ന്യൂഡല്‍ഹി: സംവിധായകന് ജയരാജിന്റെ പുതിയ ചിത്രമായ വീരം ഡല്‍ഹിയില്‍ ആരംഭിച്ച ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ വടക്കന്‍പാട്ടിലെ വീരപുരുഷനായ ചന്തുവിന്റെ ജീവിതവുമായി ചേര്‍ത്ത് വെച്ചു പറയുന്ന കഥയാണ് ചിത്രം.
ഒക്ടോബറില്‍ തീയറ്ററിലെത്താനിരിക്കെയാണ് പ്രഥമ ബ്രിക്സ് ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ലോകത്തിന് അത്ഭുതമുളവാക്കുന്ന ആയോധന കലയാണ് കളരിപ്പയറ്റെന്നും അതിന്റെ മഹത്വം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സംവിധായകന് ജയരാജ് പറഞ്ഞു.
വടക്കന്‍പാട്ടുകളിലെ നായകകഥാപാത്രമായ ചന്തുവിന്റെ ജീവിതം മാക്ബത്തിനോട് കൂട്ടിക്കലര്‍ത്തിയാണ് ചിത്രം കഥ പറയുന്നത്. ബോളിവുഡ് താരം കുനാല്‍ കപൂര്‍ ആണ് ചന്തുവിന്റെ കഥാപാത്രത്തിന് ജീവന് പകര്‍ന്നത്. കുനാലിന്റെ വേഷം ചിത്രത്തിന്റെ പോസ്റ്ററുകളിലൂടെ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
വളരെ രസകരമായ കഥാപാത്രമാണ് തന്റെതെന്നും ജയരാജ് വളരെ അനായാസം ആകര്‍ഷകമായി ആ കഥാപാത്രത്തെ ഒരുക്കിയിട്ടുണ്ടെന്നും കുനാല്‍ കപൂര്‍ പറഞ്ഞു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കുനാലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും കളരിപ്പയറ്റ് അഭ്യസിക്കുകയും ചെയ്തിരുന്നു.
മലയാളത്തിന് പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലും വീരം ചിത്രീകരിച്ചിട്ടുണ്ട്. കേരളം, ആഗ്ര, ഔറംഗബാദിലെ എല്ലോറ ഗുഹകള്‍ എന്നിവിടങ്ങളിലായിരുന്നു വീരത്തിന്റെ ചിത്രീകരണം.















