Special

അക്ഷരങ്ങൾ ആക്രമിക്കപ്പെടുമ്പോൾ

                                                                                                                                                            കാളിദാസ്

അറിവിന്റെയും അക്ഷരങ്ങളുടെയും മേലുള്ള കടന്നാക്രമണങ്ങൾ പ്രബുദ്ധകേരളം കാണുന്നത് ഇതാദ്യമായല്ല. അന്ധമായ മതഭാവനകൾ സാമാന്യമര്യാദയുടെയും, മാനവികതയുടെയും അതിർവരമ്പുകളെ ഉല്ലംഘിച്ച് തീവ്രമുഖത്തോടെ സമൂഹത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഒരുമ്പെടുമ്പോൾ ഇവിടെ ശിഥിലമായിപ്പോകുന്നത് രാജ്യത്തെ നിയമവ്യവസ്ഥയും, ഭരണഘടനയും പൗരന്മാർക്ക് അനുവദിച്ചു നൽകുന്ന ആവിഷ്കാര-ചിന്താസ്വാതന്ത്ര്യങ്ങളാണ്.

പടച്ചോൻ, അഥവാ ഈശ്വരൻ പരാമർശങ്ങൾക്കു പോലും അതീതനാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്തായാലും മതവിശ്വാസികളല്ലെന്നത് നിസ്തർക്കമാണ്. മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ‘അവൻ’ സദാ എല്ലാവർക്കും പരാമർശവിധേയനും, ചിരസ്മരണീയനും ദുഷ്ടനും, ശിഷ്ടനും, പാപിക്കും എന്നു വേണ്ട സർവ്വചരാചരങ്ങൾക്കും സദാ പ്രാപ്യനുമാണ്.

വിശുദ്ധ ഖുർ ആൻ ആരംഭിക്കുന്നതു തന്നെ, ഇത് ഗ്രന്ഥമാകുന്നു, അഥവാ ഇത് അറിവാകുന്നു എന്നു പ്രസ്താവിച്ചുകൊണ്ടാണ്. ആ പ്രസ്താവനയ്ക്കപ്പുറം ഏതു മാനമോ മാനകങ്ങളോ ഉപയോഗിച്ചായാലും, അക്ഷരങ്ങളാൽ വിവരിക്കപ്പെടുന്ന ദൈവീകമാനങ്ങളെ ചോദ്യം ചെയ്യാൻ ഏതു തത്വശാസ്ത്രമാണ് മനുഷ്യന് അധികാരം നൽകിയത്? വിശുദ്ധ ഖുർ ആനിന്റെ ഓരോ സൂക്തങ്ങളിലും പരാമർശിക്കപ്പെട്ടിരിക്കുന്നത് പരമകാരുണികന്റെ നാമങ്ങൾ തന്നെയെന്നതിൽ ആർക്കാണു സംശയം? ആ പരമകാരുണികന്റെ, അള്ളാഹുവിന്റെ, പടച്ചവന്റെ- നിരാകാരബ്രഹ്മമായ ഈശ്വരന്റെ- അരൂപിയായ പരിശുദ്ധാത്മാവിന്റെ ചിത്രരചനകൾ അല്ലാതെ മറ്റെന്താണ് ഈ മാനവരാശിയടങ്ങുന്ന പ്രപഞ്ചവും, ഇവിടെ കാണാകുന്ന സർവ്വ ചരാചരങ്ങളും.

ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനും വിവിധ നാമങ്ങളിൽ വിളിച്ചാരാധിക്കുന്ന, വിവിധ ആരാധനാസങ്കേതങ്ങളാൽ പൂജിക്കുന്ന ആ ദൈവത്തിന്റെ മനോഹരവും, വൈവിദ്ധ്യമാർന്നതുമായ രചനകൾ തന്നെയാണ് ഈ ലോകത്ത് കാണായതെല്ലാമെന്നതിൽ ഏതു മതവിശ്വാസിക്കാണ് മറ്റൊരഭിപ്രായമുള്ളത്?

പടച്ചോന്റെ ചിത്രപ്രദർശനമെന്ന പുസ്തകം പുറത്തിറങ്ങിയിട്ടില്ല. ആ പുസ്തകത്തിന്റെ ഉള്ളടക്കമെന്തെന്ന് പുറം ലോകമറിഞ്ഞിട്ടില്ല. പുറത്തിറങ്ങിയതാവട്ടെ, ആ പേര് ആലേഖനം ചെയ്ത പുസ്തകത്തിന്റെ കവർ മാത്രവും. ഈയവസ്ഥയിൽ, ഇങ്ങനെയൊരു പേരു കേട്ട മാത്രയിൽത്തന്നെ, അതിന്റെ ഉള്ളടക്കമെന്തെന്നു പോലും ചിന്തിക്കുകയോ, അന്വേഷിക്കുകയോ ചെയ്യാതെ നോവലിസ്റ്റ് ആക്രമിക്കപ്പെടുകയെന്നു വന്നാൽ, പ്രബുദ്ധകേരളം ആശങ്കപ്പെടേണ്ടതുണ്ട്.

സമാനമായ സംഭവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷ് മലയാളിയുടെ മനഃസ്സാക്ഷിയ്ക്കു മുൻപിലും, ഭാരതത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്കും, ഭരണഘടനയ്ക്കും മുൻപിലും ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നുണ്ട്. ഒന്നല്ല, രണ്ടല്ല മതത്തിന്റെ പേരു പറഞ്ഞുണ്ടാവുന്ന കടന്നാക്രമണങ്ങൾ പലതു കണ്ടു കഴിഞ്ഞു കേരളം.

ഇവിടെ പടച്ചവൻ വിമർശിക്കപ്പെട്ടിട്ടോ, അധിക്ഷേപിക്കപ്പെട്ടിട്ടോ ഉണ്ടോ? അക്രമികൾ ആരും അത് ചിന്തിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്തു മാനദണ്ഡത്തിന്റെ പേരിലാണ് ഈ അക്രമമുണ്ടായത്? അഞ്ചു നേരം പടച്ചവന്റെ മുൻപിൽ തല കുമ്പിടുന്ന ഒരു ഭൂരിപക്ഷം ഇത്തരം ചില പ്രവർത്തികളുടെ പേരിൽ പൊതുസമൂഹത്തിനു മുന്നിൽ തീവ്രവാദികളെന്നു മുദ്രകുത്തപ്പെടുകയാണ്. മാനവികതയുടെയും, പരസ്പരസ്നേഹത്തിന്റെയുമൊക്കെ നിരവധി സൂക്തങ്ങളടങ്ങുന്ന ഒരു മതഗ്രന്ഥം വിമർശിക്കപ്പെടുകയാണ് ഇത്തരം ചില പ്രവർത്തികളുടെ പേരിൽ. തീവ്രവാദികളും, തീവ്രമതവാദികളും ചേർന്ന് പ്രതിക്കൂട്ടിലാക്കുന്നത് സമാധാനം കാംക്ഷിക്കുന്ന ഒരു സമുദായത്തിലെ ഭൂരിപക്ഷത്തെയും, ആ സമുദായത്തിന്റെ സംഹിതകളെയുമാണെന്ന് ഓർത്താൽ നന്ന്. ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ സമുദായസ്നേഹികളും, രാഷ്ട്രഭരണഘടനയെ മാനിക്കുന്നവരുമായുള്ളവർ മുന്നിട്ടു വന്നില്ലയെങ്കിൽ, നാളെ തലയറുക്കപ്പെടുന്നത്, അക്ഷരങ്ങൾ മാത്രമാവില്ല, നാമോരോരുത്തർക്കും, ചിന്തിക്കാനും, സ്വപ്നം കാണാനുമുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close