NewsSpecial

ഓർക്കാതിരിക്കാൻ നമുക്കാവതില്ലേ…

അർദ്ധോക്തിയിൽ വിരമിയ്ക്കുന്ന വാക്കുകളിൽ, മൗനങ്ങളിൽ കവിതയുടെ അപാരത കണ്ടെത്തിയ മഹാനുഭാവൻ. അറിവിന്റെ രത്നാകരങ്ങളുടെ ആഴങ്ങൾ തേടിയ, ക്ഷമാപൂർവ്വം വിദ്യാർത്ഥികൾക്കത് പകർന്നു കൊടുത്ത മഹാദ്ധ്യാപകൻ. പാണ്ഡിത്യത്തിന്റെ ഗാംഭീര്യം പ്രസ്ഫുരിക്കുന്ന എന്നാൽ കടന്നാക്രമണങ്ങളില്ലാതെ, രചനയോടും, രചയിതാവിനോടും ആദരവും നീതിയും പുലർത്തിയ നിരൂപകൻ, സൈദ്ധാന്തികൻ, കലയുടെ സമസ്ത മേഖലകളെയും ആഴത്തിലറിഞ്ഞ് അതതു മേഖലകളിൽ രത്നങ്ങൾ ഖനനം ചെയ്തെടുത്ത ധിഷണാശാലി, അന്വേഷികളുടെ ചാലകശക്തി… ഇതിലേതു വിശേഷണമാണ് ഡോ. അയ്യപ്പപണിക്കർക്ക് കൂടുതൽ ചേരുക?

കുട്ടനാട്ടിലെ കവിത കിനിയുന്ന മണ്ണിൽ നിന്നും ലോകാന്തരങ്ങളിലേയ്ക്കു വ്യാപിച്ച ആ കാവ്യവ്യക്തിത്വത്തിന് ഈ വിശേഷണങ്ങളെല്ലാം അനുയോജ്യമാണ്. അറിവിന്റെ അപാരതയിൽ ഒരു മനുഷ്യായുസ്സു മുഴുവൻ ഉപാസകന്റെ ആത്മവിശുദ്ധിയോടെ, സന്യാസിയുടെ അന്വേഷണത്വരയോടെ സഞ്ചരിച്ച മഹാനായിരുന്നു അയ്യപ്പപണിക്കർ.

കറുത്ത ഹാസ്യത്തിന്റെ കൂരമ്പു കൊണ്ട് അടിയന്തരാവസ്ഥയുടെ ബലിഷ്ഠകായത്തിൽപ്പോലും ആഴത്തിൽ മുറിവേൽപ്പിച്ച കവി. അതേ കവി തന്നെ, നീയില്ലയെങ്കിൽ, നിൻ വ്രതശുദ്ധിയില്ലെങ്കിൽ ഈ ശ്യാമകൃഷ്ണൻ വെറും കരിക്കട്ട എന്ന് ആർദ്രമാനസനാവുന്നതും നാം കണ്ടു. ചക്രവാളത്തിനപ്പുറം ചൂടുകൾ ഞെട്ടിവന്നു പിറന്ന നക്ഷത്രത്തെ നോക്കി, മർത്ത്യനർത്തനത്തിന്റെ രംഗമണ്ഡപം വർണ്ണിച്ച്, മലയാള കാവ്യസംസ്കാരത്തിൽ അതുവരെക്കാണാത്ത നവീനതയുടെ കുലീനമുഖം കാട്ടി അനുവാചകരെ അമ്പരിപ്പിച്ചതും നാം കണ്ടു. കുടുംബപുരാണത്തിലൂടെ, ഗോത്രയാനത്തിലൂടെ പഴമയുടെ, പാരമ്പര്യത്തിന്റെ, പൈതൃകത്തിന്റെയൊക്കെ വേരുകൾ തേടി സഞ്ചരിച്ച കവി പക്ഷേ എന്നും, തന്റെ അവസാന കവിതയിൽ വരെ പുത്തൻ കവിയായി നിലകൊണ്ടു.

ഏകമായ ഒരു ഫ്രെയിമിനുള്ളിൽ ‘ടൈപ്പ്’ ചെയ്ത് നിർത്താൻ കഴിയാത്ത കവിയായി നിലനിൽക്കാൻ എക്കാലത്തും പണിക്കർക്കു കഴിഞ്ഞു എന്നിടത്താണ് ആ കാവ്യവ്യക്തിത്വം വേറിട്ടു നിൽക്കുന്നത്. അയ്യപ്പപണിക്കർ കവിതകളുടെ ഭാവവൈവിദ്ധ്യങ്ങളെ ഒരിക്കലും ഒരു കൂട്ടിലടയ്ക്കാൻ നിരൂപകർക്കു കഴിയാതെ പോയതും, അദ്ദേഹത്തിന്റെ ‘പിടി കൊടുക്കാതെയുള്ള’, വൈരുദ്ധ്യങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു.

നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ, ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ

എന്ന് വ്യവസ്ഥിതിയുടെ മൂഠത്വത്തെയും, ഉദാസീനതയെയും വെല്ലുവിളിക്കാനുള്ള ആർജ്ജവം കാട്ടിയ അതേ കവി തന്നെയാണ് ബോധിവൃക്ഷത്തണൽ പറ്റി നിൽക്കേണ്ട ബോധമുള്ളിലുദിച്ചീടുമെങ്കിൽ എന്ന വേദാന്തസത്യം നമ്മെ ഓർമ്മപ്പെടുത്തിയതും.

കവിത, നിരൂപണം, അദ്ധ്യാപനം ഇവകളിൽ വ്യാപരിച്ചിരുന്നപ്പൊഴും, സർഗ്ഗാത്മകതയുടെ സമസ്തമേഖലകളിലേയ്ക്കും അദ്ദേഹം സഞ്ചരിച്ചിരുന്നു. സി.എൻ.ശ്രീകണ്ഠൻ നായർ, കാവാലം നാരായണപ്പണിക്കർ മുതൽപ്പേർ ചേർന്ന് തനതുനാടകവേദി എന്ന പദ്ധതി ആവിഷ്കരിച്ചപ്പോൾ അതിനു പിന്നിലെ പ്രേരകശക്തിയായി വർത്തിച്ചതും അയ്യപ്പപണിക്കരാണ്.

പണിക്കർ കവിതകളിലെ, ഹാസ്യവും, പരിഹാസവും പലപ്പോഴും ഉള്ളിൽ ഉറവവറ്റാതെ കിനിഞ്ഞിറങ്ങിയ കണ്ണീരിന്റെ കാവ്യരൂപങ്ങളായിരുന്നു. അതേ… കയ്പ്പിനെ മധുവാക്കി മാറ്റാനുള്ള ഇന്ദ്രജാലം വശമുള്ള കവി കൂടിയായിരുന്നു അയ്യപ്പപണിക്കർ. ജീവിതത്തിലുടനീളം പിൻതുടർന്ന കദനങ്ങളെ ദൗർബല്യമാക്കാതെ, അതിനെ തീക്ഷ്ണവും, രൂക്ഷവും, മധുരവും, മൃദുലവും, മന്ദഹാസം വിടർത്തുന്നതുമായ കാവ്യശകലമാക്കി മാറ്റുവാനായിരുന്നു, ആ ഊർജ്ജത്തിൽ വേഗവേഗം കുതിക്കുവാനായിരുന്നു അദ്ദേഹത്തിനിഷ്ടം.

‘കവി കള്ളുകുടിയനാകണം’, ‘താന്തോന്നിയാകണം’ തുടങ്ങിയ ആധുനിക കവികൾക്കിടയിലെ ധാരണകൾക്കിടയിൽ സൽസ്വഭാവത്തിന്റെ മഹാമേരുവായി നിലകൊള്ളാനും അദ്ദേഹത്തിനായി എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ജീവിതാന്ത്യത്തോളം ലഹരിയുടെ പ്രലോഭനങ്ങൾക്കൊന്നും പിടി കൊടുക്കാതെ, ഒരു തികഞ്ഞ അദ്ധ്യാപകന്റെ ചിട്ടയും, വിശുദ്ധിയും കാത്തു സൂക്ഷിയ്ക്കാൻ അയ്യപ്പപണിക്കർക്കു കഴിഞ്ഞു.

ബഹുഭാഷാപാണ്ഡിത്യവും,, ബഹുകലാനൈപുണ്യവും തലയെടുത്തു നിന്ന ആ മഹാനുഭാവൻ പക്ഷേ സദാ നമ്രശിരസ്കനായിരുന്നു. വിനയം, മര്യാദ, ലാളിത്യം തുടങ്ങിയ പല സദ്ഗുണങ്ങളും അദ്ദേഹത്തിൽ നിന്നും പുതു തലമുറ പഠിക്കേണ്ടതുണ്ട്. ജീവിതത്തിലെ വിധി തീർത്ത വെല്ലുവിളികളെ സൗമ്യദീപ്തമായ ഒരു മന്ദസ്മിതം കൊണ്ടു പ്രതിരോധിച്ച, മരണത്തെപ്പോലും കവിതപാടി പ്രണയിച്ച പണിക്കരുടെ വിനയവും ലാളിത്യവും അദ്ദേഹത്തെ അടുത്തറിയുന്നവർക്കു ചിരപരിചിതമാണ്.

വയ്യായ്മയിൽ തളർന്നിരിക്കുമ്പൊഴും, അയ്യപ്പപ്പണിക്കരിപ്പോൾ വയ്യപ്പപ്പണിക്കരായെന്നു കളിപറഞ്ഞു ചിരിക്കുകയാണ് കറുത്ത ഹാസ്യത്തിന്റെ ഇതിഹാസകാരൻ ചെയ്തത്. അർത്ഥഗർഭമായ നർമ്മത്തിന്റെ ശരപാതമേറ്റുവാങ്ങാത്തവർ, വളരെപ്രാവശ്യം ആ നർമ്മസ്മൃതിയിൽ സ്വയമഭിരമിയ്ക്കാത്തവർ പണിക്കരുടെ ബന്ധുമിത്രാദികളിലോ, അദ്ദേഹത്തേ നേരിലറിയുന്നവർക്കോ ഇടയിൽ ഉണ്ടാവുകയില്ലെന്നു തീർത്തു പറയാം.

ഗുരു, ശിഷ്യർക്ക് പിതൃസ്ഥാനീയനാണെന്നിരിക്കേ, അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയുടെയും, അവരുടെ ശിഷ്യരുടെയും കണക്കെടുത്താൽ അദ്ധ്യാപനത്തിൽ പ്രജാപതിസ്ഥാനം സിദ്ധിക്കാൻ പോന്ന ശിഷ്യസമ്പത്തിനുടമയാണദ്ദേഹം. പ്രൊഫ. നരേന്ദ്രപ്രസാദിനെപ്പോലെയുള്ള പ്രഗത്ഭരും അക്കൂട്ടത്തിൽ പെടും. അവസാന കാലം വരെ വിദ്യ തേടി ആ മുഖത്തേയ്ക്കു നോക്കിയ ഒരു വിദ്യാർത്ഥിയ്ക്കും നിരാശരാവേണ്ടി വന്നിട്ടില്ല. പഠിക്കുന്ന കുട്ടികളെ, എഴുതുന്ന കുട്ടികളെ കണ്ടാൽ ആ മുഖത്തുണ്ടാകുന്ന വികാസവും, സന്തോഷവും… അനുഭൂതിദായകം തന്നെയായിരുന്നു.

വയലാർ അവാർഡുമായി സംഘാടകരെത്തിയപ്പോൾ, ‘മണ്ണെണ്ണ വാങ്ങാൻ റേഷൻകടയിൽ പോകണം, അവാർഡ് വാങ്ങാൻ സമയമില്ലെന്നു’ പറഞ്ഞ ആ തിടുക്കത്തിൽപ്പോലും വ്യവസ്ഥിതിയോടുള്ള കാവ്യാത്മകമായ കലഹമല്ലാതെ മറ്റെന്താണുണ്ടായിരുന്നത്? ശുപാർശയുടെയോ, രാഷ്ട്രീയ-പിന്നാമ്പുറക്കളികളുടെയോ ചതുരംഗക്കളങ്ങളിൽ ഒതുങ്ങി നിൽക്കാൻ ഇഷ്ടപ്പെടാത്തതു കൊണ്ടാവാം അദ്ദേഹം യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പദവി പോലും ’എന്നെ വെറുതേ വിടണമെന്നു പറഞ്ഞ്’ നിസ്സാരമായി വേണ്ടെന്നു വച്ചത്.

ആ നറുമന്ദഹാസം മണ്മറഞ്ഞിട്ട് ഇന്നേയ്ക്കു ഒരു ദശാബ്ദം തികയുകയാണ്. പക്ഷേ അയ്യപ്പപണിക്കർ രേഖപ്പെടുത്തിയ വാക്കും, ചോദ്യങ്ങളും പ്രസക്തി നഷ്ടപ്പെടാതെ ഇന്നും അവശേഷിപ്പിക്കുന്നു. ആ തൂലിക രേഖപ്പെടുത്തിയ കുടുംബത്തിന്റെയും, ഗോത്രത്തിന്റെയും, പ്രപഞ്ചവ്യവഹാരങ്ങളുടെയും ചരിത്രവും നേർക്കാഴ്ച്ചയും മലയാളമുള്ളിടത്തോളം അനുവാചകരെയും, പഠിതാക്കളേയും ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, അലട്ടിക്കൊണ്ടും, ആനന്ദിപ്പിച്ചു കൊണ്ടുമിരിക്കും. തീർച്ച…

മലയാളകവിതയെ രാജ്യാന്തരങ്ങളിലെത്തിച്ച മഹാനുഭാവന് ജനം ടി.വിയുടെ പ്രണാമങ്ങൾ…

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close