മുംബൈ: പാക് കലാകാരന്മാരുടെ അപ്രഖ്യാപിത വിലക്കിനെക്കുറിച്ച് ബോളിവുഡ് താരം നാന പടേക്കര്‍ നടത്തിയ പ്രതികരണം ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ്. രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ അതിനായിരിക്കണം ആദ്യ പരിഗണനയെന്നും കലയും അതിര്‍ത്തിയുമൊക്കെ പിന്നീട് വരുന്ന വിഷയങ്ങളാണെന്നും നാന പടേക്കര്‍ പറഞ്ഞു.
സൈനികരാണ് യഥാര്‍ഥ ഹീറോ. നമ്മളെപ്പോലുളള ആളുകള്‍ അവര്‍ക്ക് മുന്പില് ഒന്നുമല്ല. രാജ്യത്തിന് മുന്പില് കലാകാരന്മാര് തീരെ ചെറുതാണ്. രണ്ടര വര്‍ഷം താന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടു തന്നെ സൈനികരാണ് യഥാര്‍ഥ ഹീറോകളെന്ന് തനിക്ക് വ്യക്തമായി അറിയാം. ആരും നമ്മുടെ സൈനികരെക്കാള്‍ വലിയ സാഹസീകരല്ല അദ്ദേഹം പറഞ്ഞു.
കലാകാരന്മാര്ക്കെതിരേ വിവേചനം പാടില്ലെന്നും അവര്‍ തീവ്രവാദികള്‍ അല്ലെന്നുമുളള പ്രസ്താവനയുമായി ബോളിവുഡ് താരം സല്മാന് ഖാന് രംഗത്തെത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് പലരും നടത്തിയ അഭിപ്രായങ്ങള്‍ വിവാദമായ സാഹചര്യത്തിലായിരുന്നു നാനാ പടേക്കറുടെ വാക്കുകള്‍.
സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുമ്പോള്‍ എങ്ങനെയാണ് പാകിസ്ഥാന് കലാകാരന്മാരെ നമ്മുടെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിയുകയെന്നാണ് ശിവസേന ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ചോദ്യം. പാക് കലാകാരന്മാര്ക്കെതിരേ ശിവസേന ഉറി ആക്രമണത്തിന് ശേഷം തന്നെ രംഗത്തെത്തിയിരുന്നു.