NewsHealth

കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ഗ്ലോക്കോമയെ കരുതിയിരിക്കുക

നേത്രരോഗങ്ങളിൽ ഏറ്റവും അപകടകരമായതാണ് ഗ്ലോക്കോമ. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗമായതിനാൽ തന്നെ ഈ രോഗത്തെ വളരെയധികം കരുതിയിരിക്കേണ്ടതുണ്ടെന്ന് നേത്രരോഗവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്കു കാരണം.

സമ്മർദ്ദത്തേത്തുടർന്ന് കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു തന്നെ രോഗത്തിന്റെ അപകടാവസ്ഥ വർദ്ധിപ്പിക്കുന്നു. കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും ഗ്ലോക്കോമ പ്രകടിപ്പിക്കില്ല.

ഏതു പ്രായത്തിലുളളവർക്കും ബാധിക്കാവുന്ന ഒന്നാണ് ഗ്ലോക്കോമ. പാരമ്പര്യം, സ്റ്റിറോയിഡുകളുടെ സ്ഥിരമായ ഉപയോഗം, അക്വസ് ഹ്യൂമർ എന്ന സ്രവം ഒഴുകിപ്പോകുന്ന ചാലിനുണ്ടാകുന്ന തടസ്സങ്ങൾ തുടങ്ങി പല കാരണങ്ങൾ ഗ്ലോക്കോമയ്ക്കു വഴി വച്ചേക്കാമെങ്കിലും ഈ രോഗത്തിന് കൃത്യമായ ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

ലോ ടെൻഷൻ ഗ്ലോക്കോമ, അക്യൂട്ട് ഗ്ലോക്കോമ എന്നിങ്ങനെ ഗ്ലോക്കോമയെ വിദഗ്ധർ പ്രധാനമായും രണ്ടായി തരം തിരിച്ചിട്ടുണ്ട്. ആദ്യത്തേത് കണ്ണിലെ സാധാരണ സമ്മർദ്ദത്തിൽ നിന്നുണ്ടാവുന്നെങ്കിൽ, രണ്ടാമത്തേത് കണ്ണിലെ സമ്മർദ്ദം പെട്ടെന്നു വർദ്ധിച്ചുണ്ടാകുന്നതാണ്. അക്യൂട്ട് ഗ്ലോക്കോമയുളളവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കാഴ്ച്ച നഷ്ടപ്പെടും.

ജന്മനാ തന്നെയുണ്ടാകുന്ന കോൺജിനൈറ്റൽ ഗ്ലോക്കോമ, കണ്ണിലെ മുറിവുകൾ, തിമിരം, വീക്കം എന്നിവ കാരണം ഉണ്ടാകുന്ന സെക്കൻഡറി ഗ്ലോക്കോമ എന്നിങ്ങനെയും ഗ്ലോക്കോമയെ തരം തിരിച്ചിട്ടുണ്ട്.

അപൂർവ്വമായി കണ്ണിൽ വേദന, മനം പിരട്ടൽ, കണ്ണു ചുവക്കുക, കാഴ്ച്ചയ്ക്കു മങ്ങൽ സംഭവിക്കുക എന്നിങ്ങനെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാമെങ്കിലും ഇത് ഉണ്ടാവണമെന്നില്ല.

കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോക്കോമയുണ്ടായിട്ടുണ്ടെങ്കിലോ, 40 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിലോ ഒരു വർഷത്തിലൊരിക്കൽ കണ്ണിലെ സമ്മർദ്ദം പരിശോധിച്ച് ഗ്ലോക്കോമയ്ക്കുളള സാദ്ധ്യതകൾ വിലയിരുത്തണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.

പ്രൈമറി ഓപ്പൺ ആംഗിൾ എന്നറിയപ്പെടുന്ന സാധാരണയായി കണ്ടു വരുന്ന ക്രോണിക് ഗ്ലോക്കോമ പലപ്പോഴും കാഴ്ച്ചശക്തി നഷ്ടപ്പെടുന്നതു വരെ യാതൊരു രോഗലക്ഷണവും കാണിക്കില്ല. അതുകൊണ്ടു തന്നെ രോഗസാദ്ധ്യത സംശയിക്കുന്നവർ ഇടയ്ക്കിടെ ഒരു നേത്രരോഗവിദഗ്ദ്ധനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

ഗ്ലോക്കോമ സ്ഥിരീകരിച്ചു കഴിഞ്ഞാൽ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയെന്നതാണ് രോഗി ആദ്യമായി ചെയ്യേണ്ടത്. നഷ്ടപ്പെട്ട കാഴ്ച്ച ശക്തി തിരിച്ചു കിട്ടില്ലെന്നും, കൂടുതൽ കാഴ്ച്ച നഷ്ടമാകാതിരിക്കുന്നതിനായാണ് ഇനി ശ്രമിക്കേണ്ടതെന്നുമുളള വസ്തുത രോഗി ഉൾക്കൊളേളണ്ടതുണ്ട്. ഗ്ലോക്കോമ സ്ഥിരീകരിച്ചു കഴിഞ്ഞാൽ കണ്ണിലെ സമ്മർദ്ദം നിയന്ത്രിക്കുന്നതിനുളള തുളളിമരുന്ന് സ്ഥിരമായി ഉപയോഗിക്കുകയാണ് പ്രധാനമാർഗ്ഗം. ചില രോഗികളിൽ ലേസർ ചികിത്സയോ, ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം.

മിക്ക സർക്കാർ ജനറൽ ആശുപത്രികളിലും, കണ്ണാശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും ഇന്ന് ഗ്ലോക്കോമ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ചികിത്സ ഏറെക്കുറേ പൂർണ്ണമായും സൗജന്യമാണ്. ചില പരിശോധനകൾക്ക് പണം നൽകേണ്ടി വരുമെങ്കിലും ബി.പി.എൽ കാർഡുടമകൾക്ക് ഇത് പൂർണ്ണമായും സൗജന്യമാണ്. സത്യസായിബാബ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന പുട്ടപർത്തിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഗ്ലോക്കോമയ്ക്ക് പൂർണ്ണമായും സൗജന്യ വിദഗ്ധചികിത്സ നൽകുന്ന സ്ഥാപനമാണ്.

സ്ഥിരമായ പരിശോധനയും, പരിചരണവും കൊണ്ട് ഗ്ലോക്കോമ നിയന്ത്രിച്ചു നിർത്താവുന്നതാണ്. ഗ്ലോക്കോമയെക്കുറിച്ചുളള ബോധവത്കരണത്തിനും പ്രചാരണത്തിനുമായി മാർച്ച് ആറ് ഗ്ലോക്കോമ ദിനമായി ലോകമെമ്പാടും ആചരിച്ചു വരുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും ലോകവ്യാപകമായി നടന്നു വരികയുമാണ്.

287 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close