തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തിനെതിരെ ബിജെപി ഡിജിപിക്ക് പരാതി നൽകി. സായുധ കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ബിജെപി പ്രതിനിധി സംഘം ഡിജിപിയോട് ആവശ്യപ്പെട്ടു.
ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഡിജിപിയെ സന്ദർശിച്ച് പരാതി നൽകിയത്. സംസ്ഥാന ഉപാദ്ധ്യൻ ജോർജ്ജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ ജെആർ പത്മകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അണികളോട് ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്ന രാജ്യത്തെ ഏക രാഷ്ട്രീയ നേതാവാണ് കോടിയേരിയെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിച്ചതിന് ഐപിസി 108 പ്രകാരം കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടിയെടുക്കാമെന്ന് ഡിജിപി ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.