ബാലമുരളീകൃഷ്ണ ആരെന്ന് ചോദിച്ചാൽ അസാധ്യമാണ് എളുപ്പത്തിൽ ഉത്തരം. ജനനം ആന്ധ്രയിൽ, ത്യാഗരാജഗുരുവിന്‍റെ പിന്മുറക്കാരൻ എന്നൊക്കെ വേണമെങ്കിൽ ക്ലേശമില്ലാതെ പറഞ്ഞു തുടങ്ങാം. എങ്കിലും പിന്നങ്ങോട്ട് വിസ്മയങ്ങളുടെ രാഗ വിസ്താരമാണ്.
എട്ടാം വയസ്സിൽ ആദ്യ സംഗീത കച്ചേരി. അമ്മ വീണാവാദനത്തിൽ വിദുഷി, അച്ഛൻ സംഗീത വിദ്വാൻ. ഇടയിൽ കർണാടക സംഗീതത്തിൽ കടലിരമ്പമായി ബാലമുരളീകൃഷ്ണ. പതിനഞ്ചാം വയസ്സിൽ 72 മേളകർത്താ രാഗങ്ങൾ സ്വായത്തമാക്കിയ മഹാ പ്രതിഭ.
ആലാപനം, അഭിനയം, സംഗീത സംവിധാനം. അറിഞ്ഞതിൽ എല്ലാം അത്ഭുതങ്ങൾ വിളയിച്ച രാഗ ലാവണ്യം.
സിനിമാസംഗീതത്തിൽ തുറന്നിട്ട തനത് വഴിയിൽ ബാലമുരളീകൃഷ്ണക്ക് സമകാലികർ ഇല്ല. മികച്ച പിന്നണി ഗായകൻ, സംഗീത സംവിധായകൻ, പിന്നണി സംഗീതം എന്നിവയിൽ ദേശീയ പുരസ്ക്കാരം നേടിയ ഏക കർണാടക സംഗീതജ്ഞൻ കൂടിയായ ബാലമുരളീകൃഷ്ണയെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു.
86-ാം വയസ്സിൽ തിരിച്ചുവരവില്ലാത്ത മരണത്തിന്‍റെ മറ്റൊരു രാഗമായി പരിണമിക്കുകയാണ് ബാലമുരളീകൃഷ്ണ. ഇല്ല, രാഗങ്ങളുടെ ചക്രവർത്തിക്ക് മരണമില്ല.















