ദുബായ്: യുഎഇ വിഷന്‍ 2021 ന്റെ ഭാഗമായി ബഹിരാകാശ മേഖലയുടെ സമഗ്രവികസനത്തിനായി രൂപീകരിച്ച ബഹിരാകാശ നയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. അബുദബിയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗമാണ് ബഹിരാകാശ നയത്തിന് അംഗീകാരം നല്‍കിയത്.
എല്ലാ മേഖലകളിലും വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി ആവിഷ്കരിച്ച യുഎഇ വിഷന്‍ 2021 ന്റെ ഭാഗമായാണ് ബഹിരാകാശ നയത്തിന് രൂപം നല്‍കിയത്. അന്താരാഷ്ട്ര ബഹിരാകാശ പര്യവേക്ഷണ സമൂഹത്തോടൊപ്പം നില്‍ക്കാനും, രാജ്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായ 2021 ഓടെ ഈ രംഗത്ത് മറ്റ് രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയരാനും ലക്ഷ്യമിട്ടാണ് യുഎഇയുടെ കുതിപ്പെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
നിലവില്‍ യുഎഇ ആറിലധികം കൃത്രിമോപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും 2000 കോടി ദിര്‍ഹത്തിലധികം ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ ബഹിരാകാശയാത്രാ ഉദ്യമങ്ങള്‍ക്കും യുഎഇ വേദിയാവുന്നുണ്ട് .
പരിസ്ഥിതിക്കും ഏറെ ഗുണം ലഭിക്കുന്നതാണ് ദേശീയ ബഹിരാകാശ നയം. ജനങ്ങളുടെയും ലോകത്തിന്റെയും ക്ഷേമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബഹിരാകാശ മേഖലയില്‍ യുഎഇയുടെ താല്പര്യങ്ങള് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സര്‍ക്കാറിന്റെ സമീപനം, മുന്‍ഗണനകള്‍ എന്നിവയെല്ലാം നയം പ്രതിപാദിക്കുന്നുണ്ട്. സാമൂഹിക, സാങ്കേതിക മേഖലകളിലും നയം ഉപകാരപ്രദമാകുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പറഞ്ഞു.