കണ്ണൂർ: പയ്യന്നൂരിലെ രണ്ട് കൊലപാതകങ്ങളും സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് ആവശ്യപ്പെട്ടു. സി.പി.എം അക്രമത്തിനും കള്ളക്കേസിനും എതിരെ പയ്യന്നൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരില്‍ കഴിഞ്ഞ മാസം നടന്ന രണ്ട് കൊലപാതകങ്ങളും നിഷ്പക്ഷമായി അന്വേഷിക്കണമെന്നും അതിന് അന്വേഷണം സി.ബി.ഐയെ ഏല്പിക്കണമെന്നുമാണ് ബി.ജെ.പിയുടെ അഭിപ്രായമെന്ന് മുരളീധരന് പറഞ്ഞു.
കൂലിയുടെ കണക്കുപറഞ്ഞ് പേടിപ്പിക്കാന്‍ വന്നാല്‍ പേടിക്കുന്നവരല്ല പയ്യന്നൂരിലെ ജനങ്ങളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൂലിയുടെ കണക്ക് പറഞ്ഞത് അണികൾ പാർട്ടി വിട്ടുപോകാതിരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കൂട്ടായ്മയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്, എം.ടി.രമേശ് എന്നിവരും പ്രസംഗിച്ചു.