NewsSpecial

പ്രധാനമന്ത്രി അതു പറയുമ്പോൾ

     -കാവാലം ജയകൃഷ്ണൻ

 

രാഷ്ട്രീയതന്ത്രങ്ങളിൽ തെരഞ്ഞെടുപ്പു കാലത്ത് മാത്രം ഓർത്തെടുക്കാറുളള   സൂത്രവാക്യമായിരുന്നു ദളിത് സ്നേഹം. എല്ലാക്കാലത്തും വഞ്ചിക്കപ്പെടുക മാത്രം ചെയ്ത വർഗ്ഗം. അവർക്കു വേണ്ടി വലിയവായിൽ നിലവിളിച്ചവരാരും തന്നെ ദളിതർക്കു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പടുക്കുമ്പൊഴും, കവിതയെഴുതാനും മാത്രം ഓർത്തെടുക്കാറുളള   അവർ ഈ ദൈന്യതയിൽ തുടരണമെന്ന ശാഠ്യം തൽപ്പരകക്ഷികൾ എക്കാലത്തും പുലർത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ വേറിട്ടു നിൽക്കുന്നത് ഇവിടെയാണ്. പ്രധാനമന്ത്രി രാജ്യത്തെ ഒരു വിഷയത്തോട് ഇത്ര വൈകാരികമായി പ്രതികരിച്ചത് ഇതാദ്യമാണ്. തീവ്രവാദമുഖമില്ലാത്ത രാജ്യത്തെ ഒട്ടുമിക്ക പത്രങ്ങളുടേയും ആദ്യ പേജിലെ പ്രധാനവാർത്ത മോദിയുടെ ഈ വാക്കുകളായിരുന്നു. എന്റെ ദളിത് സഹോദരങ്ങളെ വെറുതേ വിടൂ, ആക്രമിക്കണമെങ്കിലും നിറയൊഴിക്കണമെങ്കിലും എന്നോട് ആയിക്കോളൂ എന്ന ആത്മാർത്ഥതയുടെ സ്വരം.

പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യകാലങ്ങളിൽ തന്നെ ‘പ്രധാനമന്ത്രിയല്ല, പ്രധാന സേവകനാണ് താൻ’ എന്നു പറഞ്ഞ നരേന്ദ്രമോദിയുടെ സത്യസന്ധതയ്ക്ക് അടിവരയിടുന്ന പ്രസ്താവനയാണ് ഇത്.

പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നാഥനാകുവാൻ പോന്ന കർത്തവ്യം, സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകളിൽ അധികാരം കയ്യാളിയിരുന്നവർ മറന്നു പോയ ധർമ്മം പ്രധാനമന്ത്രി എടുത്തു പറഞ്ഞിരിക്കുകയാണ്.

ദളിതർക്കു നേരേ ആവർത്തിക്കപ്പെടുന്ന ആക്രമണങ്ങൾ സംഘടിതമാണ്. ചോദിക്കാൻ ആരുമില്ലെന്ന ധാരണയും അക്രമികളെ ധൈര്യപ്പെടുത്തുന്ന സാഹചര്യത്തിലാണ് അവർക്കു ഞാനുണ്ടെന്ന ശക്തനായ ഭരണാധികാരിയുടെ വാക്കുകൾ പ്രസക്തമാകുന്നത്. ഒരു പക്ഷേ ഗാന്ധിജിയ്ക്കു ശേഷം ദളിതരേക്കുറിച്ച് ആത്മാർത്ഥമായി ചിന്തിച്ചിട്ടുളള   ഒരു രാഷ്ട്രീയ നേതാവോ, സാമൂഹ്യ പരിഷ്കർത്താവോ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.

രാഷ്ട്രീയമുതലെടുപ്പുകൾക്കു വേണ്ടി മാത്രം ദളിത് സ്നേഹം ഉന്നയിക്കുന്ന കപടമനുഷ്യസ്നേഹികളുടെയിടയിൽ പ്രധാനമന്ത്രിയെ വ്യത്യസ്തനാക്കുന്നത് യാതൊരു രാഷ്ട്രീയ ലാഭേച്ഛയുമില്ലാതെയുളള   ഈ ആത്മാർത്ഥതയുടെ ശംഖനാദമാണ്. ദളിതർക്കെതിരേയുളള   ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്ന അദ്ദേഹത്തിന്റെ താക്കീതും കൊളേളണ്ടിടത്തു കൊളളാതിരിക്കില്ല. കാരണം, പറയുന്നത് നരേന്ദ്ര ദാമോദർദാസ് മോദിയാണ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close