കോട്ടയം: കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന കോട്ടയം-ആലപ്പുഴ ജലഗതാഗതം പുനരാരംഭിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും തടസ്സങ്ങള്‍ നിരവധിയാണ്. ജലഗതാഗത പാതയിലുള്ള അഞ്ച് തൂക്കുപാലങ്ങള്‍ നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തെങ്കില്‍ മാത്രമേ ബോട്ട് സര്‍വ്വീസ് സാധ്യമാകൂ. ഏറെ ആശ്രയമാകുന്ന തൂക്കുപാലങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദീര്‍ഘനാളായി മുടങ്ങിക്കിടന്നിരുന്ന കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വ്വീസ് ആറുമാസത്തിനകം പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതും എസി ബോട്ടുകള്‍ ഉപയോഗിച്ച്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാട്ടര്‍ ഹബ് പദ്ധതിയുടെ ആലോചനായോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കണമെങ്കില്‍ തടസ്സങ്ങളേറെയാണ്.
ജലപാതിയില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് തൂക്കുപാലങ്ങള്‍ നീക്കം ചെയ്യുകയോ, ഉയര്‍ത്തി പണിയുകയോ ചെയ്യണം. മാത്രവുമല്ല നിരവധിയിടങ്ങളില്‍ പോള നിറഞ്ഞിരിക്കുന്നതിനാല്‍ ഗതാഗതത്തിന് തടസ്സമാകും. കേരള ഇലക്ട്രിക് ആന്റ് അലൈഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഞ്ച് തൂക്കുപാലങ്ങളാണ് ഉയര്‍ത്തേണ്ടത്. ബോട്ടിന്റെ മുകള്ഭാഗം തട്ടുന്നതിനാല്‍ തൂക്കുപാലം ഉയര്‍ത്താതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. എന്നാല്‍ സമീപവാസികളെ ഇത് ഏറെ ദുരിതത്തിലാക്കുമെന്ന് ഉറപ്പാണ്. അക്കരയെത്താന്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന തൂക്കുപാലങ്ങളാണിവ.
പാലം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, പകരം സംവിധാനമൊരുക്കാതെ തൂക്കംപാലം പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗതാഗതപാതയിലെ തടസങ്ങള്‍ മാറിയാല്‍ മാത്രമെ എസി ബോട്ടുകള്‍ സര്‍വ്വീസ് ആരംഭിക്കുകയുള്ളൂ.