NewsMovieEntertainment

സിനിമാ ഗാരേജ് 2016

-ടിഎസ് സുബീഷ്

ചെറിയ കലാമൂല്യമുള്ള ചിത്രങ്ങൾ വലിയ വിജയം നേടിയ വർഷമാണ് 2016.

തുടക്കം മോശമായിരുന്നു. ജനുവരിയിൽ പുറത്തിറങ്ങിയത് 13 ചിത്രങ്ങൾ. സ്റ്റൈൽ, മാൽഗുഡി ഡെയ്സ്, പാവാട, മൺസൂൺ മാംഗോസ് എന്നിവയൊക്കെ വന്നുപോയി. ശ്രദ്ധിക്കപ്പെടേണ്ടത് എന്ന് നിരീക്ഷിക്കപ്പെട്ട ജലം, അമീബ എന്നീ ചിത്രങ്ങളെയാകട്ടെ മലയാളി പൊതുസമൂഹം തിരസ്ക്കരിക്കുകയും ചെയ്തു.

ഫെബ്രുവരി പക്ഷെ, തിയേറ്ററുകളെ ഇളക്കി മറിച്ചു. ആദ്യ ആഴ്ചയിൽ തന്നെ ആക്ഷൻ ഹീറോ ബിജു. തൊട്ടടുത്ത നാളിൽ മഹേഷിന്‍റെ പ്രതികാരവും. സ്വാഭാവികമായ ആഖ്യാനവും ജനമൈത്രി പൊലീസിന്‍റെ വെച്ചുകെട്ടില്ലാത്ത ആവിഷ്കാരവും ബിജുവിന് കയ്യടി നൽകി.

ഇടുക്കിയുടെ നന്മ വരച്ചിട്ട മഹേഷിന്‍റെ പ്രതികാരം പ്രതിഭയുടെ കൂട് തുറന്നിട്ട നവ മുഖങ്ങളുടെ രംഗവിലാസം കൂടിയായി. അഭിനയത്തിൽ ആരും പിറകോട്ട് പോകാതിരുന്ന ദിലീഷ് പോത്തന്‍റെ ചിത്രം ഫഹദിനും പുതുജീവനായി.

പുതിയ നിയമം മമ്മൂട്ടിക്ക് ആശ്വാസ വിജയം നൽകിയപ്പോൾ കാവ്യാമാധവന്‍റെ ആകാശവാണിയെ നിലം തൊടീക്കാതെ പ്രേക്ഷക‍ർ ആകാശത്ത് തന്നെ നിർത്തി. എന്നാൽ, വലിയ വാണിജ്യ വിജയം നേടിയില്ലെങ്കിലും രാജേഷ് പിള്ളയുടെ വേട്ട ക്രാഫ്റ്റിന്‍റെ അപാര സൗന്ദര്യത്താൽ പ്രേക്ഷകനെ കീഴടക്കി. പിന്നാലെ മരണത്തിന്‍റെ വേട്ടക്ക് സംവിധായകനും കീഴടങ്ങി.

മാർച്ചിൽ പുറത്തിറങ്ങിയത് 11 ചിത്രങ്ങൾ. പൃഥ്വിരാജിന്‍റെ ഡാർവിന്‍റെ പരിണാമവും ദുൽഖറിന്‍റെ കലിയും വേണ്ടത്ര ശ്രദ്ധ നേടിയില്ല. പ്രേമത്തിലെ മലർ മിസ്, സായി പല്ലവിയുടെ മലയാളത്തിലെ രണ്ടാമത് ചിത്രം കൂടിയായിരുന്നു കലി. ടി വി ചന്ദ്രന്‍റെ മോഹവലയത്തിനും പരിമിത പ്രേക്ഷക വലയത്തിൽ ഒതുങ്ങേണ്ടി വന്നു.

ഏപ്രിൽ എട്ടിന് പുറത്തിറങ്ങിയ ജേക്കബ്ബിന്‍റെ സ്വർഗ്ഗരാജ്യത്തിലൂടെ വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ താൻ വീണ്ടും സുരക്ഷിതനെന്ന് തെളിയിച്ചു. ലെനിൻ രാജേന്ദ്രന്‍റെ ഇടവപ്പാതി പെട്ടെന്ന് പെയ്തൊഴിഞ്ഞപ്പോൾ, സ്ത്രീ വിരുദ്ധതയുടെ പേരിൽ ചീത്തപ്പേര് കേൾപ്പിച്ചു രഞ്ജിത്തിന്‍റെ ലീല. ഉണ്ണി ആറിന്‍റെ കഥയ്ക്ക് ര‍ഞ്ജിത്ത് ഒരുക്കിയ ചലച്ചിത്രാഖ്യാനം സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്ന ശരാശരിയിൽ താണ ബോധ നിലവാരത്തിന്‍റെ ഉപോൽപന്നമായി പരിണമിച്ചു.

മേയിൽ പുറത്തിറങ്ങിയതിൽ ആദ്യം പരാമർശിക്കപ്പെടേണ്ട ചിത്രം രാജീവ് രവിയുടെ കമ്മട്ടിപ്പാടം തന്നെ. ആധുനിക കാലത്തിന്‍റെ നവ നിർമ്മിതികൾക്കായി കോളനികളിലേക്ക് ഒതുക്കപ്പെട്ട നിസ്സഹായരായ ഒരു ജനതയുടെ വേദനയും വിലാപവും ആയിരുന്നു കമ്മട്ടിപ്പാടം. പോയ വർഷത്തിലെ മികച്ച ചിത്രമായി കൂടി പരിഗണിക്കപ്പെട്ടു ഈ ചിത്രം.

ജെയിംസ് ആന്‍റ് ആലീസ്, ഹാപ്പി വെഡ്ഡിങ്, ആടുപുലിയാട്ടം, സ്ക്കൂൾ ബസ് എന്നിവയാണ് മേയിൽ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളിൽ ചിലത്.

ജൂണിൽ പുറത്തിറങ്ങിയ പത്തിലധികം ചിത്രങ്ങളിൽ ഒന്നിന് പോലും വാണിജ്യതലത്തിൽ വിജയം നേടാനായില്ല. മറിച്ച്, ചലച്ചിത്രോത്സവങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സനൽ കുമാർ ശശിധരന്‍റെ ഒഴിവുദിവസത്തെ കളി കാണാൻ തിയ്യേറ്ററുകളിലും ആളുകൾ തിക്കിത്തിരക്കി. എത്രയൊക്കെ പ്രബുദ്ധരെന്ന് സ്വയം വീമ്പിളക്കിയാലും മലയാളിയുടെ ഉള്ളിൽ നിന്നും അറിയാതെ പുറത്തു വരുന്ന ജാതി രാഷ്ട്രീയത്തിന്‍റെ ദുർഗന്ധം അനാവരണം ചെയ്തു, ഒഴിവു ദിവസത്തെ കളി.

ജൂലൈയിൽ തിയ്യേറ്റർ ഓപ്പൺ ചെയ്തത് കരിങ്കുന്നം സിക്സസിലൂടെ. മഞ്ജു വാര്യർ വോളിബോൾ കോച്ചായി എത്തിയെങ്കിലും ഗോളൊന്നും നേടാനാകാതെ ചിത്രം ശരാശരിയിൽ ഒതുങ്ങി. കുഞ്ചാക്കോ ബോബനും ജയസൂര്യയും അമലാപോളും കട്ടക്ക് പിടിച്ചെങ്കിലും കാര്യമായി രക്ഷപ്പെട്ടില്ല, ഷാജഹാനും പരീക്കുട്ടിയും.

രഞ്ജി പണിക്കരുടെ മകൻ നിതിൻ അച്ഛന്‍റെ വഴിയിൽ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയുടെ കസബയിലൂടെ. രഞ്ജിത്തിന് ലീല നൽകിയത്, രഞ്ജി പണിക്കരുടെ മകന് കസബയും നൽകി. സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന്‍റെ പേരിൽ വനിതാ കമ്മീഷൻ കേസെടുത്തു എന്നതാണ് കസബയുടെ നേട്ടം. അതേ മാസം പുറത്തിറങ്ങിയ വൈറ്റും മമ്മൂട്ടിയെ പച്ച തൊടീച്ചില്ല.

എന്നാൽ അനുരാഗ കരിക്കിൻ വെള്ളം ഫീൽ ഗുഡ് സിനിമയുടെ ഇളനീർ മധുരമായി. എങ്കിലും, ജൂലൈ മലയാള സിനിമക്ക് നൽകിയ മികച്ച ചിത്രം നവാഗതനായ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത് തന്നെ. പൊന്നാനിയുടെ പശ്ചാത്തലത്തിൽ, ദളിത് യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയം. മതത്തോട് മാറി നിൽക്കാൻ പറഞ്ഞ പ്രണയത്തെ, നല്ല സിനിമയുടെ കൂട്ടുകാർ കയ്യോടെ ഏറ്റെടുത്ത് തോളിലേറ്റി.

കുഞ്ഞു ചിത്രമായ ഗപ്പിയുടെ വിജയത്തോടെയാണ് ആഗസ്റ്റിന്‍റെ തുടക്കം. സിഡിയിറങ്ങി കണ്ടപ്പോൾ തിയ്യേറ്ററിൽ പോയി കാണാത്തതിൽ ഏറെ സങ്കടപ്പെട്ട ചിത്രം കൂടിയാണ് മലയാളികൾക്ക് ഗപ്പി. അതേദിവസം റിലീസ് ചെയ്ത ആൻമരിയ കലിപ്പിലാണ് എന്ന ചിത്രവും മികച്ച നിരൂപക ശ്രദ്ധ നേടി. ലാലേട്ടന്‍റെ തെലുങ്ക് ചിത്രം വിസ്മയം മലയാളത്തിലേക്കെത്തിയതും ഇതേ മാസം.

പ്രേതവും ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിമും ജയസൂര്യയെ തുണച്ചപ്പോൾ വി കെ പ്രകാശിന്‍റെ മരുഭൂമിയിലെ ആന വെയിലേറ്റ് വാടി. സുരാജ് വെഞ്ഞാറമൂടിനെ ദേശീയ അവാർഡിന് അർഹനാക്കിയ പേരറിയാത്തവർ ഓഗസ്റ്റിൽ തിയ്യേറ്ററിലെത്തി. അടൂരിന്‍റെ ദിലീപ് കാവ്യ ചിത്രം പിന്നെയും, പതിവ് ക്ലീഷെകളാൽ വിമർശിക്കപ്പെട്ടതും ഇതേ മാസം.

സെപ്തംബറിൽ, ഓണം ഉത്സവം തീർത്തു തിയ്യേറ്ററുകളിൽ. ഓണച്ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്നതും കാശ് വാരിയതും ഒപ്പം തന്നെ. പിഴവുകൾ ഏറെയെങ്കിലും ഏറെക്കാലത്തിന് ശേഷം സംഭവിച്ച പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് ലാൽ ആരാധകർ ആഘോഷമാക്കി.

കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോയും, ഒരു മുത്തശ്ശി ഗദയും ഫീൽ ഗുഡ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചപ്പോൾ, ജീത്തു ജോസഫിന്‍റെ ഊഴം അത്രമേൽ രസിപ്പിക്കാതെ പോയി. ദിലീപിന്‍റെ ഓണം റിലീസ് ചിത്രം വെൽക്കം ടൂ സെൻട്രൽ ജയിൽ, ആട്ടം പാട്ട് വളിപ്പ് കോമഡി ചേരുവകളാൽ പരമാവധി വെറുപ്പിക്കുകയും ചെയ്തു.

എങ്കിലും, മലയാള സിനിമക്ക് ഓണക്കച്ചവടം നഷ്ടമായില്ല. ഒപ്പം വലിയ വാണിജ്യ വിജയം നേടിയപ്പോൾ, നിർമ്മാതാവിന് മുടക്കുമുതൽ തിരിച്ചു നൽകി മറ്റു ചിത്രങ്ങളും. ലാലേട്ടന്‍റെ അന്യഭാഷാ ചിത്രം ജനതാ ഗാരേജും മലയാളത്തിൽ വൻവിജയം നേടി.

ഒക്ടോബർ ഏഴിനാണ് തിയ്യേറ്ററുകൾ ഇളക്കി മറിച്ച് പുലിമുരുകന്‍റെ വരവ്. കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തി ലാൽ ആരാധകർ ചിത്രത്തിന്‍റെ വരവ് ആഘോഷമാക്കി. വൈശാഖിനേക്കാൾ, പ്രകീർത്തിക്കപ്പെട്ടത് സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്ൻ തന്നെ.

യുക്തി ഭദ്രതയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ക്ലീഷെ കുടുംബ രംഗങ്ങൾ, വളിപ്പ് അശ്ലീലം, ഹാസ്യം എന്നിവയാൽ പല രംഗങ്ങളും പരമാവധി വെറുപ്പിക്കുമെങ്കിലും ലാൽ എന്ന പ്രതിഭാസത്തിന്‍റെ അപരിമിതമായ പ്രകടനത്താൽ, മലയാളത്തിൽ നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായി പുലിമുരുകൻ. പുലിമുരുകന് ടിക്കറ്റ് കിട്ടാത്തവർ മാത്രം, മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനും കണ്ടു.

പുലിമുരുകന്‍റെ വിളയാട്ടത്തെ മറികടന്ന് തിയ്യേറ്ററുകളിൽ യൂത്തിന്‍റെ ആഘോഷമായി ആനന്ദം. വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെ വന്ന ചിത്രം, ആടിയും പാടിയും, ഉല്ലാസത്തോടെ കണ്ടിരുന്നു, മലയാളത്തിലെ നവ തലമുറ. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചവർ, ഒരു കാഡ് ബറീസ് നുണയും പോലെ ആസ്വദിച്ചു ആനന്ദം.

ബിജു മേനോന്‍റെ സ്വർണ്ണക്കടുവ, മീരാ ജാസ്മിന്‍റെ പത്ത് കൽപനകൾ എന്നീ ചിത്രങ്ങൾക്ക് നവംബർ മാർക്കറ്റിൽ ചലനമൊന്നും ഉണ്ടാക്കാനായില്ല. നേട്ടമുണ്ടാക്കിയത് കട്ടപ്പനയിലെ ഋത്വിക് റോഷനാണ്.

വി എം വിനുവിന്‍റെ മറുപടി, ഒരേ മുഖം എന്നിവ അടക്കം ഡിസംബർ റിലീസുകൾ ഒന്നും തന്നെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തിയ്യേറ്റർ വിഹിതത്തെ ചൊല്ലിയുള്ള തർക്കത്താൽ ചലച്ചിത്‍ര മേഖല സ്തംഭിക്കുകയും ചെയ്തു. അവസാന മാസത്തെ സമരവും സംഘർഷവും ഒഴിച്ചാൽ, വാണിജ്യപരമായും കലാപരമായും വലിയ നിരാശ നൽകിയില്ല, മലയാള സിനിമക്ക് 2016.

കബാലി പോലുള്ള അന്യഭാഷാ ചിത്രങ്ങളെ ആഘോഷിച്ചപ്പോഴും സ്വന്തം ഭാഷയിലെ നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ മറന്നില്ല മലയാളം. കിസ്മത്ത് നൽകിയ മതേതരത്വവും മാനവികതയും നല്ല സിനിമയുടെ കമ്മട്ടിപ്പാടത്ത് ഇനിയും വിളയുടെ വിരുന്നൊരുക്കുമെന്ന ശുഭ പ്രതീക്ഷയാണ് 2016ന്‍റെ ശേഷിപ്പ്.

63 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close