ശ്രീനഗർ : ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് കശ്മീരിൽ ഡിവൈ എസ് പിയെ സസ്പെൻഡ് ചെയ്തു.ഡി വൈ എസ് പി തൻവീർ അഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്. പോലീസിന്റെയും അർദ്ധ സൈനിക വിഭാഗങ്ങളുടെയും വിന്യാസം ആവശ്യപ്പെട്ടു കൊണ്ട് പാകിസ്ഥാനിൽ നിന്ന് വന്ന ഫോൺ കാളിന് മറുപടി കൊടുത്തതിനാണ് സസ്പെൻഷൻ.
പാക് സൈനിക ഓഫീസറാണെന്ന വ്യാജേന വന്ന ഫോൺകാളിനാണ് ഡി വൈ എസ് പി മറുപടി കൊടുത്തത് . വിവരങ്ങൾ വാട്ട്സാപ്പ് മുഖേനെ കൈമാറി . സംഭവം ശ്രദ്ധയിൽ പെട്ട ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചതിനെത്തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയാണ് ഡി വൈ എസ് പിയെ സസ്പെൻഡ് ചെയ്തത്. കൂടുതൽ വിശദമായ അന്വേഷണത്തിന് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട് .
വിവരം കൈമാറിയതിനു പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന അന്വേഷണം നടക്കുകയാണ് . ഡി വൈ എസ് പി ചാരവൃത്തി നടത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട് . കശ്മീരിലെ ഭീകരവിരുദ്ധ സ്ക്വാഡുകളിലെ ഓഫീസർമാർക്ക് ഇത്തരം കോളുകൾ വരുന്നത് പതിവാണ് . എന്നാൽ സൈനിക രഹസ്യങ്ങൾ ആരും പങ്കുവയ്ക്കാറില്ല .