പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒപ്പം എന്ന ചിത്രത്തിലെ ഗാനരംഗം പുറത്തുവന്നു. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻതരംഗമായി മാറിയിരിക്കുകയാണ്. എംജി ശ്രീകുമാറും ശ്രേയ ജയദീപുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് അണിയറ പ്രവർത്തകർ ഗാനരംഗങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും ബേബി മീനാക്ഷിയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മധു വാസുദേവനും ബികെ ഹരിനാരായണനും ചേർന്നാണ് ഗാനരചന. സംഗീതം നൽകിയത് ജിം, ബിബി, എൽദോസ്, ജസ്റ്റിൻ എന്നിവരടങ്ങിയ നാലംഗ സംഘം.
എംജി ശ്രീകുമാറും ശ്രേയ ജയദീപും ചേർന്ന് വരികൾക്ക് ജീവൻ പകർന്നപ്പോൾ മലയാള ചലച്ചിത്ര ശാഖയ്ക്ക് സമ്മാനിച്ചത് മറ്റൊരു മനോഹര ഗാനം.
എം കെ ഏകാംബരത്തിന്റെ ക്യാമറയിൽ പതിഞ്ഞ ഊട്ടിയിലെ മനോഹര ദൃശ്യങ്ങൾ ഗാനത്തിന് കൂടുതൽ മിഴിവേകുന്നു.
പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ നായികമാർ വിമലാ രാമനും അനുശ്രീയുമാണ്. രഞ്ജി പണിക്കർ, മാമുക്കോയ, നെടുമുടി വേണു എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും.