സൗഹൃദത്തിന്റെ പനിനീര്‍പൂക്കളുമായി വീണ്ടും ഒരു സൗഹൃദ ദിനംകൂടി. ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോകമെങ്ങും ‘സൗഹൃദ ദിനം’ കൊണ്ടാടുന്നു. യു.എന്‍ തീരുമാനപ്രകരം 2011 മുതലാണ് ‘സൗഹൃദ ദിനം’ ആരംഭിച്ചത്. പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും സൗഹൃദ ദിനം അവസരമൊരുക്കുകയാണ്.
നല്ല സൗഹൃദങ്ങള്‍ പകരുന്ന ഊര്‍ജ്ജം പലശൈലികളില് ആഘോഷിക്കുകയാണ് പ്രായഭേദമെന്യേ ലോകമെമ്പാടും. ഓര്‍ക്കൂട്ടും ഫേസ്ബുക്കും കടന്ന് വാട്സ് ആപ്പിലെത്തിയ ന്യൂ ജനറേഷന് പിള്ളേരും ഓട്ടോഗ്രാഫിന്റെ നനുത്ത താളുകളില്‍ സൗഹൃദത്തിന്റെ മയില്പ്പീലികള് മാനം കാണാതെ ഒളിപ്പിച്ച ‘ഓള്‍ഡ് പീപ്പിള്‍’സും സൗഹൃദത്തിന്റെ തോണിയേറാന്‍ ഒരുപോലെ കൊതിക്കുന്നവരാണ്.
ആയിരം ഇഴകളുടെ കരുത്തുണ്ട് സൗഹൃദത്തിന് . പ്രകൃതിയില്‍ തന്നെ ചങ്ങാത്തത്തിന് നൂറു നൂറു ഉദാഹരണങ്ങളുമുണ്ട് . എല്ലാമേഖലയിലും സൗഹൃദത്തിലൂടെ വിരിയിച്ചെടുത്ത അനവധി വിജയങ്ങളുണ്ട്.
സൗഹൃദങ്ങള്‍ക്കപ്പുറം ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ ഒരു വാണിജ്യ വിപണിയായി മാറിക്കഴിഞ്ഞു. ആത്മബന്ധങ്ങള്ക്കപ്പുറം ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളില്‍ സൗഹൃദങ്ങള്‍ ഒതുങ്ങുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്.
‘സൗഹൃദത്തിന്റെ തീവ്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അത് പരിഹരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. ഞാന്‍ എല്ലാവരുടേയും സുഹൃത്താണ് എന്ന് ഓരോരുത്തരും കരുതുക. സൗഹൃദം ഒരു ആശ്ലേഷമാണ്. ഒരാള്‍ മാത്രം വിചാരിച്ചാല്‍ അത് നടക്കണമെന്നില്ല. ആര് തയ്യാറല്ലെങ്കിലും ഞാന്‍ തയ്യാറായാല്‍ മാത്രമേ എനിക്കത് നേടാന്‍ കഴിയൂ എന്ന് നാം തിരിച്ചറിയണം. സ്നേഹിക്കുക എന്നത് മാത്രമാണ് സ്നേഹം നേടാനുള്ള ഏക വഴിയും.’ മഹാകവി അക്കിത്തം പറഞ്ഞ ഈ വാക്കുകള്‍ ഈ സൗഹൃദദിനത്തില്‍ ഏറെ പ്രാധാന്യത്തോടെ ഓര്‍ക്കേണ്ട ഒരു വസ്തുതയാണ്.