പുലിയ്ക്ക് പിന്നാലെ കടുവ വരുന്നു. വെറും കടുവയല്ല ‘സ്വർണ്ണ കടുവ’. മായാമോഹിനിയും ശൃഗാരവേലനുമൊരുക്കിയ ജോസ് തോമസ് ബിജു മേനോനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് സ്വർണ്ണ കടുവ. ഒരു ഇടവേളയ്ക്ക് ശേഷം ബാബു ജനാര്ദ്ദനന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഇനിയയാണ് നായിക.
വെള്ളിമൂങ്ങ, മരുഭൂമിയിലെ ആന എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ ഒരിക്കൽ കൂടി നായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കോമഡിയും സസ്പെൻസും നിറച്ച ട്രെയിലറാണ് ആരാധകർക്കായി സമ്മാനിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ക്കാരനായ കുരുട്ടുബുദ്ധിയും കൗശലവുമായി ജീവിക്കുന്ന ‘റിനി ഐപ്പ് മാട്ടുമ്മേല്‍’ എന്ന കഥാപാത്രമായാണ് ബിജു മേനോന് ചിത്രത്തിൽ എത്തുക. ഇന്നസെന്റ്, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, ബൈജു, സുധീർ കരമന, നസീർ സംക്രാന്തി, അഞ്ചു അരവിന്ദ്, കോട്ടയം നസീർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ജോബ് വി. ഉമ്മൻ നിർമിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് രതീഷ് വേഗയാണ്. ഗോപീ സുന്ദർ പശ്ചാത്തല സംഗീതവും മനോജ് പിള്ള ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.