Special

ഓഗസ്റ്റ് 9 – ക്വിറ്റ് ഇന്ത്യ ദിനം

“ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം – ഒരു കൊച്ചു മന്ത്രം . അതു നിങ്ങളുടെ ഹൃദയത്തിൽ പതിയണം , ആഴത്തിൽ പതിയണം .മന്ത്രമിതാണ്, “ പ്രവർത്തിക്കുക , അല്ലെങ്കിൽ മരിക്കുക’ ( Do or Die ) നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും അല്ലെങ്കിൽ ആ പ്രവർത്തനത്തിൽ മരിക്കും . സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ നിങ്ങൾ വിശ്രമിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക. അതിനു വേണ്ടി ജീവൻ ത്യജിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക . ജീവൻ നഷ്ടപ്പെടുത്തി നിങ്ങൾ ജീവൻ നേടും .എങ്ങനെയും ജീവൻ രക്ഷിക്കാൻ ശ്രമിച്ചാലോ , നിങ്ങൾക്ക് അതു നഷ്ടപ്പെടുകയേ ഉള്ളൂ.”

‘ഭീരുവിനോ അധീരനോ ഉള്ളതല്ല സ്വാതന്ത്ര്യം ‘

(1942 ജൂലൈ 14 -)0 തീയതി കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതിനു ശേഷം മോഹൻദാസ് കരംചന്ദ് ഗാന്ധി നടത്തിയ രണ്ടു മണിക്കൂർ നീണ്ട ഉജ്ജ്വലമായ പ്രസംഗത്തിൽ നിന്ന് )

ഓഗസ്റ്റ് 9 – പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ സമര ഭടന്മാർ പ്രക്ഷോഭത്തിനിറങ്ങി. അന്നു രാവിലെ തന്നെ ഗാന്ധിജിയും മറ്റു പ്രധാന നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു . എന്നാൽ അവരെ അറസ്റ്റ് ചെയ്ത് പ്രക്ഷോഭമില്ലാതാക്കാം എന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റി . ഗാന്ധിജിയെ മോചിതനാക്കുക എന്നൊരു പുതിയ മുദ്രാവാക്യം കൂടീ ഉണ്ടാകാനേ അതുപകരിച്ചുള്ളൂ .

രാജ്യമെങ്ങും പ്രക്ഷോഭങ്ങളുണ്ടായി . ആദ്യ ഘട്ടത്തിൽ അഹിംസാത്മകമായിരുന്നെങ്കിലും ബ്രിട്ടീഷ് സർക്കാർ മർദ്ദന പരിപാടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം അക്രമങ്ങളിലേക്ക് നീങ്ങി . അതിനനുസരിച്ച് മർദ്ദന പരിപാടികൾ കൂടുതൽ മൃഗീയമായി . വെടിവെപ്പും ലാത്തിച്ചാർജ്ജും കൂട്ടപ്പിഴ ചുമത്തലും സർവ്വ സാധാരണമായി . ആയിരക്കണക്കിനു പേർ മരിച്ചു . മരിച്ചവരിൽ കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ ഉൾപ്പെടുന്നു . ഇരട്ടിയിലധികമാളുകൾക്ക് പരിക്കേറ്റു..പതിനായിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു .

ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള പ്രതികരണം പല പ്രവിശ്യകളിലും പലതരത്തിലായിരുന്നു . ബീഹാറും ഉത്തർപ്രദേശും മദ്ധ്യ പ്രദേശും മഹാരാഷ്ട്രയുമടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സമര പരിപാടികൾ നടന്നു . എന്നാൽ ദക്ഷിണേന്ത്യയിലെ പല പ്രവിശ്യകളും സമരത്തോട് പുറം തിരിഞ്ഞു നിന്നു. കേരളത്തിൽ ക്വിറ്റ് ഇന്ത്യാസമരം വിപുലമായിരുന്നില്ല . കോൺഗ്രസ്സ് ഹിന്ദു സ്വരാജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം ലീഗും , സോവിയറ്റ് നയങ്ങൾക്കനുസരിച്ച് നയം മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശക്തമായിടങ്ങളിലൊന്നും ക്വിറ്റ് ഇന്ത്യാ സമരം ചലനമുണ്ടാക്കിയില്ല . ഇരു കൂട്ടരും അവരവരുടേതായ കാരണങ്ങളാൽ സമരത്തെ എതിർത്തു .

പ്രത്യക്ഷത്തിൽ പരാജയപ്പെട്ട സമരം എന്നു തോന്നുമെങ്കിലും രാജ്യത്തിൽ നിന്നൊഴിഞ്ഞു പോകാൻ സമയമായി എന്ന ചിന്ത ബ്രിട്ടനുണ്ടാക്കാൻ സമരത്തിനു കഴിഞ്ഞുവെന്നതിൽ സംശയമില്ല . ഇന്ന് ക്വിറ്റ് ഇന്ത്യാ സമര ദിനത്തിന്റെ 73 – ം വാർഷിക ദിനത്തിൽ , രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സമരഭടന്മാരുടെ ഓർമ്മകൾക്കു മുന്നിൽ ജനം ടി വിയുടെ പ്രണാമങ്ങൾ ..

5 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close