ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്കി. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ഡിവിഷന് ബെഞ്ചിന് മുന്‍പാകെയാണ് ഹര്‍ജി നല്‍കിയത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി ശരിവെയ്ക്കണമെന്ന് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ജഡ്ജിമാരുടെ ചേമ്പറിലായിരിക്കും ഹര്‍ജി പരിഗണിക്കുക. ഇന്നലെ സൗമ്യയുടെ അമ്മയും കോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരും ഹര്‍ജി നല്‍കിയത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കിയത്. കീഴ്ക്കോടതി വിധിച്ച വധശിക്ഷ പിന്നീട് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരേ ഗോവിന്ദച്ചാമി നല്കിയ അപ്പീലിലായിരുന്നു സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കിയത്.
കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ശിക്ഷ ഇളവ് ചെയ്യാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വധശിക്ഷ വേണ്ടെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയവും സര്‍്ക്കാരിനെ പിന്നോട്ടുവലിച്ചതായി പലകോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പുനപ്പരിശോധനാ ഹര്‍ജിയില്‍ കീഴ്ക്കോടതി വിധി ശരിവെയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗോവിന്ദച്ചാമിക്കെതിരേ സൗമ്യയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന കുറ്റം നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചാല്‍ സ്വാഭാവികമായി പരിക്കേല്പിച്ചയാള്ക്കെതിരേ കൊലക്കുറ്റം നിലവില്‍ വരുമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.