കോഴിക്കോട്: അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന് ചലച്ചിത്ര ലോകത്തിന്റെയും നാടിന്റെയും യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ തുറയ്ക്കല്‍ ജുമാ മസ്ജിദിലായിരുന്നു സംസ്കാരം.
ചലച്ചിത്ര ലോകത്തെയും രാഷ്ട്രീയരംഗത്തെയും പ്രമുഖരടക്കം നിരവധി പേര് ടി.എ റസാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജന്മനാടായ കൊണ്ടോട്ടിയില്‍ എത്തി. സംവിധായകരായ സിബി മലയില്‍, കമല്‍, തമ്പി കണ്ണന്താനം, എം. പത്മകുമാര്‍, സലീം അഹമ്മദ്, എം.എല്‍.എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹിം, നടന്മാരായ വിനീത്, കോഴിക്കോട് നാരായണന് നായര്‍ തുടങ്ങിയവര്‍ പ്രിയകലാകാരന് അന്ത്യോപചാരം അര്‍പ്പിച്ചു.
മൂന്ന് മണിക്കൂറോളം കൊണ്ടോട്ടി മോയിന്‍കുട്ടി സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പതിനൊന്നരയോടെ ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തുറയ്ക്കല്‍ ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികബഹുമതികള്ക്ക് ശേഷമായിരുന്നു സംസ്കാരം.