പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് കമ്പനി എംഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനായി പാലക്കാട് വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് ഡിവൈഎസ്പി എം. സുകുമാരന്റെ നേതൃത്വത്തിലുളള വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിന് ശേഷം അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. അറസ്റ്റ് ഏതൊക്കെ കേസുകളിലാണെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പത്മകുമാര്‍ അടക്കം കമ്പനിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
പത്മകുമാറിനെ കൂടാതെ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ജി. വേണുഗോപാല്‍, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ് എന്നിവരുടെ വീടുകളിലും ഓഫീസിലുമായിരുന്നു റെയ്ഡ് നടത്തിയത്. ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈയില്‍ വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കമ്പനിയിലേക്ക് ഫ്ളൈ ആഷ് ഇറക്കുമതി ചെയ്തതില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നല്കിയ ബാങ്ക് ഗ്യാരണ്ടി കൃത്യസമയത്ത് പുതുക്കാത്തതിലൂടെ 50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നുമാണ് ഒരു കേസ്. കോഴിക്കോട്ടെയും മലപ്പുറത്തെയും സിമന്റ് ഡീലര്‍മാര്‍ക്ക് കമ്മീഷന് നല്‍കിയതിലൂടെ 2.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മറ്റൊരു കേസ്. പത്മകുമാര്‍ അടക്കം 11 പേരാണ് കേസുകളില്‍ പ്രതികള്‍.