NewsSports

ആരവം 2016 | മൈതാനത്തേക്ക് ഒരു തിരിഞ്ഞുനോട്ടം

അനൂപ് ചന്ദ്രശേഖർ

ദിനരാത്രങ്ങൾ ത്രില്ലടിപ്പിച്ച പോരാട്ടങ്ങൾ.ആകാംഷയുടേയും നെഞ്ചിടിപ്പിന്‍റെയും നിമിഷങ്ങൾ. 2016 കായികലോകത്ത് സംഭവബഹുലമായിരുന്നു. മൈതാനനടുവിലെ വിജയാരവങ്ങളുടെ കാതൊച്ച ഭൂഖണ്ഡാന്തരം മുഴങ്ങി. നിരാശയുടേയും ഇച്ഛാഭംഗത്തിന്‍റെയും ലോകത്ത് കറങ്ങിയവർ വിജയത്തിന്‍റെ തെളിനീരുറവ കുടിച്ചു. സിന്ധുവും സാക്ഷിയും കോഹ്‍ലിയും വിജേന്ദറുമെല്ലാം വിജയവഴികൾ വെട്ടിത്തുറന്നിട്ടു. ഇതുവരെ കടന്നുചെല്ലാത്ത വീഥിയിലേക്ക് ദീപാ കർമ്മാക്കർ നടത്തി. മികവിന്‍റെ ഗ്യാലറികൾ ഇരമ്പുകയാണ്. ഒപ്പം ഒരു കായിക വർഷത്തിന്‍റെ മാറ്ററിയിച്ച് ഈ ഗ്യാലറിയും.

ഒളിംപിക്സ്
കടന്ന് പോയ വർഷം ലോകം സഞ്ചരിച്ചത് റിയോയിലെ അഞ്ച് വളയങ്ങൾക്കൊപ്പമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോയെങ്കിലും ഒളിംപിക്സിന്‍റെ മുപ്പത്തിയൊന്നാം പതിപ്പിനെ കാനറികൾ ആവേശപൂർവ്വം വരവേറ്റു.
പങ്കാളിത്തത്തിന്‍റെ മഹനീയത വിളിച്ചോതുന്ന ഒളിംപിക് വേദിയിൽ ഇക്കുറിയും അമേരിക്കൻ ആധിപത്യത്തിന് വെല്ലുവിളി ഉയർന്നില്ല. 46 സ്വർണ്ണം,37 വെള്ളി,38 വെങ്കലമടക്കം അമേരിക്കൻ താരങ്ങൾ കഴുത്തിലണിഞ്ഞത് 121 മെഡലുകൾ.

13975305_10154458343854216_658050150131041114_o

രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടന്‍റെ കടന്നുവരവിനേക്കാൾ ചർച്ച ചെയ്തത് ചൈനയുടെ തകർച്ച. ട്രാക്കിനെ തീപിടിപ്പിച്ച ഉസൈൻ ബോൾട്ട് തന്നെ റിയോയിലെ താരം. വെല്ലുവിളി ഉയർത്തുമെന്ന് പറഞ്ഞവരുടെയൊക്കെ മുട്ടിടിച്ചതോടെ ജമൈക്കൻ എക്സ് പ്രസ് ഓടിയെടുത്തത് 3 സ്വർണ്ണം. അപൂർവ്വമായ ട്രിപ്പിൾ ട്രിപ്പിൾ കൈക്കലാക്കിയ ബോൾട്ട് ഇനി ഒളിംപിക്സിന്‍റെ ട്രാക്കിലേക്കില്ല.

09-08-2016-swimming-16

നീന്തൽ കുളത്തിൽ മൈക്കൽ ഫെൽപ്‍സെന്ന സ്വർണ്ണ മത്സ്യം നടത്തിയത് വിസ്‍മയക്കുതിപ്പ്. കൊള്ളിമീൻ പോലെ പാഞ്ഞ ഫെൽപ്‍സ് നീന്തിയെടുത്തത് 5 സ്വർണ്ണവും ഒരു വെള്ളിയും. നാല് വേദികളിലായി 23 സ്വർണഅണമടക്കം 28 മെഡലുകളെന്ന ഹിമാലയൻ നേട്ടവുമായാണ് ഫെൽപ്‍സ് നീന്തൽ കുളമൊഴിഞ്ഞത്.

ഒളിംപിക്സിൽ ഇന്ത്യ
130 കോടിയുടെ പ്രതീക്ഷകളുമായാണ് 120 അംഗ ഇന്ത്യൻ സംഘം ബ്രസീലിയൻ മണ്ണിലിറങ്ങിയത്. ലണ്ടനൊപ്പം എത്താതെ കുഴഞ്ഞ സംഘത്തിൽ നിന്ന് രാജ്യത്തിന്‍റെ യശസ്സുയർത്തിയത് ഹൈദരാബാദുകാരി പി വി സിന്ധുവും ഹരിയാനയിൽ നിന്നുള്ള സാക്ഷി മാലിക്കും. സൈനാ നെഹ്‍വാളിന് തുടക്കത്തിൽ കാലിടറിയപ്പോൾ ബാറ്റ് മുറുകെ പിടിച്ച് മുൻനിരക്കാരെ കീഴടക്കി സിന്ധു കുതിച്ചെത്തിയത് ഫൈനലിലേക്ക്. ടോപ് സീഡ് കരോലിൻ മാരിനോട് കീഴടങ്ങിയെങ്കിലും രാജ്യത്തിന് സമ്മാനിച്ചത് സ്വർണ്ണത്തേക്കാൾ തിളക്കമുള്ള വെള്ളി.

10

പുരുഷ താരങ്ങൾ അടിയറവ് പറഞ്ഞ ഗോദയിൽ വീറോടെ പൊരുതിയാണ് സാക്ഷി മാലിക്കെന്ന പെൺപുലി വെങ്കലത്തിൽ മുത്തമിട്ടത്. ജിംനാസ്റ്റിക്സിലെ വോൾട്ട് വിഭാഗത്തിൽ ദീപാ കർമ്മാക്കറെന്ന തൃപുരക്കാരി പെൺകൊടിക്ക് വെങ്കലം നഷ്ടമായത് തലനാരിഴക്ക്. അഭിനവ് ബിന്ദ്ര, ജിത്തുറായ്, സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സംഘം എന്നിവരൊക്കെ കയ്യെത്തും ദൂരത്തുണ്ടായിരുന്നെങ്കിലും മെഡലിനോട് അടുക്കാനായില്ല.

പി.ആർ ശ്രീജേഷിന്‍റെ നായകത്വത്തിൻ കീഴിലിറങ്ങിയ ഹോക്കി ടീം 36 വർഷത്തിന് ശേഷം നോക്കൗട്ട് റൗണ്ടിന്‍റെ പടി കടന്നെത്തിയെങ്കിലും ക്വാർട്ടറിൽ ബെൽജിയത്തിന് മുന്നിൽ മുട്ടുമടക്കി. ഉന്നംപിഴച്ച ഷൂട്ടർമാർ, പഞ്ച് ചെയ്യാതെ പോയ ബോക്സർമാർ, ട്രയൽസിന്‍റെയും ഉത്തേജകത്തിന്‍റെയും നാടാകാന്ത്യത്തിൽപ്പെട്ട നർസിംഗ് യാദവ്, വേഗം കാലുകളിലേക്ക് ആവാഹിക്കാത്ത അത്‍ലറ്റുകൾ എന്നിവരെല്ലാം ഇച്ഛാഭംഗമായി.

ക്രിക്കറ്റിന് ചുറ്റും മാത്രം കറങ്ങുന്ന ശരാശരി ഭാരതീയന്‍റെ കായിക അവബോധം മറ്റ് മേഖലകളിലേക്കും തിരിയണമെന്ന വസ്‍തുതയാണ് റിയോ ചൂണ്ടിക്കാട്ടുന്നത്.

മുൻ വേദികളെപ്പോലെവ റിയോയിലും വിവാദങ്ങൾക്ക് പഞ്ഞമില്ലായിരുന്നു. ഗെയിംസിലെ അഴിമതി ആരോപണങ്ങൾ മുതൽ റഷ്യൻ അത്‍ലറ്റിക് ടീമിന്‍റെ വിലക്ക് വരെയുള്ള കാര്യങ്ങൾ ആദ്യവസാനം മുഴച്ച് നിന്നു. ഉത്തേജക മരുന്ന് ഉപയോഗമാണ് റഷ്യൻ സംഘത്തിന് കുരുക്കായത്. അന്താരാഷ്‍ട്ര കായിക-തർക്ക പരിഹാര കോടതി അപ്പീൽ തള്ളിയതോടെ യെലേന ഇസിൻബയോവയെന്ന ഇതിഹാസ താരത്തിന്‍റെ കണ്ണീർ ഒളിംപിക്സിന് മുന്നെ തൂകി. മൂന്നാം ഒളിംപിക്സ് സവർണ്ണമെന്ന സ്വപ്നം ബാക്കിവെച്ചാണ് അത്യുന്നതങ്ങളിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നിരുന്ന ഇസിൻ പോൾ താഴെ വെച്ചത്.

പാരാലിംപിക്സ്
130 കോടി ജനങ്ങളുടെ പ്രതീക്ഷകൾക്ക് സമ്മർ ഒളിംപ്ക്സ് മങ്ങലേൽപ്പിച്ചെങ്കിലും പാരാലിംപിക്സിൽ ഇന്ത്യൻ അത്‍ലറ്റുകൾ നേട്ടങ്ങളുടെ പൂമരം കൊയ്തു. റിയോയിലെ ട്രാക്കിലും ഫീൽഡിലുമായി നേടിയത് രണ്ട് സ്വർണ്ണമടക്കം നാല് മെഡലുകൾ. ഹൈജംപിൽ തമിഴ്‍നാട്ടിൽ നിന്നുള്ള മാരിയപ്പൻ തങ്കവേലുവും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയും പൊന്നണിഞ്ഞു. വനിതാ ഷോട്ട്പുട്ടിലൂടെ ദീപാമാലിക്കും പുരുഷ ഹൈജംപിൽ വരുൺ ഭാട്ടിയും മെഡലിന്‍റെ മാറ്റ് വീണ്ടും ഉരച്ചു.

ഫുട്ബോൾ
കാൽപന്തിനെ ചുറ്റിപ്പറ്റിയാണ് ലോകം 2016ൽ കറങ്ങിയത്. കോപ്പ അമേരിക്കയും യൂറോ കപ്പും ഒളിംപിക് ഫുട്ബോളുമൊക്കെ ആരാധാകരെ കാഴ്ചയുടെ വിരുന്നൂട്ടി.

എങ്കിലും ലയണൽ ആന്ദ്രേ മെസിയെന്ന റൊസാരിയോക്കാരനെ കേന്ദ്രീകരിച്ചായിരുന്നു മൈതാനത്തെ അടക്കം പറച്ചിലുകൾ. അതും ജയത്തിന്‍റെ ചരിത്രത്താളിലല്ലാതെ പരാജയത്തിന്‍റെ പേരിൽ. ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ ശതാബ്ദി പതിപ്പിലെ കോപ്പ നിറഞ്ഞത് മെസിയുടെ കണ്ണീരായിരുന്നു.

lionel-messi-crying

ഒരുവർഷം മുമ്പ് സാന്‍റിയാഗോയിൽ ഒരുക്കിയ തിരക്കഥയുടെ തനിയാവർത്തനം. വീണ്ടും ട്രോഫി ഏറ്റുവാങ്ങിയത് ക്ലോഡിയോ ബ്രാവോ. ഈസ്റ്റ് റൂഫർഫോർഡിൽ പാഴാക്കിയ പെനാൽറ്റിയുടെ പേരിൽ ക്രൂശിലേറ്റും മുമ്പെ മിശിഹ ആൽബിസെലസ്റ്റികളുടെ ജേഴ്‍സിയൂരി. ദൈവികത്വം കൽപ്പിച്ചതെന്ന് ആരാധകർ വാഴ്‍ത്തിയ ബൂട്ടുകളിലേക്ക് കണ്ണുനീർ തുള്ളികൾ ഇറ്റിവീണതിനൊപ്പം ലോകവും തേങ്ങി.

പിന്നെ വിരമിക്കൽ പ്രഖ്യാപനത്തിന്‍റെ നാടകീയതകൾ. നീലവരയൻ ജേഴ്‍സിയിലെ വിഖ്യാത നമ്പർ അണിഞ്ഞ് മടങ്ങിയെങ്കിലും തെക്കേ അമേരിക്കയിൽ മുടന്തി നീങ്ങുന്ന അർജന്‍റീന റഷ്യ ലോകകപ്പിലേക്ക് കടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അർജനന്‍റീന രണ്ടാമന്മാരായെങ്കിൽ ക്വാർട്ടറിലെത്താതെ മടങ്ങാനായിരുന്നു കോപ്പയിൽ ബ്രസീലിന്‍റെ വിധി. എന്നാൽ, തിരിച്ചടികളിൽ നിന്ന് കരകയറിയ മഞ്ഞക്കിളികൾ ഒളിംപിക് ഫുട്ബോളിൽ സ്വർണ്ണമണിഞ്ഞ് അഭിമാനം കാത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലെങ്കിൽ വട്ടപൂജ്യമെന്ന് പറഞ്ഞവരുടെ വായ പറങ്കികൾ അടപ്പിച്ചു. ക്രിസ്റ്റ്യാനോ ദിമിത്രി പയറ്റിന്‍റെ ഇടിയേറ്റ് മടങ്ങിയെങ്കിലും പോർച്ചുഗീസുകാർ ട്രോഫിയിൽ മുത്തമിട്ടു. ഫ്രാൻസിനെതിരായ ഫൈനലിൽ ഗോൾ വല ചുംബിച്ചത് എദറിന്‍റെ ലോംഗ് റേഞ്ചർ.

ഫൈനലിൽ മുഴുവൻ സമയവും കളിച്ചില്ലെങ്കിലും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം മാത്രം മതി തങ്ങളെ ഉത്തേജിപ്പിക്കാനെന്ന് പെപ്പെയും നാനിയുമടക്കമുള്ളവർ കാട്ടിത്തന്നു. ഫെർണാണ്ടോ സാന്‍റോസിന്‍റെ സംഘം ലിസ്ബണിലേക്ക് വണ്ടി കയറിയത് യൂസേബിയയ്ക്കും ലൂയി ഫിഗോയ്ക്കും കഴിയാത്ത നേട്ടവുമായി.

ജയിക്കുന്നതിനേക്കാൾ തോൽവി ഒഴിവാക്കാൻ കളിച്ചവർക്കിടയിൽ നിന്ന് കറുത്ത കുതിരകളായത് ഗരത് ബെയ്‍ലിന്‍റെ വെയ്‍ൽസ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ കുഞ്ഞന്മാരായ ഐസ്‍ലണ്ടും അവസാന എട്ടിലെത്തി. ഫ്രഞ്ച് പടയ്ക്കായി ഗോൾ മഴ പെയ്യിച്ച അന്‍റോയിൻ ഗ്രിസ്മാനായിരുന്നു യൂറോയുടെ താരം. ഹാട്രിക് കിരീടം സ്വപ്നം കണ്ട സ്പെയിനും ലോക ജേതാക്കളായ ജർമ്മനിയും ഇറ്റലിയുമെല്ലാം നന‍ഞ്ഞ പടക്കമായി.

കളിയും കാര്യങ്ങളുമൊക്കെയായി 2015ൽ വാർത്തകളെ താലോലിച്ച ഫിഫയുടെ സൂറിച്ചിലെ ആസ്ഥാന മന്ദിരത്തിൽ പുതിയ നാഥനെത്തി. സ്വിറ്റ്‍സർലണ്ടുകാരൻ ജിയോനി ഇൻഫന്‍റിനോ. സ്വിസ് പൗരനെത്തുന്നത് യുവേഫയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ആഗോള ഫുട്ബോൾ സംഘടനയെ ശുദ്ധീകരിക്കുകയാണ് ഇൻഫന്‍റീനയുടെ ലക്ഷ്യം.

ഫിഫ ഡയറക്ടർ ബോർഡിൽ ഒരു കോർപ്പറേറ്റ് ചെയർമാന്‍റെ സ്ഥാനത്തേക്ക് ചുരുങ്ങി പ്രസിഡന്‍റ് പദവി. യുവേഫയിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഫിഫ തലപ്പത്തെത്താൻ വെമ്പിയ ഫ്രഞ്ച് ഇതിഹാസ താരം മിഷേൽ പ്ലാറ്റീനിക്ക് കസേര ഒഴിയേണ്ടി വന്നു. അതും സാമ്പത്തിക ക്രമക്കേടിന്‍റെ പേരിൽ.

ഇനി കളി ക്ലബ് ഫുട്ബോളിലാണ്. വാതുവെപ്പുകാർ 5000ൽ ഒന്ന് മാത്രം സാധ്യത കൽപ്പിച്ച ലെസ്റ്റർ സിറ്റിയുടെ കയ്യിലായി പ്രീമിയർ ലീഗ് കിരീടം. ചെൽസിയും മാഞ്ചെസ്റ്റർ യുണൈറ്റഡുമെല്ലാം ക്ലോഡിയോ റനിയേരിയുടെ നീലകുറുക്കന്മാരുടെ മുന്നിൽ കളി മറന്നു. നടപ്പു സീസണിൽ ചെൽസിയുടെ ഊഴമാണ്. അന്‍റോണിയ കോണ്ടയുടെ നീലപ്പടയുടെ കണ്ണ് പ്രീമിയർ ലീഗ് ടൈറ്റിലിലാണ്. കളിക്കാരെക്കാൾ താരപ്പൊലിമയുള്ള ഹൊസെ മൗറീഞ്ഞ്യോയും പെപ് ഗ്വാർഡിയോളയും ആഴ്‍സൻ വെംഗറുമൊക്കൊ കളി മാറ്റിമറിയ്ക്കാൻ രംഗത്തുണ്ട്.

ലാലിഗയിൽ എംഎൻഎസ് സഖ്യത്തിന്‍റെ ബൂട്ടുകൾ നിശ്ശബ്‍ദമായപ്പോൾ ബാഴ്‍സ വിയർത്തു. ചാമ്പ്യൻസ് ലീഗ് കയ്യിലേന്തിയ റയൽ മാഡ്രിഡ് കിരീടത്തിലേക്കുള്ള വഴിയിലാണ്. സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളറുടെ മേലങ്കിയണിയാനുള്ള ഒരുക്കത്തിലും. ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വെല്ലുവിളിയുമാണ് കന്നിക്കാരായ ലെയ്പ്‍‍ സിഗുണ്ട്. ഇറ്റലിയിൽ യുവന്റസ് തന്നെ ഒന്നാമനായി തുടരുന്നു. ഇതിനിടെയിൽ ബ്രസീലിയൻ ക്ലബ് ഷപ്പകൊയ്‍ൻസിനുണ്ടായ ആകാശ ദുരന്തം ലോകത്തെ കണ്ണീരിലാഴ്‍ത്തി.

ഇന്ത്യൻ ഫുട്ബോൾ, ISL
ദേശീയ ഫുട്ബോളിന്‍റെ നവോത്ഥാനത്തിനെത്തിയ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം തവണയും കപ്പ് കൊൽക്കത്തയിലേക്ക് പോയി. ചിറകരിഞ്ഞത് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നങ്ങൾ. മുംബൈയിൽ എക്സ്ട്രാ ടൈമിലായിരുന്നെങ്കിൽ കൊച്ചിയിൽ വിധി ഷൂട്ടൗട്ടിന്‍റെ രൂപത്തിലായി.

cz-pwsrw8aax4tk

എട്ട് ടീമുകൾ ഇരുനൂറോളം താരങ്ങൾ എങ്കിലും മൂന്നാം സീസണിൽ താരമായത് ഒരു പരിശീലകനായിരുന്നു. കൊമ്പന്മാരുടെ തലവര മാറ്റിയെഴുതിച്ച സ്റ്റീവ് കൊപ്പൽ. ശരാശരിക്കേറെയുള്ള ടീമിൽ നിന്ന് നൂറുമേനി വിളയിച്ചില്ലെങ്കിലും വിജയതൃഷ്‍ണയുള്ളവരാക്കാനായി. ഫ്ലോറന്‍റ് മലൂദ, ലൂസിയോ, ജോൺ അർനെ റീസ എന്നിവരിൽ തീർന്നു ക്ലാസ്സ് പ്ലയേഴ്‍സ്.ജെറി ലാൽറിൻസുല, സന്ദേശ് ജിംഗാൻ, വിനീത് എന്നിങ്ങനെ ചുരുക്കം പേരിലൊഴുകി ഇന്ത്യൻ മികവ്. സീസൺ മൂന്ന് കഴിഞ്ഞിട്ടും ഒരു ചോദ്യം മുഴച്ച് നിൽക്കുന്നു. ഇന്ത്യൻ ഫുട്ബോളിന് എന്താണ് ഐഎസ്എല്ലിലൂടെ ലഭിച്ചത്.

ഐ ലീഗിന്‍റെ പകിട്ട് അൽപ്പം കുറഞ്ഞെങ്കിലും ബെഗലൂരു എഫ്.സി ചരിത്രമൊന്നു തിരുത്തി. ഏഷ്യൻ ഫുട്‍ബോൾ കോൺഫെഡറേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ടീമായി ആരാധകരുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്. കലണ്ടർ വർഷാന്ത്യത്തിൽ ദേശീയ ടീം ഫിഫ റാങ്കിങ്ങിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ മികച്ച നേട്ടത്തിലെത്തി.

ക്രിക്കറ്റ് 
ടെസ്റ്റ് ടീമിന്‍റെ അമരക്കാരിൽ മികച്ചത് ഗാംഗുലിയോ കോഹ്‍ലിയോ? ഇനി വരും നാളുകളിലെ ചോദ്യം അതാണ്. കോഹ്‍ലിയുടെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയത് അഞ്ച് പരമ്പരകൾ. ബാറ്റുകൊണ്ട് കവർ ഡ്രൈവിന്‍റെ മാസ്മരികത തീർക്കുന്ന ഡൽഹി താരത്തിനൊപ്പം പൂജാരയുടേയും മുരളി വിജയ്യുടേയും ബാറ്റുകളും ശബ്‍ദിച്ചതോടെ അലിസ്റ്റർ കുക്കിന്‍റെ ഇംഗ്ലണ്ടും കെയ്‍ൻ വില്യംസണിന്‍റെ ന്യൂസിലണ്ടുമൊക്കെ നാമവശേഷമായി.

നായകനായിരിക്കെ മൂന്ന് ഡബിൾ സെഞ്ച്വറി നേട്ടം കോഹ്‍ലി സ്വന്തം പേരിലെഴുതിയപ്പോൾ മലയാളി താരം കരുൺ നായർ ഒരുപടികൂടി മുകളിലേക്ക് കയറി. കരിയറിലെ മൂന്നാം ടെസ്റ്റിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി. വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ നേടുന്ന ആദ്യ ഇന്ത്യൻ താരം.

24005

പന്ത് കൊണ്ട് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും എതിരാളികളെ അരിഞ്ഞുവീഴ്‍ത്തി. അശ്വിൻ കലണ്ടർ വർഷം നേടിയത് 72 വിക്കറ്റുകൾ. ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമനായ അശ്വിൻ തന്നെ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‍കാരം കൈക്കലാക്കി.

aswin-coy

ടെസ്റ്റിലും ഏകദിനത്തിലും രാജാക്കന്മാരെപ്പോലെ വാണ ഓസ്ട്രേലിയ തോറ്റമ്പി. ശ്രീലങ്കയിൽ സമ്പൂർണ്ണ തോൽവിയേറ്റ് വാങ്ങിയവർ നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പരമ്പര അടിയറവ് വെച്ചു.

ആരാധകരെ ത്രില്ലടിപ്പിച്ചത് കുട്ടി ക്രിക്കറ്റായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ട്വന്‍റി-20 ലോകകപ്പിൽ മുത്തമിട്ടത് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ വെസ്റ്റ് ഇൻഡീസ്. ഇംഗ്ലണ്ടിന്‍റെ കിരീട സ്വപ്‍നങ്ങൾ തല്ലിക്കെടുത്തിയത് മർലൺ സാമുവൽസും കാർലോസ് ബ്രാത്ത് വെയ്റ്റും.

തൊട്ട് പിന്നാലെയെത്തിയ ഐപിഎല്ലിൽ സൺറൈസേഴ്‍സ് ഹൈദരാബാദെന്ന പുതിയ കിരീടാവകാശിയെത്തി. ഡേവിഡ് വാർണറുടെ സംഘത്തിന് മുന്നിൽ കീഴടങ്ങിയത് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‍സ് ബാംഗ്ലൂർ. നാല് സെഞ്ച്വറിയടക്കം 973 റൺസെടുത്ത കോഹ്‍ലിയുടെ മാസ്മരിക പ്രകടനമായിരുന്നു ഒൻപതാം സീസണിന്‍റെ ഹൈലൈറ്റ്.

ഷഹീദ് അഫ്രീദി, ബ്രണ്ടൻ മക്കല്ലം, ശിവനാരായൺ ചന്ദർപോൾ, ഷെയിൻ വാട്സൺ, ദിൽഷൻ എന്നിവരൊക്കെ 2016 ഓടെ മുൻ താരങ്ങളുടെ പട്ടികയിലായി.

ശശാങ്ക് മനോഹർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ആദ്യ ചെയർമാനായി അവരോധിതനായി. ബിസിസിഐയിൽ യുവത്വത്തിന്‍റെ പ്രസരിപ്പ് പകർന്ന് അനുരാഗ് താക്കൂർ ബിസിസിഐയുടെ നേതൃത്വമേറ്റെടുത്തു. കളി ഗ്രൗണ്ടിലാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള നടപടികൾക്കും തുടക്കമായി.

ജസ്റ്റിസ് ആർ.എം ലോധ കമ്മിറ്റി റിപ്പോർട്ട് ബിസിസിഐയെ കുരുക്കിലാക്കി. അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടായിരുന്നു ലോധാ കമ്മിറ്റിയുടെ ശുപാർശകൾ. എന്നാൽ, റിപ്പോർട്ട് നടപ്പാക്കുന്നതിൽ വിമുഖത കാണിച്ച ബിസിസിഐക്കെതിരെ സുപ്രീംകോടതി സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയത് പുതിയ പ്രതിസന്ധിക്ക് വഴിവെച്ചു.

ഹോക്കി
ഒളിംപിക്സ് ഹോക്കിയിൽ ക്വാർട്ടറിനപ്പുറം കടന്നില്ലെങ്കിലും ഇന്ത്യൻ ഹോക്കി നേട്ടങ്ങളുടെ ഗോപുര മുകളിലേക്ക് കയറി. ഇന്ത്യൻ സംഘത്തെ ചങ്കൂറ്റത്തോടെ നയിക്കാൻ ഭാഗ്യമുണ്ടായത് മലയാളികളുടെ സ്വന്തം ശ്രീജേഷിന്. ചാമ്പ്യൻസ് ഹോക്കിയിൽ ദക്ഷിണ കൊറിയയെയും ബ്രിട്ടനെയും തകർത്തെറിഞ്ഞെങ്കിലും ഫൈനലിൽ വഴിമുടക്കിയത് ഓസ്‍ട്രേലിയ.

ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ ഇരട്ടക്കിരീടവുമായി മാധുര്യമണിഞ്ഞു. കലാശപ്പോരിൽ ഇന്ത്യൻ ചുണക്കുട്ടികൾ തകർത്തെറിഞ്ഞത് ചിരവൈരികളായ പാകിസ്ഥാനെ. വനിതാ ഹോക്കിയിൽ ചരിത്രമൊന്ന് തിരുത്തി. ഇതിന് മുൻപ് മൂന്നാം സ്ഥാനത്ത് മാത്രമെത്തിയ ടീം ചൈനയെ പിന്തള്ളി ത്രിവർണ്ണ പതാക പാറിച്ചു. ജൂനിയർ ഹോക്കി ലോകകപ്പ് ഒരിക്കൽക്കൂടി ഇന്ത്യൻ മണ്ണിലെത്തി.

കബഡി
കബഡിയിൽ ഇന്ത്യൻ ജൈത്ര യാത്ര തടയാൻ ഇക്കുറിയും ആരുമുണ്ടായില്ല. മിറാജ് ഷെയ്‍ഖിന്‍റെ ഇറാനെ മറികടന്ന് ഇന്ത്യ ലോക കബഡിയുടെ നെറുകയിലേക്ക് മൂന്നാവട്ടവും ഉയർന്നു. ആദ്യ പകുതി പിന്നിലായെങ്കിലും അജയ് ഠാക്കൂറിന്‍റെയും സുർജീന്‍റെയും മിന്നൽ പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.

ഏറ്റവും വേഗത്തിൽ വളരുന്ന കായിക മാമാങ്കമായി പ്രോ-കബഡി ലീഗ് മാറിയതായിരുന്നു കോർട്ടിലെ പ്രധാനവാർത്ത. ലീഗിന്‍റെ വിജയാവശേത്തിൽ ആരാധകരെ ത്രസിപ്പിക്കാൻ പ്രോ -കബഡി എത്തിയത് രണ്ട് സീസണുകളുമായി. യു മുംബേയേയും ജയ്പൂർ പിങ്ക് പാന്തേഴ്‍സിനെയും തട്ടിമാറ്റി കപ്പ് ഉയർത്തിയത് പട്‍ന പൈറേറ്റ്‍സ്.

ടെന്നീസ്
അമേരിക്കൻ -യൂറോപ്യൻ അധിനിവേശങ്ങളുടെ നേർക്കാഴ്ചയായ ടെന്നീസിൽ സാനിയ മിർസ നേടിയെടുത്തത് ഒരു ഡബിൾസ് ഗ്രാന്‍റ്സ്ലാം. എങ്കിലും പുരുഷ-വനിതാ സിംഗിൾസിലെ മുൻനിരക്കാർക്കൊപ്പം നിൽക്കാൽ സാനിയ മിർസയ്ക്കായി. വനിതാ ഡബിൾസിൽ ഹിംഗിസുമായി ചേർന്ന് രചിച്ചത് ലോകറെക്കോർഡ്. ഇന്തോ-സ്വിസ് സഖ്യം പഴങ്കഥയാക്കിയത് 28 വിജയങ്ങളെന്ന ജിജി ഫെർണാണ്ടസ്-നടാഷ വെരേവ സഖ്യത്തിന്‍റെ റെക്കോർഡ്.

ജയത്തിന്‍റെ ഗ്രാഫ് 36 ആക്കിയെങ്കിലും ഇരുവരുടേയും വേർപിരിയലിന്‍റെ കഥയായി ടെന്നീസിൽ കേട്ടത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാർബോറസ്ട്രൈക്കോവയുമായി ചേർന്ന് സിൻസിനാറ്റി, പാൻ പസഫിക് ഓപ്പണുകളിൽ നടത്തിയ മുന്നേറ്റവുമായി സാനിയ ഒന്നാംറാങ്കിന്‍റെ പവിത്രത കാത്തു. പുരുഷ-വനിതാ സിംഗിൾസിലാകട്ടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നാംറാങ്കിന് പുതിയ അവകാശികളെത്തി.

2014 ജൂലായ് മുതൽ സെർബിയയുടെ നൊവാക് ദ്യോക്കോവിച്ച് കൈവെള്ളയിലിട്ട് ടോപ് സീഡ് പദവി ബ്രിട്ടന്‍റെ ആൻഡി മുറേ തട്ടിയെടുത്തു. മൂന്ന് വർഷം സെറീന വില്യംസിന്‍റെ കുത്തകയായിരുന്ന ഒന്നാം റാങ്ക് സ്റ്റെഫി ഗ്രാഫിന്‍റെ നാട്ടിൽ നിന്നെത്തിയ ഏഞ്ചലിക് കെർബറിന്‍റെ പേരിലായി.

ഇതിനിടയിൽ, ഏറ്റവും കൂടുതൽ ഗ്രാന്‍റ്സ്ലാം ജയങ്ങൾ നേടുന്ന താരമെന്ന റെക്കോർഡ് മാർട്ടിന നവരത്ത് ലോവയിൽ നിന്ന് സെറീന വില്യംസ് സ്വന്തം പേരിലാക്കി. ഏഞ്ചലിക് കെർബറിനോടും ഗാർബിൻ മുഗരുസയോടും പൊരുതി നിന്ന സെറീന പുൽക്കോർട്ടിലെ അജയ്യത തെളിയിച്ച് സ്റ്റെഫി ഗ്രാഫിന്‍റെ 22 ഗ്രാന്‍റ്സ്ലാമെന്ന നേട്ടത്തിനൊപ്പമെത്തി. അഞ്ച് ഗ്രാന്‍റ്സ്ലാമുകളുടെ ഉടമയായ മരിയ ഷറപ്പോവ ഉത്തേജകമരുന്ന് ഉപയോഗത്തിന്‍റെ പേരിൽ നാണക്കേടിന്‍റെ കഥയെഴുതി.

റിയോയിലെ വെള്ളിടിയുടെ മാറ്റൊലി ചൈനയിലും പുസർല വെങ്കിട്ട സിന്ധു മുഴക്കി. കരിയറിലെ ആദ്യ സൂപ്പർ സീരീസ് കിരീടം. ചൈന സൂപ്പർ സീരീസ് ഫൈനലിൽ സിന്ധുവിന് മുന്നിൽ റാക്കറ്റ് താഴ്ത്തിയത് ചൈനയുടെ സൺ യു. മലേഷ്യൻ മാസ്റ്റേഴ്സിലും സിന്ധു ജയത്തിന്‍റെ സ്മാഷടിച്ചു. ഒളിംപിക്സിൽ സ്വർണ്ണം തട്ടിയെടുത്ത കരോലിൻ മാരിനെ ലോക സൂപ്പർ സീരീസിൽ കെട്ടുകെട്ടിച്ചെങ്കിലും സെമിയിൽ കടക്കാനായില്ല.

ഒരു പതിറ്റാണ്ടായി കോർട്ടിൽ നിറഞ്ഞാടുന്ന സൈന നെഹ്വാളിനെ പരുക്കാണ് 2016ൽ പിന്നോട്ടടിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിലൊതുങ്ങി സൈന. കിടുംബി ശ്രീകാന്തും എച്ച്.എസ് പ്രണോയും ചില മുന്നേറ്റങ്ങൾ നടത്തിയതൊഴിച്ചാൽ മറ്റ് ഇന്ത്യൻ താരങ്ങൾക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ബോക്സിംഗ് 
ബോക്സിംഗ് റിംഗിൽ ഇടിയുടെ എട്ടാം തമ്പുരാനായി വാണത് വിജേന്ദർ സിംഗ്. പ്രൊഫഷണൽ ബോക്സിംഗിൽ കിരീടമെടുത്തും നിലനിർത്തിയും വിജേന്ദർ റിംഗിലെ ചൂട് ആറാതെ കാത്തു.

cz5si-xvqaqpiyi

ഏഷ്യ പസഫിക് കിരീടം ചൂടിയത് കങ്കാരുക്കളുടെ നാട്ടിൽ നിന്നെത്തിയ കെറി ഹോപ്പിനെ ഇടിച്ചുവീഴ്ത്തി. മാസങ്ങൾക്കകം താൻസാനിയയുടെ ഫ്രാൻസിസ് ചെക്കേയെ നിലംപരിശാക്കി ചാമ്പ്യൻപട്ടം നിലനിർത്തി.

അലക്സാണ്ടർ ഹൊവാർത്, ആന്ദ്രേ സോൾദ്ര, മാത്യോസ് റോയർ എന്നിവരൊക്കെ വിജേന്ദറിന്‍റെ ഇടിയുടെ ചൂടറിഞ്ഞു.

ഫോർമുല വൺ
ലൂയി ഹാമിൽട്ടണും സെബാസ്റ്റ്യൻ വെറ്റലും അരങ്ങുവാണ ഫോർമുല വണ്ണിന്‍റെ സർക്യൂട്ടിൽ പുതിയ അവകാശിയെത്തി. മേഴ്‍സിഡസിന്‍റെ നിക്കോ റോസ്ബർഗ്.

അബുദാബി ഗ്രാന്‍റ് പ്രീ വരെ ആവേശകരമായ പോരാട്ടത്തിൽ ജർമ്മൻ ഡ്രൈവർ പിന്തള്ളിയത് മുൻവർഷത്തെ ചാമ്പ്യൻ ലൂയി ഹാമിൽട്ടണെ. സീസണിൽ ഒൻപത് തവണ ജയത്തിന്‍റെ ചേക്കേഡ് ഫ്ലാഗ് കണ്ട റോസ്ബർഗ് ഫോർമുല വൺ നേടി മണിക്കൂറുകൾക്കകം വിരമിക്കൽ പ്രഖ്യാപിച്ച് സീസണിൽ നാടകീയതയുടെ വേഗത കൂട്ടി.

ചെസ്
കരുനീക്കങ്ങളുടെ ലോകത്താകട്ടെ നോർവേയുടെ മാഗ്‍നസ് കാൾസൺ ഹാട്രിക് കിരീടത്തിൽ മുത്തമിട്ടു. 12 റൗണ്ടിലും ചാമ്പ്യനെ കണ്ടെത്താനാവാത്ത മത്സരം നീണ്ടത് ടൈബ്രേക്കിന്‍റെ അനിവാര്യതയിലേക്ക്. വെളുപ്പും കറുപ്പും കരുക്കളുടെ ലോകത്ത് കാൾസണോട് തോൽവി ഇരന്നുവാങ്ങിയത് റഷ്യയുടെ സെർജി കര്യാക്കിൻ. 26ആം ജന്മദിനത്തിൽ ചാമ്പ്യൻ പട്ടമുയർത്തിയെങ്കിലും കാൾസണ് കാലം നൽകുന്ന മുന്നറിയിപ്പായി കര്യാക്കിൻ.

ഗോൾഫ്
ഗോൾഫിൽ അതിഥി അശോക് ചരിത്രം കുറിച്ചു. ഇന്ത്യൻ ഓപ്പൺ കിരീടം നേടിയതോടെ ലേഡീസ് യൂറോപ്യൻ ടൂർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി ബെംഗലൂരുകാരി സ്വന്തമാക്കി. എസ്.എൽ നാരായൺ, പ്രണവ് ധൻവാഡെ എന്നിവരും മികവിന്‍റെ പാരമ്യതയിലെത്തി.

 

മുഹമ്മദലി, യൊഹാൻ ക്രൈഫ്, കാർലോസ് ആൽബട്ടോ എന്നിവരൊക്കെ ജീവിതത്തിന്‍റെ കളിമുറ്റത്ത് നിന്ന് വിടവാങ്ങി. ഫിഫ അണ്ടർ 17 ലോകകപ്പ് അടക്കം ഒരുപിടി അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യയിലേക്ക് എത്തുകയാണ്. പുതിയ കുതിപ്പിനും വിജയാരാവങ്ങൾക്കുള്ള കാത്തിരിപ്പിനുമുള്ളതാണ് ഇനിയുള്ള നാളുകൾ. ശുഭപ്രതീക്ഷകളുമായി ഗ്യാലറി 2016ഉം ഇവിടെ അവസാനിക്കുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close