ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായക വേഷത്തിലെത്തുന്നത്. പ്രണവിന്റെ സിനിമാ പ്രവേശം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.
ഊഴത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരിക്കും നിര്‍മ്മിക്കുക.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജിത്തു ജോസഫിന്റെ സഹസംവിധായകനായി പ്രണവ് സിനിമാ രംഗത്തേക്ക് വന്നെങ്കിലും നായകവേഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാലോകം.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലമവതരിപ്പിച്ചത് പ്രണവായിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പതിപ്പായ സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് മുഖം കാണിച്ചു.