസ്‍ട്രേലിയന്‍ യുവാവിന്‍റെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം.
ഇംഗ്ലീഷ് ഭാഷയിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ തനിഷ്ത ചാറ്റർജിയാണ് നായിക. നർമ്മവും പ്രണയവും കോർത്തിണക്കിയ ചിത്രം ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ വംശജനായ ഓസ്‍ട്രേലിയൻ സംവിധായകൻ അനുപം ശർമ്മയാണ്. ഓസ‍്‍ട്രേലിയ- ഇന്ത്യ ഫിലിം ഫണ്ട് പ്രൊഡക്ഷന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . പൂർണമായും ഓസ്‍ട്രേലിയയിൽ നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സലിം സുലൈമാനാണ്.
ബ്രെറ്റ് ലീയെയും തനിഷ്‍തയെയും കൂടാതെ സുപ്രിയ പാഠക്, ഗുൽഷന്‍ ഗ്രോവർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. U R THE ONE FOR ME എന്ന ഹിന്ദി മ്യൂസിക് ആൽബത്തിൽ ആശാ ബോസ്‍ ലെയ്‌ക്കൊപ്പം നേരത്തെ ബ്രെറ്റ് ലീ അഭിനയിച്ചിട്ടുണ്ട്.2015ൽ ഓസ്‍ട്രേലിയയിൽ ഉടനീളം റിലീസ് ചെയ്‍ത ചിത്രമാണ് ഇപ്പോൾ ഇന്ത്യയിൽ എത്തുന്നത്. ഓഗസ്‍റ്റ് 19നാണ് അൺ ഇന്ത്യന്‍റെ ഇന്ത്യൻ റിലീസ്.















