ന്യൂഡല്‍ഹി: വ്യോമസേനാ ദിനത്തില്‍ ഭാരതീയ വായുസേനയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ദിനത്തില്‍ അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരന്മാര്ക്ക് കൂടുതല്‍ അഭിമാനം നല്‍കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വായുസേന രൂപം കൊണ്ടിട്ട് എണ്പത്തിനാലാം വാര്‍ഷികദിനമാണ് ഇന്ന്. സര്വ്വസൈന്യാധിപന് കൂടിയായ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും വായുസേനയ്ക്ക് ആശംസകള്‍ അറിയിച്ചു. എട്ട് ദശാബ്ദങ്ങളായി വായുസേന കൈവരിച്ച സാമര്‍ഥ്യവും കാര്യക്ഷമതയും രാജ്യത്തെ കൂടുതല്‍ അഭിമാനിതമാക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ഏറ്റവും പ്രൊഫഷണലും യുദ്ധസജ്ജവുമായ സേനാവിഭാഗമായി ഭാരതീയ വായുസേന ഇതിനോടകം മാറിക്കഴിഞ്ഞതായും പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. ദുരന്തമുഖങ്ങളില്‍ മാനുഷീക സഹായങ്ങള്‍ എത്തിക്കുന്നതിലും ഭാരതീയ വായുസേന പുലര്‍ത്തുന്ന സേവനമനോഭാവത്തെയും രാഷ്ട്രപതി പ്രകീര്‍ത്തിച്ചു.
വായുസേന നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആധുനീകവല്ക്കരണങ്ങളും മാറ്റങ്ങളും ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ശേഷിയുളള സേനാ വിഭാഗമായി സേനയെ മാറ്റുമെന്നും രാഷ്ട്രപതി പ്രതീക്ഷ പ്രകടിപ്പിച്ചു. വിപുലമായ പരിപാടികളാണ് വിവിധ കേന്ദ്രങ്ങളില്‍ വായുസേന സംഘടിപ്പിച്ചിട്ടുളളത്. 1932 ഒക്ടോബര്‍ എട്ടിനാണ് വ്യോമസേന നിലവില്‍ വന്നത്.