തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കാൻ ബിജെപി തിരംഗാ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. ആഗസ്റ്റ് 9 മുതൽ 23 വരെയാണ് പരിപാടി. പ്രധാനമന്ത്രി മുതൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വരെ അവരവരുടെ മണ്ഡലങ്ങളിൽ ഈ ദിവസങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തും. അഖിലേന്ത്യാ അദ്ധ്യക്ഷൻ വരെയുള്ള എല്ലാ പാർട്ടി അംഗങ്ങളും വിവിധ പരിപാടികളിൽ പങ്കെടുക്കും.
രണ്ട് കേന്ദ്രമന്ത്രിമാരാണ് സംസ്ഥാനത്തെ പരിപാടികള്ക്ക് നേതൃത്വം നൽകുന്നത്. ആഗസ്റ്റ് 9 ന് രാവിലെ ബൂത്ത് തലങ്ങളിൽ പ്രഭാത ഭേരിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.
സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വൈകിട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ നിയോജക മണ്ഡല തലത്തിൽ ദീപ പ്രയാണം നടത്തും.
അന്നേ ദിവസം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു. ആഗസ്റ്റ് 18 ന് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ രക്ഷാബന്ധൻ നടത്തും.
ആഗസ്റ്റ് 15-23 വരെയുള്ള ദിവസങ്ങളിൽ നിയോജക മണ്ഡല തലത്തിൽ ദേശീയ പതാകയുമായി ബൈക്ക് റാലി യുവമോർച്ച സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു.
പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണത്തിന് ബിജെപി നേതൃത്വം നൽകും. ഇതിനായി കൈത്തറിക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ വ്യാപക പ്രചരണം സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. ആഗസ്റ്റ് 15 ന് എല്ലാ പ്രവർത്തകരും കൈത്തറി വസ്ത്രം ധരിക്കും. കൈത്തറി വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കാൻ ഫെയ്സ് ബുക്ക് വഴി ക്യാംപയൻ സംഘടിപ്പിക്കുമെന്നും കുമ്മനം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.