കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം പുലി മുരുകനിലെ പാട്ടുകള്‍ റിലീസ് ചെയ്തു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് നിര്‍വഹിച്ചു.
അഭിനയിക്കുന്ന എല്ലാ സിനിമകളും വിജയമാകണമെന്നാണ് ആഗ്രഹമെന്നും പക്ഷേ ‘പുലിമുരുകന്റെ’ കാര്യത്തില്‍ ആ ആഗ്രഹം അല്പം കൂടുതലാണെന്നും ഓഡിയോ റിലീസിംഗിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. സ്ക്രീനില്‍ നിങ്ങള്‍ കാണാന്‍ പോകുന്ന മനോഹരമായ ലൊക്കേഷനുകളിലൊക്കെ എത്തിപ്പെടുക പ്രയാസമായിരുന്നു. അത്തരം കഷ്ടപ്പാടുകളിലൊക്കെ പരിഭവമില്ലാതെ ഒപ്പം പ്രവര്‍ത്തിച്ചവരെ ഓര്‍ക്കുന്നു.
ചില സിനിമകളിലൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ ഇതെന്നാണ് ഒന്ന് കാണാനാവുക എന്ന് തോന്നും. അത്തരത്തില്‍ തോന്നിയ സിനിമയാണ് ‘പുലിമുരുകന്’. മനുഷ്യനും മൃഗവും തമ്മിലുള്ള പകയാണ് ഇതിന്റെ വിഷയം. പറയും പോലെ എളുപ്പമായിരുന്നില്ല അതിന്റെ ചിത്രീകരണം. ഒന്നല്ല, കടുവയുമായുള്ള ഒരുപാട് സംഘട്ടനരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രം 25 കോടി മുതല്‍മുടക്കില്‍ ടോമിച്ചന് മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. വൈശാഖ് ആണ് സംവിധാനം നിര്‍വഹിക്കുന്നത്. 180 ദിവസമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനായി മാറ്റിവച്ചത്. ഉദയകൃഷ്ണ തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്വതന്ത്രനാകുന്ന ആദ്യ ചിത്രമാണ് പുലിമുരുകന്. കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. സെന്‍സറിങ് പൂര്‍ത്തിയായ പുലിമുരുകന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഏറ്റവും മുതല്‍ മുടക്കുള്ള മലയാള ചിത്രമെന്ന പ്രത്യേകതയോടെയെത്തുന്ന പുലിമുരുകന്റെ ഹൈലൈറ്റ് മോഹന്‍ലാലും കടുവയുമായുള്ള പോരാട്ട രംഗങ്ങള്‍ തന്നെയാണ്.