തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തി പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവാണ് വിവാദങ്ങളെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചത്.
സ്കൂളുകളിലെ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനെന്ന പേരില്‍ ആറ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആയിരുന്നു പുറത്തിറക്കിയത്. എന്നാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ യൂണിഫോം ധരിക്കണമെന്നും മഹാബലി ഉള്‍പ്പെടെയുളള വേഷങ്ങള്‍ കെട്ടുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നു.
ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സ്കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന സംഭവങ്ങള്‍ ഇത്തരം പരിപാടികള്‍ക്കിടെ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ എന്നുമായിരുന്നു ആദ്യ സര്‍ക്കുലറിലെ വിശദീകരണം.
നേരത്തെ ജോലി സമയത്ത് പൂക്കളമിടുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയത്.