NewsIcons

ആയുർശാസ്ത്രത്തിന്റെ ആത്മതേജസ്സ്

ഭാരതീയന് എന്നും എല്ലാ അറിവുകളും ആത്മവിദ്യയുടെ പ്രതിഫലനങ്ങളാണ്. ജീവിതവും, കർമ്മവും, ധർമ്മവും ആത്മീയതയുമായി ബന്ധപ്പെടുത്തിയതു കൊണ്ടാണ് അവൻ എല്ലാത്തിലും ദൈവീകത കണ്ടെത്തിയതും, പൂർണ്ണത തേടിയതും.

ആരോഗ്യസം‌രക്ഷണരംഗത്തെ അപൂർവ്വ സൗഭാഗ്യം തന്നെയായിരുന്നു സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്. സേവനം യജ്ഞമാക്കി മാറ്റിയ സന്യാസി! തികച്ചും നിഷ്കാമമായി, തന്നെ തേടിയെത്തുന്ന രോഗികൾക്ക് ഔഷധം മാത്രമല്ല അദ്ദേഹം പകർന്നു നൽകിയത്. മറിച്ച് ആ ഔഷധത്തെ പൂർണ്ണമായും സ്വീകരിക്കാനുളള ആത്മശക്തി കൂടി പകർന്നു നൽകിയിരുന്നു സ്വാമിജി.

സുദീർഘവും, സുചിന്ത്യവും, ആകർഷകവുമായ വാഗ്‌ധോരണി സ്വാമിജിയുടെ സവിശേഷതയായിരുന്നു. ഒരു ഔഷധം സ്വീകരിക്കാനുതകുന്ന രീതിയിൽ ശരീരത്തെയും, മനസ്സിനെയും, ജീവിതത്തെയും ക്രമപ്പെടുത്തുന്നതിനേക്കുറിച്ച് വിശദമായി പറഞ്ഞു കൊടുത്ത ശേഷമാണ് രോഗികൾക്ക് അദ്ദേഹം മരുന്നു നൽകിയിരുന്നത്. തികച്ചും ഗ്രാമ്യമായ ഭാഷയിൽ, തമാശകളും, കുറിക്കു കൊളളുന്ന വിമർശനങ്ങളും ഇടകലർത്തിയ അദ്ദേഹത്തിന്റെ സംസാരശൈലി ആയിരങ്ങളെ ആകർഷിച്ചിരുന്നു.

പ്രകൃതിയോടും, പ്രപഞ്ചത്തോടും, ഈശ്വരനോടും, അവനവനോടു തന്നെയും എങ്ങനെ നീതി പുലർത്തി ജീവിക്കാം എന്ന് ലളിതമായ ഭാഷയിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. അതാവട്ടെ രോഗാവസ്ഥയിൽ സ്വാമിജിയെ അഭയം തേടിയെത്തിയ പതിനായിരങ്ങളിൽ ഭൗതികവും, ആത്മീയവുമായ നവോന്മേഷമാണ് പകർന്നു നൽകിയത്. അവിടെയെത്തിയാൽ, സ്വാമിയുടെ ഘനഗംഭീരമായ വാഗ്‌ധോരണിയൊന്നു കേട്ടാൽ പാതി രോഗം മാറിയെന്നു വിശ്വസിച്ചിരുന്ന നിരവധി പേർ… പലരും, ആധുനിക വൈദ്യശാസ്ത്രം പോലും കൈയ്യൊഴിഞ്ഞ അവസ്ഥയിൽ അഭയം തേടിയെത്തിയവർ…

സംസ്കൃതം, മർമ്മചികിത്സ തുടങ്ങിയവയിൽ അഗാധമായ പാണ്ഡിത്യം സ്വാമിജിക്കുണ്ടായിരുന്നു. അദ്ദേഹം നയിച്ചു വന്നിരുന്ന ഗീതാജ്ഞാനയജ്ഞങ്ങൾ വേറിട്ട ശൈലിയും, മനോഹരമായ ആഖ്യാനവും കൊണ്ട് ആകർഷകങ്ങളായിരുന്നു. ഭൗതികവും, ആത്മീയവും, ആധുനികവും, പൗരാണികവും, ലൗകികവും, ശാസ്ത്രീയവുമായ മേഖലകളിൽ സ്വാമിജി പകർന്നു നൽകിയ അറിവിന്റെ വെളിച്ചം പതിനായിരങ്ങളിൽ ജീവിതത്തിനു പുതിയൊരു വീക്ഷണം തന്നെ സമ്മാനിച്ചു. രോഗം എന്നത് ഏറിയ കൂറും നാം മനുഷ്യരുടെ വികലമായ ചിന്തയും, പ്രവർത്തിയും, ആഹാരരീതിയും, ജീവിതവും ക്ഷണിച്ചു വരുത്തുന്ന ഒന്നാണെന്ന് ഓരോരുത്തർക്കും സ്വാമിജി ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. ഭാരതീയ തത്വശാസ്ത്രത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ആ മഹാജ്ഞാനിയുടെ വാഗ്‌ധോരണികൾ അധിനിവേശത്തിനൊരുമ്പെട്ടു നിന്ന മിഥ്യാബോധങ്ങളെയെല്ലാം തച്ചു തകർത്ത് അപരിമേയമായ ഭാരതീയ ജ്ഞാനസാഗരത്തിന്റെ ഭണ്ഡാഗാരം ശ്രോതാക്കൾക്കു മുൻപിൽ തുറന്നു വച്ചു. തന്നെ ശ്രവിച്ച ഓരോ മനസ്സുകളിലും നിർമ്മലമായ ജീവിതവീക്ഷണത്തിന്റെ മൺ ചെരാതുകൾ കൊളുത്തി വച്ചു.

രോഗവും, രോഗചികിത്സയും വിശാലമായ കച്ചവടസാദ്ധ്യതകൾ തുറന്നിട്ട ആധുനിക കാലത്ത് സൗമ്യമായ മന്ദഹാസം തൂകി, അറിവിന്റെ അമൃതവർഷം പൊഴിച്ച്, തികച്ചും നിസ്വാർത്ഥമായി, പ്രതിഫലമൊന്നും തന്നെ വാങ്ങാതെ ലക്ഷങ്ങൾക്ക് സാന്ത്വനമായി ആ ജ്ഞാനതേജസ്സ് പതിറ്റാണ്ടുകൾ നിലകൊണ്ടു.

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് വിടവാങ്ങുമ്പോൾ ഈ മണ്ണിൽ നിന്നും അപ്രത്യക്ഷമാകുന്നത് രോഗവും, വേദനയും, ദാരിദ്ര്യവും കൊണ്ട് പ്രതീക്ഷയറ്റ പതിനായിരങ്ങൾക്കു മുൻപിൽ ജ്വലിച്ചു നിന്ന ഒരു പ്രകാശഗോപുരമാണ്. നിറഞ്ഞ വാത്സല്യം തൂകി ഓരോ സഹജീവികൾക്കും സാന്ത്വനത്തിന്റെ സ്നേഹസ്പർശമേകിയ ആ മഹാഗുരുവിന് ജനം ടി.വിയുടെ സാഷ്ടാംഗപ്രണാമം

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close