മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് അണിയിച്ചൊരുക്കുന്ന മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി. സോളമന്റെ ഉത്തമഗീതങ്ങളിലെ വചനങ്ങള്‍ മോഹന്‍ലാലിന്റെ ഡയലോഗായി ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-മീന ജോഡികള്‍ ഒന്നിക്കുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോളാണ് നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
സാധാരണക്കാരനും പഞ്ചായത്ത് സെക്രട്ടറിയുമായ ഉലഹന്നാന് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുടുംബജീവിതമാണ് ഏറെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഉലഹന്നാനായി എത്തുന്നത് മോഹന്‍ലാലാണ്.
അനൂപ് മേനോന് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ്കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ലിഷോയ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഷറഫുദ്ദീന്, സുശീല്‍കുമാര്‍, ഐവ റോസ്, വി. സെബാസ്റ്റ്യന്‍, ബിന്ദു പണിക്കര്‍, വീണാനായര്‍, ഉഷ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.