NewsSpecial

കരുണാ മുരളീധാരാ…

ദ്വാപരയുഗത്തില്‍ ജനിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ ഭാവനകള്‍ക്ക് അതീതനായ മഹാപുരുഷനാണ്. കാലത്തിനു തളച്ചിടാനാവാത്ത ആ കൃഷ്ണ ചൈതന്യത്തിന് എല്ലാ കാലത്തും പ്രസക്തിയും പ്രാധാന്യവുമുണ്ട്. ധര്‍മ്മ സംസ്ഥാപനത്തിന്റെ ശംഖധ്വനി മുഴക്കി ലോകത്തിനു മാതൃകയായ അതേ മായക്കണ്ണന്‍ തന്നെയാണ് ഗോപികമാരുടെ ഭക്ത്യോന്മത്തമായ പ്രണയഭാവങ്ങളില്‍ മയങ്ങിയത്. ദാര്‍ശനികതയുടെ മറുകര കണ്ടവനാണെങ്കിലും കൃഷ്ണന്‍ ഗൗരവഭാവത്തെ കൈക്കൊണ്ടില്ല. മറിച്ച് ജീവിതത്തെ ആഘോഷമാക്കി പുല്ലാങ്കുഴലിലൂടെ പ്രപഞ്ചത്തിന്റെ അനശ്വര സംഗീതം അദ്ദേഹം ലോകത്തിനു സമര്‍പ്പിച്ചു.

പ്രതിസന്ധികളിലകപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെ പ്രകാശമാണ് കൃഷ്ണന്‍. പ്രണയമാനസങ്ങള്‍ക്ക് പ്രേമോദാരനും ആദ്ധ്യാത്മിക ഭാവമുള്ളവര്‍ക്ക് യോഗീശ്വരനുമാണദ്ദേഹം. ഭാരതത്തിന്റെ അനശ്വരമായ ദാര്‍ശനിക പൈതൃകത്തില്‍ ഏറ്റവും പ്രശോഭിക്കുന്നത് കൃഷ്ണ ഭാവങ്ങളാണ്. എല്ലാ ദര്‍ശനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നു. അദൈ്വതിയായ ശങ്കരനും ദൈ്വതിയായ മാധ്വനും വിശിഷ്ടാദൈ്വതിയായ രാമാനുജനും ഭഗവദ് ഗീതയ്ക്ക് ഭാഷ്യം രച്ചിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് അഹിംസാഭാവം നല്‍കിയതും തിലകന് ആത്മാഭിമാനം നല്‍കിയതും ഒരേ ഭഗവദ്ഗീത തന്നെയാണ്.

ഭക്തമാനസങ്ങളില്‍ കൃഷ്ണഭക്തിക്ക് അതിരുകളും അവസാനവുമില്ല. ആലിലക്കണ്ണനായും ഉണ്ണിക്കണ്ണനായും ഗോപകുമാരനായും ഗോപികാരമണനായും ഗോവര്‍ദ്ധനോദ്ധാരകനായും വിളങ്ങിയ ശ്രീകൃഷ്ണ പരമാത്മാവ് സഹസ്രാബ്ദങ്ങളിലൂടെ ഒഴുകിവന്ന അമൃതധാരയാണ് . നിഷാദശരമേറ്റ് കാല്‍വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു വീണ ചോരത്തുള്ളികളാല്‍ നവയുഗത്തിന് നാന്ദി കുറിച്ച് കാലചക്രത്തില്‍ മറയുമ്പോള്‍ ഭാരതമെന്ന വിശ്വോത്തര ദേശം ആ വൈഭവ പൂര്‍ണമായ ജീവിത ദര്‍ശനത്തോട് കടപ്പെട്ടിരിക്കുന്നു.. ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും മാത്രം മതി ഈ രാഷ്ട്രത്തിലെ ഒരു ശിശുവിനു പോലും ആ വിരാട് രൂപത്തെ തിരിച്ചറിയാന്‍.

ദേശത്തിന്റെ തനിമയും മാനുഷിക മൂല്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന് പ്രതീക്ഷയേകുന്നത് ആ ശ്രീകൃഷ്ണഗാഥയുടെ മഹാപ്രവാഹമാണ്. വ്യഥിതരുടേയും ദുഖിതരുടേയും വിഷാദമഗ്‌നമായ പരിഭവങ്ങളെ സഹജമായ മന്ദസ്മിതം കൊണ്ട് നിവര്‍ത്തിക്കുന്ന ചാരുകിശോരനായ ആ കാര്‍മുകില്‍ വര്‍ണനെ ആര്‍ക്കാണ് വിസ്മരിക്കാനാകുക? നൂറുകോടിയില്‍പ്പരം മനുഷ്യമനസ്സുകളുടെ അഗാധബോധ മണ്ഡലത്തില്‍ പോലും കാണാം ആ മയില്‍പ്പീലിയുടെ തിളക്കം .

അതെ. ശ്രീകൃഷ്ണയുഗം ഒരിക്കലും അവസാനിക്കുന്നില്ല!

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close