ശബരിമല: ശബരിമലയില്‍ ശബരീപീഠത്തിന് സപീപം വനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 360 കിലോ വെടിമരുന്ന് പിടികൂടി. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വനത്തില്‍ കുഴിച്ചിട്ട നിലയില്‍ വെടിമരുന്ന് കണ്ടെത്തിയത്.
ശബരിപീഠത്തിന് സമീപമുണ്ടായിരുന്ന വെടിക്കെട്ട് പുരയിലേക്ക് കൊണ്ടുവന്ന വെടിമരുന്നാണ് അനധികൃതമായി സൂക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചെടുത്തത്. സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പൊലീസും വനപാലകരും ബോംബ് സ്ക്വാഡും അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ശബരീപീഠത്തിന് സമീപം നടത്തിയ പരിശോധനയില്‍ വെടിമരുന്ന് കണ്ടെത്തിയത്.
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന സ്ഥലത്ത് ഇത്രയധികം സ്ഫോടക വസ്തുശേഖരം മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെ സൂക്ഷിക്കപ്പെട്ടത് പൊലീസിനെയും കുഴയ്ക്കുന്നുണ്ട്. കണ്ടെടുത്ത വെടിമരുന്ന് ട്രാക്ടറില്‍ ദേവസ്വം ബോര്‍ഡ് വെടിമരുന്ന് സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി.
ശബരീപീഠത്തില്‍ വിഷു ഉത്സവം വരെ വെടിവഴിപാട് നടത്തിയിരുന്നു. പിന്നീട് ഇത് വനംവകുപ്പ് തടയുകയായിരുന്നു. അന്ന് സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്ന നിലപാടിലാണ് പൊലീസ്.