ColumnsNews

ഇന്ന് ലോക തണ്ണീർത്തട സംരക്ഷണ ദിനം

തണ്ണീർത്തടങ്ങളുടെ അനിവാര്യതയും, സംരക്ഷണവും ഇന്ന് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അനുപേക്ഷണീയമാവുകയാണ്. അതുകൊണ്ടു തന്നെ ലോക തണ്ണീർത്തടസംരക്ഷണ ദിനം വലിയ പ്രസക്തിയർഹിക്കുന്നുണ്ട്. തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉൾക്കൊളളുന്ന തണ്ണീർത്തടങ്ങൾ ഈ ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. 1971ൽ റാം‌സറിൽ നടന്ന സമ്മേളനത്തിലാണ് തണ്ണീർത്തടങ്ങൾക്ക് ആധികാരികമായ ഒരു നിർവ്വചനം കൽപ്പിക്കുന്നത്. ചതുപ്പ് നിറഞ്ഞതോ, വെളളക്കെട്ടു നിറഞ്ഞതോ ആയ ഭൂപ്രദേശം. പ്രകൃത്യാലുളളതോ മനുഷ്യനിർമ്മിതമോ, സ്ഥിരമോ താൽക്കാലികമോ ആയി ജലമൊഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധജലത്താലോ, കായൽ ജലത്താലോ, കടൽ വെളളത്താലോ നിറഞ്ഞതും, വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നതും ആറു മീറ്ററിൽ താഴെയെങ്കിലും ആഴമുളളതുമായ, ജലസസ്യങ്ങളോ, ജലത്തിൽ വളരുന്നതിനു രൂപപ്പെട്ട സസ്യങ്ങളോ വളരുന്നതുമായ ഭൂപ്രദേശങ്ങളെയാണ് തണ്ണീർത്തടങ്ങൾ എന്നു നിർവ്വചിച്ചിരിക്കുന്നത്.

കേരളം മാത്രമല്ല ഭാരതമൊട്ടാകെ ഇന്നു വരൾച്ചയുടെ പിടിയിലാണ്. 44 നദികളുളള കേരളത്തിൽപ്പോലും കൊടും വരൾച്ച അനുഭവപ്പെടുന്നു എന്നു വരുമ്പോൾ നാം ഭയപ്പെടേണ്ടതുണ്ട്. അത് മനുഷ്യരുടേതെന്നല്ല, മറിച്ച് ജീവരാശിയുടെ മുഴുവൻ അവസാനം കുറിക്കുന്ന പ്രകൃതിയുടെ മുന്നറിയിപ്പായി വേണം കരുതാൻ. ഇവിടെ ഈ മുന്നിൽക്കാണുന്ന അപകടാവസ്ഥയെ തരണം ചെയ്യാനും, അതിജീവിക്കാനും, മുൻകരുതലെടുക്കാനും മനുഷ്യർക്കല്ലാതെ മറ്റാർക്കും കഴിയില്ല എന്നു തിരിച്ചറിയേണ്ടതും നാം തന്നെയാണ്.

നമ്മുടെ ജലസ്രോതസ്സുകൾ പലതും മലീമസമാണെന്നതും, നാം സംരക്ഷിക്കാതെയിരിക്കുന്നുവെന്നതും മാത്രമല്ല; നാം അറിഞ്ഞും അറിയാതെയും അവ നശിപ്പിക്കുക കൂടി ചെയ്യുന്നു. മണലൂറ്റും, നദികൾ നികത്തലും തുടങ്ങി മനുഷ്യന്റെ കടന്നാക്രമണങ്ങളിൽ പുഴ മരിക്കുമ്പോൾ, ഇല്ലാതെയാക്കപ്പെടുന്നത് വരും തലമുറകളുടെ ഈ ഭൂമിയിൽ ജീവിക്കാനുളള അവകാശം കൂടിയാണ്.

നമ്മുടെ ജലസ്രോതസ്സുകൾ നേരിടുന്ന മലിനീകരണം മാരകവും, ഭീകരവുമാണ്. അശാസ്ത്രീയമായ കൃഷിരീതികളും, ഉദാസീനമായ മാലിന്യ നിക്ഷേപവും, നിയന്ത്രണങ്ങളില്ലാത്ത വ്യവസായവും, മാലിന്യനിയന്ത്രണമാനങ്ങളെയെല്ലാം വെല്ലു വിളിച്ചു കൊണ്ടു നടപ്പാക്കപ്പെടുന്ന bharathappuzhaവിനോദസഞ്ചാരമേഖലയുമെല്ലാം നമ്മുടെ ജലസ്രോതസ്സുകളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. ഇന്നു രാജ്യത്തു നിലവിലുളള ഡാമുകളിൽ പകുതിയെങ്കിലും മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ ഫലമാണെന്നു പറയാതെ വയ്യ. ഇങ്ങനെ പ്രകൃതി നമുക്കായി കനിഞ്ഞു നൽകിയ അമൃതപ്രവാഹങ്ങളെ നാമായിത്തന്നെ ഇല്ലായ്മ ചെയ്യുന്ന സ്ഥിതിയാണിന്നുളളത്.

സർക്കാർ തലത്തിൽ പോലും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നത് ദുഃഖകരമാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഇനിയും ശക്തമായ നിയമങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. ഇവ മലിനപ്പെടുത്തുന്നവർക്ക് കഠിനമായ ശിക്ഷകളുണ്ടാവണം. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും, ശിക്ഷ നടപ്പാക്കാനും മനുഷ്യർക്കു കഴിഞ്ഞില്ലയെങ്കിൽ ആ ധർമ്മം പ്രകൃതി സ്വയമേറ്റെടുക്കുമെന്നു നാം ഇനിയെങ്കിലും മനസ്സിലാക്കണം. പ്രകൃതിയുടെ അലംഘനീയമായ ആ വിധി നടപ്പാക്കലിനെ നേരിടാൻ ഒരു പക്ഷേ നാം അശക്തരായെന്നു വരും.

Shares 792
Close
Close