നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ അഭിപ്രായം അറിയിച്ചിരിക്കുന്നത്. സത്യത്തിന്റെ ഇന്ത്യക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് എന്ന പേരിലാണ് മോഹന്‍ലാല്‍ ലേഖനം എഴുതിയിരിക്കുന്നത്.
ഗ്രാമങ്ങളില്‍ ജീവിക്കുമ്പോഴാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സ്പന്ദനം മനസ്സിലാവുന്നത് എന്ന് പറഞ്ഞാണ് ബ്ലോഗ് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രസംഗം താന്‍ കേട്ടുവെന്നും ആത്മാര്‍ത്ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണതെന്നും ബ്ലോഗില്‍ പറയുന്നു.
പലതരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് ഈ തീരുമാനം എന്നാണ് പലഭാഗങ്ങളില്‍ നിന്നുമുള്ള വിമര്‍ശനം. എടിഎമ്മുകളിലും ബാങ്കുകളുടെ മുന്നിലും വലിയ വരികള്‍ രൂപപ്പെടുന്നു. വരി നില്‍ക്കുന്നതിന്റെ വിഷമം എനിക്കും മനസിലാകുന്നു. എന്നാല്‍ മദ്യഷോപ്പിന് മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പ്പം ബുദ്ധിമുട്ടുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം.
ജീവിതം എന്നത് എല്ലായ്‌പ്പോഴും ഒരേ വേഗത്തിലും താളത്തിലും വര്‍ണത്തിലും കടന്ന് പോവുന്ന ഒന്നല്ല. അതിന് ചിലപ്പോള്‍ വേഗം കുറയും വര്‍ണ്ണപ്പകിട്ടുകള്‍ മായും, അത്തരം അവസ്ഥകളെ നേരിടുക ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ അത് നാം സ്‌നേഹിക്കുന്ന എന്തിനെങ്കിലും വേണ്ടിയാണെങ്കില്‍ ബുദ്ധിമുട്ടുകള്‍ ബുദ്ധിമുട്ടുകളായി തോന്നില്ല.
ഈ നോട്ട് നിരോധനം ഒരു നല്ല, സത്യസന്ധമായ ഇന്ത്യക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ട് ഞാന്‍ അതിനെ ഈ രാജ്യാതിര്‍ത്തിയിലെ മരുഭൂമിയിലിരുന്നുകൊണ്ട് സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത്.