Special

ഓർമ്മകളിൽ ഒരു 175

വായുജിത്


1983 ലെ ലോകകപ്പ് വിജയത്തിന്റെ നേരിയ ഓർമ്മകൾ ഇപ്പോഴുമുണ്ട് .  അപൂർവ്വം വീടുകളിൽ മാത്രം ടിവി ഉണ്ടായിരുന്ന അക്കാലത്ത് ക്രിക്കറ്റ് അറിയാൻ ഉള്ള ഒരേയൊരു മാർഗ്ഗം റേഡിയോ ആയിരുന്നു . ലോർഡ്സിൽ നിന്നുള്ള കമന്ററി കിട്ടാൻ വേണ്ടി പാടുപെട്ട് ബാൻഡുകളൊക്കെ മാറ്റേണ്ട അവസ്ഥ . ഫൈനലിൽ  ജിമ്മിയുടെ പന്ത് മൈക്കൽ ഹോൾഡിംഗിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ അത്യാഹ്ളാദത്തോടെ ജയിച്ചെടാ മോനേ എന്ന് അലറി വിളിക്കുന്ന ചേട്ടന്റെ ഓർമ്മയാണ് ഒന്ന് .

മറ്റൊന്ന് ഇന്ദിരാഗാന്ധി കപിൽ ദേവിനെ വിളിച്ച് അഭിനന്ദിച്ചുവെന്ന വാർത്ത ആവേശത്തോടെ പറയുന്നത് കേട്ടതും .  പിന്നീട് കേട്ടതെല്ലാം വീര കഥകളായിരുന്നു. ക്രീസിൽ നിലയുറപ്പിക്കാൻ സമയം പാഴാക്കാതെ ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കുന്ന ബാറ്റ്സ്മാൻ .  പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ പോരാടുന്ന നായകൻ . ഏത് വമ്പനേയും വീഴ്ത്താൻ കെൽപ്പുള്ള പന്തേറുകാരൻ. കപിൽ ദേവ് നിഖഞ്ജ് എല്ലാം തികഞ്ഞൊരു പോരാളിയായി മനസ്സിൽ കയറിക്കൂടാൻ അധിക കാലമൊന്നും വേണ്ടി വന്നില്ല.

kapil-decv

ക്രിക്കറ്റ് എപ്പോഴും അനിശ്ചിതത്വത്തിന്റെ കളിയാണ് . സാദ്ധ്യമായ ഏത് സ്കോറും എത്തിപ്പിടിക്കാൻ കഴിവുണ്ടെന്ന് ലോകം വിശ്വസിച്ച വെസ്റ്റിൻഡീസ് 1983 ലെ ലോകകപ്പ് ഫൈനലിൽ ഭാരതമുയർത്തിയ 183 നു മുന്നിൽ കാലിടറി വീണത് ഇതിനുദാഹരണമായി എടുത്തു കാണിക്കാറുണ്ട് .ചണ്ഡീഗഡിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നത് കാണുവാനെത്തിയ ഒരു ബാലൻ പിന്നീട് ഹരിയാന ഹരിക്കെയ്നായി വാഴ്ത്തപ്പെട്ടതിനു പിന്നിൽ പക്ഷേ ഈ അനിശ്ചിതത്വത്തിനു പങ്കൊന്നുമില്ല . മറിച്ച് അത് കഠിന പ്രയത്നത്തിന്റേയും തളരാത്ത പോരാട്ട വീര്യത്തിന്റെയും ബാക്കിപത്രമാണ് .

സച്ചിൻ ടെണ്ടുൽക്കറും ഗാംഗൂലിയും സേവാഗുമൊക്കെ വരുന്നതിനു മുൻപുള്ള കാലത്ത് വിരസമായ ടെസ്റ്റ് മത്സരങ്ങളേയും ഒട്ടൊക്കെ ആവേശം തന്നിരുന്ന ഏകദിന മത്സരങ്ങളേയും കൂടുതൽ ആവേശമുള്ളതാക്കി മാറ്റിയതിൽ ഈ ഹരിയാനക്കാരന് വലിയ പങ്കുണ്ട് .

ലോകോത്തര സ്പിന്നർമാരായ ബേദിയും പ്രസന്നയും വെങ്കിട്ടരാമനും പന്തെറിയുന്നതിനു മുൻപ് ആ പന്തിന്റെ തിളക്കം നഷ്ടപ്പെടുത്താൻ മീഡിയം പേസ് പന്തേറുകാരെ ഉപയോഗിക്കുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന് . അത് മറികടന്ന് പേസ് ബൗളിംഗിന്റെ സൗന്ദര്യവും കണിശതയും ആക്രമണാത്മകതയും സമന്വയിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ സൂര്യോദയമായി വന്നയാളായിരുന്നു കപിൽ ദേവ് നിഖഞ്ജ് .

kapil-dev

ഫീൽഡിൽ തങ്ങളുടെ അടുത്തേക്കു വരുന്ന പന്തുകൾ മാത്രം പെറുക്കുന്നതിനാൽ തന്തപ്പട എന്നു പേരുകേട്ട ഇന്ത്യൻ ക്രിക്കറ്റിനെ ചടുലതയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ക്യാപ്റ്റൻ . ഒരു പക്ഷേ ഇന്ന് ക്രിക്കറ്റ് പ്രതിഭകൾ ഇന്ത്യയിൽ ഉയർന്നു വരാൻ കാരണമായ ആദ്യ ലോകകപ്പ് വിജയത്തിന്റെ സൂത്രധാരൻ . അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് .

നിരവധി റെക്കോർഡുകളും വന്യമായ ഇന്നിംഗ്സുകളും ഏകദിന ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ടെങ്കിലും ക്രിക്കറ്റ് പണ്ഡിതരുടെ ഓർമകളിൽ തിളങ്ങി നിൽക്കുന്ന ഒരിന്നിംഗ്സ് കപിലിന്റേതാണ് . 1983 ജൂൺ 18 ന് ടൺബ്രിഡ്ജ് വെൽസിൽ സിംബാബ് വേയ്ക്കെതിരെ നേടിയ 175 റൺസ് 32 വർഷങ്ങൾക്കു ശേഷം ഇന്നും ലോകോത്തര ഇന്നിംഗ്സായി ഗണിക്കപ്പെടുന്നു .

സുനിൽ ഗവാസ്കറും സന്ദീപ് പാട്ടീലുമടങ്ങുന്ന പേരുകേട്ട ബാറ്റിംഗ് നിര സിംബാബ് വേയുടെ ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞ് കൂടാരം കയറിയപ്പോൾ 5 വിക്കറ്റിന് 17 റൺസ് എന്ന അവസ്ഥയിലായിരുന്നു ഇന്ത്യ .

Cricket World Cup 1983

തുടർന്ന് ടൺബ്രിഡ്ജ് വെൽസ് കണ്ടത് നൂറ്റാണ്ടിലെ തന്നെ മികച്ച ബാറ്റിംഗുകളിലൊന്നായിരുന്നു . വാലറ്റക്കാരെ ഒരു വശത്ത് നിർത്തി കപിൽദേവെന്ന മാന്ത്രികൻ ആടിത്തിമിർത്തപ്പോൾ ഇന്ത്യയുടെ അവസാന സ്കോർ 8 വിക്കറ്റിന് 266 റൺസ് . വിക്കറ്റിന് നാലുപാടും പന്ത് പായിച്ച വന്യമായ സ്ട്രോക്ക് പ്ലേ . ഇടയ്ക്ക് നൃത്തച്ചുവടുകളോടെ ഇറങ്ങി വന്ന് ലോംഗ് ഓഫിനും ലോംഗ് ഓണിനും മുകളിലൂടെ പന്തിനെ പറപ്പിക്കുന്ന ഉഗ്രൻ ഷോട്ടുകൾ .

ഓവറുകൾ അവസാനിച്ചപ്പോൾ 16 ബൗണ്ടറികളും 6 സിക്സറുകളുമായി കപിൽ 175 നോട്ടൗട്ട് .ഇന്ത്യൻ കളിക്കാർ അവസാനം വരെ പോരാടാൻ പഠിച്ചു തുടങ്ങിയത് അവിടെ നിന്നാണ് . ഒടുവിൽ ലോക ക്രിക്കറ്റ് പണ്ഡിതരെ ഞെട്ടിച്ചു കൊണ്ട് കപിലിന്റെ ചെകുത്താന്മാർ ലോകകപ്പിൽ മുത്തമിടുമ്പോൾ ചരിത്രം തിരുത്തപ്പെടുക മാത്രമല്ല പുതിയൊരു ചരിത്രം രചിക്കുക കൂടിയായിരുന്നു .  ഫൈനലിൽ വിവ് റിച്ചാർഡ്സിനെ പുറത്താക്കാൻ പിന്നോട്ടോടിയെടുത്ത ഒരു ക്യാച്ച് ഇന്നും അവിസ്മരണീയമായി തുടരുന്നു .

813354193

ഒരു ലോകകപ്പ് വിജയത്തിൽ മാത്രമൊതുങ്ങുന്നതല്ല ഇന്ത്യൻ ക്രിക്കറ്റിന് കപിലിന്റെ സംഭാവനകൾ . 80 കളിലൊരിക്കൽ ആസ്ട്രേലിയക്കെതിരെ വിജയത്തിനു വേണ്ടി വേദന സംഹാരികൾ കുത്തിവച്ച് കപിൽ 3 മണിക്കൂറോളം തുടർച്ചയായി പന്തെറിഞ്ഞിരുന്നു . പിന്നീടൊരിക്കൽ ഫോളോ ഓണിൽ നിന്ന് ഇന്ത്യയെ കരകയറ്റാൻ അവസാന ബാറ്റ്സ്മാനായ ഹിർവാനിയെ അപ്പുറത്ത് നിർത്തി ഇംഗ്ലണ്ടിന്റെ എഡി ഹെമ്മിംഗ്സിനെ നാലുവട്ടം ലോഡ്സ് മൈതാനത്തിന്റെ ഗ്യാലറിയിലെത്തിച്ചതും ഇതേ കപിൽ ദേവ് തന്നെയായിരുന്നു

.അങ്ങനെ എത്രയെത്ര ഇന്നിംഗ്സുകൾ .  പരാജയത്തിന്റെ വക്കിൽ നിന്ന് വിജയത്തിലേക്ക് എറിഞ്ഞിട്ട നിരവധി ബൗളിംഗ് പ്രകടനങ്ങൾ കപിലിനു സ്വന്തമാണ് . ഒരു സമയത്ത് ഏകദിനത്തിലും ടെസ്റ്റിലും എറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതിന്റെ റിക്കോർഡും കപിലിന്റെ പേരിലായിരുന്നു . ഏകദിന കരിയറിൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് 95.07 സ്ട്രൈക്ക് റേറ്റ് നിലനിർത്താൻ കഴിഞ്ഞ മറ്റൊരു ബാറ്റ്സ്മാനുണ്ടോ എന്ന് സംശയമാണ് .

kapilfb-story_647_010616125446

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ടത് സച്ചിനും സേവാഗും യുവരാജും ധോണിയുമൊക്കെയാകാം . പക്ഷേ ഇവരെല്ലാവരും ക്രിക്കറ്റ് കളിക്കാൻ കാരണമായ 83 ലെ ചരിത്ര വിജയത്തിനു പിന്നിൽ കപിൽദേവ് നിഖഞ്ജ് എന്ന ഹരിയാനക്കാരനായിരുന്നു എന്നതിൽ സംശയമില്ല . അതുകൊണ്ടാണല്ലോ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായി കപിലിനെ വിസ്ഡൻ തെരഞ്ഞെടുത്തത്.

ഇന്ന് കപിൽ ദേവിന്റെ ജന്മദിനമാണ് . ഇന്ത്യൻ ക്രിക്കറ്റിന് ഇനിയും സേവനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് നമുക്കാശംസിക്കാം .

646 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close