NewsSpecial

നമുക്ക് മറക്കാതിരിക്കാം ഈ ധീര ദേശാഭിമാനികളെ…

ഭാരതത്തിന്റെ അതിർത്തിയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ പട്ടാളത്തെയും മുജാഹിദ്ദിൻ ഗറില്ലകളെയും തുരത്തിയ കാർഗിൽ വിജയത്തിന്റെ വാർഷികദിനമാണ് ജൂലൈ 26

1999 ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്.

1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നീട് മനസിലായത്. കാർഗിൽ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയോട് പറഞ്ഞിരുന്നത്.

1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ പാകിസ്ഥാൻ സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്. പിന്നീടാണ് പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത്. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റർ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.

14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം
അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാകിസ്ഥാൻ ആക്രമണത്തിനു തെരഞ്ഞെടുത്തത്. തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും പാകിസ്ഥാൻ സൈന്യം കയ്യേറിയിരുന്നു.

യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ യുദ്ധത്തിൽ മരിച്ച സൈനികരെ ഈയടുത്ത സമയത്ത് പാകിസ്ഥാൻ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീൻ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. അങ്ങനെ യുദ്ധത്തിൽ നയതന്ത്രപരമായുള്ള മുൻതൂക്കവും ഭാരതത്തിന് ലഭിച്ചു.

എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു. അഭിമുഖ പരീക്ഷയിലെ ചോദ്യത്തിന് പരംവീര ചക്രത്തിനു വേണ്ടിയാണ് താൻ സൈന്യത്തിൽ ചേരുന്നതെന്ന് ഉത്തരം നൽകിയ മനോജ് കുമാർ പാണ്ഡെ, ജുബർ ടോപ് എന്ന തന്ത്രപ്രധാനമായ സ്ഥലം തിരിച്ചു പിടിക്കാൻ വേണ്ടി ജീവൻ ബലി നൽകി പരം വീര ചക്രത്തിനർഹനായി. ശത്രു സൈന്യത്തിന്റെ എല്ലാ ബങ്കറുകളും തകർത്തതിനു ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത് .

അത്യസാധാരണമായ പോരാട്ട വീര്യം പ്രദർശിപ്പിച്ച് ബറ്റാലിക് പ്രദേശത്തെ പോയിന്റ് 5140 ഉൾപ്പെടെയുള്ള തന്ത്ര പ്രധാന മേഖലകൾ തിരിച്ചു പിടിച്ച് അവസാനം മറ്റൊരു പോയിന്റ് തിരിച്ചു പിടിക്കുന്നതിനിടെ വെടിയേറ്റ് വീണ സിംഹം, ക്യാപ്റ്റൻ വിക്രം ബത്ര, നെഞ്ചിൽ വെടിയേറ്റിട്ടും ശത്രുവിന്റെ ബങ്കറിൽ കടന്നു കയറി അവരുടെ മെഷീൻ ഗൺ പിടിച്ചെടുത്ത് മറ്റു ബങ്കറുകൾ നശിപ്പിച്ച റൈഫിൾമാൻ സഞ്ജയ് കുമാർ, ഗുരുതരമായി പരിക്കേറ്റിട്ടും ടൈഗർ ഹിൽ തിരിച്ചു പിടിക്കാൻ പോരാടിയ യോഗേന്ദ്ര സിംഗ് യാദവ്, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ശരീരത്തിലേറ്റിട്ടും പതറാതെ പോയിന്റ് 4875 തിരിച്ച് പിടിച്ച് അവസാനം മരണത്തിനു കീഴടങ്ങിയ അനുജ് നയ്യാർ, തുടങ്ങി നിരവധി ബലിദാനികൾ അവരുടെ യുവത്വവും സ്വപ്നങ്ങളും ഭാരതത്തിനു വേണ്ടീ ഹോമിച്ചു

അവരുടെ ഇന്നുകൾ നമ്മുടെ നാളേക്ക് വേണ്ടി അവർ രാഷ്ട്രത്തിനു നൽകി. കാർഗിൽ വിജയദിനത്തിൽ, ആ വീരപുത്രന്മാരുടെ ഓർമ്മകൾക്കു മുന്നിൽ ജനം ടിവി യുടെ സാദര പ്രണാമങ്ങൾ…

4 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close