മുംബൈ: അയ്യായിരം രൂപയിലധികം പഴയ 500, 1000 കറൻസികൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം റിസർവ്വ് ബാങ്ക് പിൻവലിച്ചു. കെ.വൈ.സി ഉളള അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനുളള നിയന്ത്രണമാണ് പിൻവലിച്ചത്. അതേസമയം കെ.വൈ.സി ഇല്ലാത്ത അക്കൗണ്ടുകളിൽ 5000ത്തിലധികം നിക്ഷേപിക്കുന്നവർ വിശദീകരണം നൽകേണ്ടി വരും.
നവംബർ 19ന് റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് റിസർവ്വ് ബാങ്ക് സർക്കുലർ പുറത്തിറക്കി.
5000 രൂപയ്ക്കു മുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കുമ്പോൾ വിശദീകരണം നൽകണമെന്ന് റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. രണ്ടു ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാവണം വിശദീകരണം നൽകേണ്ടതെന്നും, ബാങ്ക് ഇത് രേഖപ്പെടുത്തണമെന്നുമായിരുന്നു റിസർവ്വ് ബാങ്ക് നിഷ്കർഷിച്ചിരുന്നത്. ഈ നിർദ്ദേശമാണ് ഇപ്പോൾ പിൻവലിച്ചു കൊണ്ട് സർക്കുലർ ഇറക്കിയിട്ടുളളത്.