തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് സുവര്‍ണ ചകോരം നേടി. പതിനഞ്ച് ലക്ഷം രൂപയാണ് പുരസ്കാരത്തുക. പ്രേക്ഷക പ്രീതിനേടിയ ചിത്രത്തിനുളള പുരസ്കാരവും ക്ലാഷിനാണ്. വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരവും മലയാള സിനിമയ്ക്കുളള ഫിപ്രസി പുരസ്കാരവും നേടി.
രജതചകോരം യസീം ഉസ്ത്യോഗോവിന്റെ തുര്‍ക്കി ചിത്രം ക്ളെയര്‍ ഒബ്സ്കുറ നേടി. ഫിപ്രസി പുരസ്കാരം മെക്സിക്കന്‍ ചിത്രം വെയര്‍ ഹൗസ്ഡ് സ്വന്തമാക്കി. അന്താരാഷ്ട്ര സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം തുര്‍ക്കി ചിത്രം കോള്‍ഡ് ഓഫ് കലന്ദറും മലയാള സിനിമയ്ക്കുള്ള പുരസ്കാരം കമ്മട്ടിപ്പാടവും കരസ്ഥമാക്കി. നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
സാംസ്കാരിക മന്ത്രി എ.കെ.ബാലന്, ഫെസ്റ്റിവല്‍ ജൂറി ചെയര്മാന് മിഷേല്‍ ഖിലാഫി, നെറ്റ് പാക് ജൂറി അധ്യക്ഷ റാഡ സെസാക്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.