NewsSpecial

ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാത്മാവ്

ജൂലൈ 27 മുന്‍ രാഷ്‍ ‍ട്രപതി ഡോ.എപിജെ അബ്‍‍ദുൾ കലാം ഓർമ്മയായിട്ട് ഒരാണ്ട്. മിസൈൽ മനുഷ്യന്‍ എന്ന വിശേഷണത്തിൽ നിന്നും ഭാരതത്തിന്‍റെ പ്രഥമ പൗരനായി വളർന്ന അബ്ദുൾ കലാമിന്‍റെ ദീപ്‍ത സ്‍മരണയ്ക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് രാഷ്‍ട്രം.

അവുൽ പക്കീർ ജൈനലബ്ദീന്‍ അബ്ദുൾ കലാമെന്ന എപിജെ അബ്ദുൾ കലാമിന്‍റെ ജീവിതം ഇല്ലായ്മകളെ അഗ്നിച്ചിറകുകളാൽ കീഴടക്കിയ വിജയഗാഥ തന്നെയായിരുന്നു.

1931ൽ തമിഴ്‍നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഭാരതരത്നമായതിന് പിന്നിൽ ലാളിത്യത്തിന്‍റെയും, സ്ഥിരോത്സാഹത്തിന്‍റെയും കഥയുണ്ട്. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനലബ്ദീനും തമ്മിലുള്ള സൗഹൃദത്തിൽനിന്ന് മതമൈത്രിയുടെ ഇഴയടുപ്പം ചെറുപ്രായത്തിലേതൊട്ടറിഞ്ഞു. പത്രം വിതരണം ചെയ്തും കക്ക പെറുക്കിയും നടന്ന പ്രഭാതങ്ങളിൽ നിന്ന് ജീവിതത്തേയും. പിന്നീട് സതീഷ് ധവാനിൽ നിന്നും വിക്രം സാരാഭായിയിൽ നിന്നും ബഹിരാകാശത്തിന്‍റെ അനന്ത വിസ്‍മയങ്ങളേയും.

ബഹിരാകാശ പഠനത്തിന് ശേഷം ‍ഡി.ആർ.ഡി.ഒ, ISRO തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഭാരതത്തിന്‍റെ മിസൈൽ മാന്‍ എന്ന വിശേഷണത്തിന് പിന്നിൽ നേട്ടങ്ങളുടെ നീണ്ട പട്ടിക. 2002ൽ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ടപതി ഭവന്‍റെ ഔപചാരികതകൾക്കപ്പുറം ജനകീയനായി. എളിയ ജീവിതം കൊണ്ട് പ്രിയങ്കരനായി. സമർത്ഥനായ രാജ്യതന്ത്രഞ്ജനായി.

2007ൽ സ്ഥാനമൊഴിഞ്ഞ ശേഷം അധ്യാപനത്തിലും പ്രസംഗത്തിലും എഴുത്തിലും മുഴുകി. മരണം ആകസ്മികമായി കടന്നുവന്നതും അത്തരത്തിലൊരു വേദിയിൽ വെച്ചായിരുന്നു. ഷില്ലോങ്ങിൽ ഒരു പ്രഭാഷണ പരിപാടിയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

സ്വപ്നം കാണുക… സാക്ഷാത്കാരത്തിനായി അക്ഷീണം പ്രയത്നിക്കുക… ജീവിതം കൊണ്ടിത് അടയാളപ്പെടുത്തുകയായിരുന്നു എപിജെ അബ്‍‍ദുൾ കലാം.

ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാത്മാവിന് ജനം ടിവിയുടെ പ്രണാമങ്ങൾ…

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close