കോഴിക്കോട്: സംസ്ഥാന വ്യാപകമായി ജില്ലാ സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കണക്കില്‍പെടാത്ത 266 കോടി രൂപയോളം കണ്ടെത്തി. നോട്ട് നിരോധനത്തിന് ശേഷം സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും ആദ്യമായി നടത്തിയ പരിശോധനക്കിടെയാണ് ഇത്തരത്തിലുള്ള കുഴപ്പം കണ്ടെത്തിയത്. മലബാറിലെ മറ്റ് ചില ബാങ്കുകളും ഇവരുടെ നിരീക്ഷണത്തിലാണ്.
നോട്ട് നിരോധനത്തിന് ശേഷം ജില്ലാ സഹകരണ ബാങ്കുകളില്‍ അനധികൃത നിക്ഷേപങ്ങള്‍ സ്വീകരിച്ചോയെന്ന് കണ്ടെത്താനും പത്തു ലക്ഷത്തിലേറെ തുക നിക്ഷേപിച്ചവരുടെ വിവരം ശേഖരിക്കാനും വേണ്ടിയാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തിയത്. മലപ്പുറം, കൊല്ലം ആസ്ഥാന ഓഫീസുകളിലും മുഖ്യ ശാഖകളിലും സി.ബി.ഐയും കോഴിക്കോട്, തൃശൂര്‍ ജില്ലാ ബാങ്കുകളിലും പ്രധാന ശാഖകളിലും എന്‍ഫോഴ്സ്മെന്റും പരിശോധക്കെത്തി.
വ്യക്തമായ കണക്കുകളോ വിവരങ്ങളോ ഒന്നുമില്ലാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ 266 കോടി രൂപയുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് സ്വീകരിച്ചതുള്പ്പടെ 100 കോടിയുടെ നിക്ഷേപം നേരത്തെ ഉണ്ടായിരുന്നുവെന്നാണ് ബാങ്കിന്റെ നിലപാട്. നോട്ട് അസാധുവാക്കി പ്രഖ്യാപിച്ച ശേഷം നവംബര്‍ 10 മുതല്‍ 16 വരെയുള്ള തീയതികളില്‍ 166 കോടി രൂപയാണ് മലപ്പുറം ജില്ലാ ബാങ്കില്‍ എത്തിയിരിക്കുന്നത്.
കെ.വൈ.സി ചട്ടങ്ങള്‍ പാലിച്ചാണോ നിക്ഷേപം നടത്തിയതെന്ന് അടക്കമുള്ള വിവരങ്ങള്‍ നല്കാന് സാധിക്കാതെയായതോടെ വന്‍തുക നിക്ഷേപിച്ചവരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ സി.ബി.ഐ ശേഖരിച്ചു കഴിഞ്ഞു. നിക്ഷേപിച്ച പണത്തിന്റെ ഉറവിടം ആവശ്യപ്പെട്ട് ഇടപാടുകാരെയും പ്രാഥമിക ബാങ്ക് ഭാരവാഹികളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും.
നോട്ടുപിന്‍വലിക്കലിന് ശേഷം സിബിഐയും എന്‍ഫോഴ്സ്മെന്റും ഇതാദ്യമായാണ് ബാങ്കില്‍ പരിശോധന നടത്തിയത്. ബോണ്ടുകളടക്കം വിവിധ ബാങ്കുകളില്‍ കഴിഞ്ഞ മാസം നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് വരും ദിവസങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കും .