ലോകകായിക മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ കായികപ്രേമികളുടെ കണ്ണും കാതും റിയോയിലേക്കാണ്. 16 ദിവസം നീളുന്ന ഒളിമ്പിക്സിൽ 205 രാജ്യങ്ങളിൽ നിന്നുള്ള 10500ഓളം താരങ്ങൾ പങ്കെടുക്കും. സിക്ക വൈറസ് ഭീഷണിയെതുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പതിനാറ് നാൾ നീളുന്ന കായിക പൂരം. 28 ഇനങ്ങളിലായി 306 മത്സരങ്ങൾ. 37 വേദികളിൽ മത്സരിക്കാനെത്തുന്നത് 205 രാജ്യങ്ങളിൽ നിന്നുള്ള 10500ൽ പരം കായിക താരങ്ങൾ.
ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ 31ആമത് ഒളിമ്പിക്സിന് തിരിതെളിയുമ്പോൾ പുതിയ റെക്കോർഡുകളിൽ മുത്തമിടാനുള്ള
തയ്യാറെടുപ്പിലാണ് താരങ്ങൾ.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോ മണ്ണിലിറങ്ങുന്ന ഇന്ത്യൻ സംഘത്തിന് പ്രതീക്ഷകളേറെ. 118പേരാണ് ഭാരതത്തെ പ്രതിനിധീകരിക്കുന്നത്. അത്‍ലറ്റ്ക്സിൽ മാത്രം 36 പേർ. ഷൂട്ടിങ്ങും ബോക്സിങ്ങും ഗുസ്തിയും പ്രതീക്ഷകൾ നൽകുന്ന ഇനങ്ങൾ. സൈന നെഹ്‍വാളും സാനിയ മിർസയും രാജ്യത്തിന്‍റെ യശസ്സുയർത്തുമെന്നാണ് കായികപ്രേമികളുടെ വിലയിരുത്തൽ.
ഒളിമ്പിക്സ് എന്നാൽ ഹോക്കിയായിരുന്നു ഇന്ത്യയ്‌ക്ക് ഒരു കാലത്ത്. കൊച്ചിക്കാരൻ പി.ആർ. ശ്രീജേഷിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഹോക്കി ടീമിൽ ഇക്കുറി പ്രതീക്ഷ വാനോളമാണ്. വനിതകളുടെ 800 മീറ്ററിൽ ടിന്‍റു ലൂക്ക, 400 മീറ്ററിൽ മുഹമ്മദ് അനസ്, ട്രിപ്പിൾ ജംപിൽ രഞ്ചിത് മഹേശ്വരി, 200 മീറ്റർ ബട്ടർ ഫ്ലൈയിൽ സജൻ പ്രകാശ്, മാരത്തണിൽ ഒ.പി.ജെയ്ഷ അങ്ങനെ നീളുന്നു മലയാളി സാന്നിദ്ധ്യം.
ഇനി കാതോർക്കാം ബ്രസീലിയൻ മണ്ണിൽ നിന്നുള്ള ഓരോ ആരവങ്ങളിലേക്കും.















