NewsKeralaMovieEntertainment

ഇന്ത്യ ഉറങ്ങുമ്പോള്‍ മാത്രമേ ഭീകരര്‍ക്ക് ആക്രമിക്കാന്‍ കഴിയൂവെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ഉറങ്ങുമ്പോള്‍ മാത്രമേ ഇന്ത്യയെ ആക്രമിക്കാന്‍ കഴിയൂവെന്നും അതുകൊണ്ടാണ്  ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന തീവ്രവാദികള്‍ ഇരുട്ടിന്റെ മറവ് തെരഞ്ഞെടുക്കുന്നതെന്നും മോഹന്‍ലാല്‍. ഉറിയിലെ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സ്വന്തം ബ്ലോഗിലൂടെ പ്രതികരിക്കുകയായിരുന്നു ലഫ്. കേണല്‍ കൂടിയായ മോഹന്‍ലാല്‍.

പാകിസ്ഥാന്‍ നടത്തുന്നത് ലജ്ജയില്ലാത്ത പ്രവര്‍ത്തനമാണെന്ന് ബ്ലോഗില്‍ മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ഏത് ഭീകരപ്രവര്‍ത്തനവും ലജ്ജാകരവും നാണംകെട്ടതുമാണ്. ഉറിയിലെ ക്യാമ്പില്‍ സൈനികര്‍ ഉറങ്ങിക്കിടന്നപ്പോഴാണ് തീവ്രവാദികള്‍ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണെന്ന് വ്യാസമഹാഭാരതം തെളിയിച്ചിട്ടുണ്ട്. ആത്മീയമായിട്ടാണെങ്കിലും ഭൗതികമായിട്ടാണെങ്കിലും ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കുമെന്നത് ഒരു ചരിത്രസത്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

ഉറി ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ഇന്ത്യയുടെ വീരപുത്രന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കണ്ണീര്‍പ്രണാമം അര്‍പ്പിക്കുന്ന മോഹന്‍ലാല്‍ തന്റെ ഉളളില്‍ വേദനയായി ഇന്ത്യ എന്ന വികാരമായി ഇവരുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ സൈനികരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. അത് അവരുടെ ജോലിയല്ലേ, അതിന് അവര്‍ക്ക് ശമ്പളം കൊടുക്കുന്നില്ലേ എന്ന് ചോദിക്കുന്നവര്‍ ചാരുകസേര ബുദ്ധിജീവികളാണെന്നും മോഹന്‍ലാല്‍ പരിഹസിക്കുന്നു.

പാടില്ലാത്ത തരത്തിലുളള അപസ്വരങ്ങളാണ് നമ്മുടെ പൊതുമേഖലയില്‍ ഉണ്ടാകുന്നത്. എല്ലാ വ്യത്യാസങ്ങള്‍ക്കും ഉപരി ഇന്ത്യ എന്ന വലിയ വികാരത്തിന് പിന്നില്‍ ഒന്നായി അണിനിരക്കാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. വ്യക്തികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിഘടനവാദികളുടെയും സ്വകാര്യ സിദ്ധാന്തങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ചിത്രീകരിക്കപ്പെടമ്പോള്‍ അപമാനിക്കപ്പെടുന്നത് മരണത്തിന് മുന്നില്‍ മാറ് വിരിച്ചുനില്‍ക്കുന്ന പട്ടാളക്കാരനാണ്. വീരമൃത്യു വരിച്ച ജവാന്‍മാരുടെ ചിതാഗ്നിയില്‍ നിന്ന് ഇന്ത്യ ഒറ്റക്കെട്ടായി ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

മതവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളുമെല്ലാം പോര്‍മുഖങ്ങളില്‍ ഉപയോഗശൂന്യമാണ്. സ്വന്തം പാളയത്തില്‍ അഭിപ്രായവ്യത്യാസവുമായി ഒരു രാജ്യത്തിന് പോര്‍മുഖത്ത് നില്‍ക്കാനാകില്ല. ശത്രു ശത്രു തന്നെയാണെന്ന് ആദ്യം തിരിച്ചറിയണം. അമര്‍ ജവാന്‍, അമര്‍ ഭാരത് ജയ് ഹിന്ദ് എന്ന വാക്കുകളോടെയാണ് അദ്ദേഹം ബ്ലോഗ് അവസാനിപ്പിക്കുന്നത്.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close