Columns

ബലികുടീരങ്ങളേ കമ്യൂണിസ്റ്റ് പാട്ടല്ല : രക്തസാക്ഷികൾ സിന്ദാബാദിലെ മോഹൻലാൽ കമ്യൂണിസ്റ്റുമല്ല

കാളിയമ്പി


കോനാട്ടുമഠം ചിദംബര സുബ്രമണ്യ അയ്യർ..പേരു കേട്ടിട്ടു വലിയ ഏതോ ബൂർഷ്വാ പിന്തിരിപ്പനാണെന്ന് തോന്നുന്നുണ്ടാവും, പക്ഷേ നമ്മളറിയുന്നത് വേറൊരു പേരിലാണ്. കേ സീ എസ് മണി. അതേ.. സീ പീ രാമസ്വാമി അയ്യരെ വെട്ടിക്കൊന്നിട്ടായാലും കേരളത്തിനെ ഭാരതവുമായി യോജിപ്പിയ്ക്കുമെന്ന് നിനച്ച് വാളെടുത്ത വിപ്ളവകാരി.

ഭാരതമെന്ന രാഷ്ട്രത്തിന്റെ ഒരുമയ്ക്ക് വിലങ്ങുതടിയായി അമേരിയ്ക്കൻ മോഡലെന്ന പുതിയ കണ്ടുപിടിത്തവുമായി തിരുവിതാംകൂർ രാജവംശവും അവരുടെ ദിവാനായിരുന്ന സീ പീ രാമസ്വാമി അയ്യരും വന്നപ്പോൾ രാഷ്ട്രമെന്ന ചിന്തയിൽ മാത്രം ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്ന ചിലർക്കത് സഹിയ്ക്കാവുന്നതിലുമപ്പുറമായിരുന്നു. കുറഞ്ഞ സമയത്തിനകം മുഹമ്മദലി ജിന്ന മുതൽ ബ്രിട്ടീഷ് ഏജന്റുമാർ വരെ സ്വതന്ത്ര തിരുവിതാകൂറെന്ന മനക്കോട്ടകെട്ടാൻ തുടങ്ങി.

ചട്ടമ്പിസ്വാമികളുടെ വത്സല ശിഷ്യനായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റുകളുടെ ഒരു വിപ്ളവസംഘം പ്രവർത്തിയ്ക്കുന്നുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി ഭൂരിഭാഗം ഭൂപ്രദേശവുമൊരുമിച്ച് ഭാരതമെന്ന ആയിരക്കണക്കിനു കൊല്ലം പഴക്കമുള്ള ആശയം പ്രവർത്തിപഥത്തിലെത്തുന്ന നിമിഷം വിലങ്ങുതടിയായി നിൽക്കുന്ന ദിവാനെ കൊലപ്പെടുത്താൻ തന്നെ അവർ തീരുമാനിച്ചു.

ആരാണാ കൃത്യം ചെയ്യുക? സംശയമൊന്നുമില്ലാതെ കേ സീ എസ് മണി ആ കൃത്യം ഏറ്റെടുത്തു. എൻ ശ്രീകണ്ഠൻ നായരെന്ന അതികായന്റെ വിശ്വസ്തനായ അനുയായിയായിരുന്നു കേ സീ എസ് മണി. സീപീ രാമസ്വാമി അയ്യരെ വെട്ടാൻ ധൈര്യമുണ്ടോ എന്ന് തമ്പാനൂരിലെ സത്രത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന സീ പീയുടെ പ്രതിമ തച്ചുടച്ചായിരുന്നു പരീക്ഷിച്ചത്. 1947 ജൂലായ് 25 നു തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ കച്ചേരി ആസ്വദിയ്ക്കാനെത്തിയ ദിവാനെ മണി വെട്ടി. ദിവാന്റെ ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും പത്ത് ദിവസത്തിനകം തിരുവിതാംകൂർ യാതൊരുടമ്പടികളുമില്ലാതെ ഭാരതത്തിൽ ലയിയ്ക്കാൻ തീരുമാനിച്ചു. 1947 ആഗസ്റ്റ് 19നു സർ സീ പീ രാമസ്വാമി അയ്യർ ദിവാൻ സ്ഥാനമൊഴിഞ്ഞു.

കേ സീ എസ് മണിയും അദ്ദേഹം ദൈവതുല്യമാദരിച്ചിരുന്ന എൻ ശ്രീകണ്ഠൻ നായരും എന്നും കമ്യൂണിസ്റ്റുകൾക്കെതിരായിരുന്നു. ക്വിറ്റ് ഇൻഡ്യാ സമരത്തിൽ കമ്യൂണിസ്റ്റുകാർ ചതിച്ച ചതി അവരെ വിശാസത്തിലെടുക്കുന്നതിൽ നിന്ന് ശ്രീകണ്ഠൻ നായരെ എന്നും തടഞ്ഞു. പലപ്പോഴും ഇടതു മുന്നണിയിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ നിന്നെങ്കിലും ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ നടത്തിയ വിമോചനസമരത്തിൽ പോലും ശ്രീകണ്ഠൻ നായർ നേതൃത്വം നൽകിയ ആർ എസ് പീ പങ്കെടുത്തിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയന്ന് മുതൽ ശ്രീകണ്ഠൻ ചേട്ടന്റെ വിശ്വസ്ത അനുയായിയായിരുന്നു ശ്രീ കേ സീ എസ് മണി.

ഭാരത ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്ന അദ്ദേഹം ആരാലുമോർക്കപ്പെട്ടില്ല. ഒരുപക്ഷേ ഭാരതം മുഴുവൻ ഇന്ന് കാണുന്ന രീതിയിലൊരുമിയ്ക്കാൻ ആ ഒരൊറ്റ വെട്ടായിരുന്നിരിയ്ക്കണം കാരണം.

ശ്രീകണ്ഠൻ ചേട്ടനും തകഴി ശിവശങ്കരപ്പിള്ളയുമൊക്കെയായി നല്ല അടുപ്പമുണ്ടായിരുന്ന അദ്ദേഹം പതിയെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് അയ്യപ്പസ്വാമിയുടെ പാദങ്ങളിൽ ശരണമർപ്പിച്ചു. അവസാനകാലത്ത് അത്താഴപ്പൂജ ചെയ്ത് നടയടച്ച് കഴിയുമ്പോൾ ഒഴിഞ്ഞ അമ്പലപ്പുഴ ക്ഷേത്രത്തിൽ തളരുവോളം ശയനപ്രദക്ഷിണം ചെയ്തു. ആരോടും പറയാതെ ചിലപ്പോൾ അയ്യപ്പനെക്കാണാൻ മലകയറി. അൽപ്പം മദ്യപാനശീലമുണ്ടായിരുന്ന അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ച സ്നേഹമുള്ളവരോട് “ആർക്ക് വേണ്ടി എന്തിനു വേണ്ടി ഞാൻ കുടിയ്ക്കാതിരിയ്ക്കണമെന്ന്” ചോദിച്ചു 1987 സെപ്റ്റംബർ ഇരുപതാം തീയതി പുലയനാർക്കോട്ട ആശുപത്രിയിൽ അദ്ദേഹം ദേഹം വെടിഞ്ഞു.

ജീവിതത്തിലൊരിയ്ക്കലും മണി കമ്യൂണിസ്റ്റായിരുന്നില്ല. കോൺഗ്രസ് സോഷ്യലിസ്റ്റായിരുന്നു, പിന്നീട് ആർ എസ് പീ ക്കാരനായിരുന്നു. ഇവരാരും കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്വശാസ്ത്രവുമായൊ രീതികളുമായോ ഒരിയ്ക്കലും യോജിച്ചിരുന്നില്ല എന്നല്ല ക്വിറ്റിന്ത്യാ സമരം മുതൽ സ്വരാജ്യത്തെ ഒറ്റുകൊടുത്തുകൊണ്ടിരുന്ന അവരുടെ ചെയ്തികളോട് എന്നും അവിശ്വാസത്തോടെയാണ് നിലനിന്നതും. ഒരിയ്ക്കലും കമ്യൂണിസ്റ്റ് പാർട്ടിയിലോ ആശയങ്ങളിലോ കേ സീ എസ് മണി ഉണ്ടായിരുന്നില്ല. കുമ്പളത്ത് ശങ്കുപ്പിള്ളയോ, മറ്റു കോൺഗ്രസ്സ് സോഷ്യലിസ്റ്റുകാരോ ഉണ്ടായിരുന്നില്ല. ബേബീ ജോണെന്ന മുതലാളിയുടെ കക്ഷത്തിലമർന്ന ആർ എസ് പി വിട്ട് 1982ൽ എൻ. ശ്രീകണ്ഠൻ നായർ അവസാനം യൂഡീഎഫിൽ ചേർന്നു. ആർ എസ് പീ എന്ന പാർട്ടിയിൽ നിന്ന് അദ്ദേഹത്തിന്റെ കൂടെ ഇറങ്ങിപ്പോന്ന ഒരേ ഒരാളായ കടവൂർ ശിവദാസൻ ഇന്ന് കോൺഗ്രസ്സ് പാർട്ടിയിലാണ്.

പറഞ്ഞുവന്നത്, നിങ്ങളറിയും ഈ കേ സീ എസ് മണിയെ. മോഹൻലാൽ തകർത്തഭിനയിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ ജീവിതം. വേണു നാഗവള്ളി സംവിധാനം ചെയ്ത രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയിൽ. സുരേഷ് ഗോപിയും സുകന്യയുമൊക്കെ പൊന്നാര്യൻ പാടം കതിരാടും നേരത്ത് കമ്യൂണിസ്റ്റുകാരുടെ ചുവന്ന കൊടിയും പിടിച്ച് കാക്കാത്തിയുടേ പാട്ടൊക്കെ പാടി ഉഷാറാക്കിയ സിനിമ. ഇംഗ്ളണ്ടിൽപ്പോയി പഠിച്ചുവന്ന ഒരു മുന്തിയ കമ്യൂണിസ്റ്റുസഖാവ് മറ്റു സഖാക്കളുമൊത്ത് ദിവാൻ രാമസ്വാമി അയ്യരെ വെട്ടിയ കഥ.

ആലോചിയ്ക്കുക, നാളെയൊരു കാലത്ത് ഈയിടെ നടന്ന ലോക്കോളേജ് സമരത്തിൽ ആ മരത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നൊക്കെ പറഞ്ഞ ഏ ബീ വീ പീ ക്കാരന്റെ കഥ സിനിമയാക്കിയാൽ, ആ കുട്ടി മരത്തിനു മുകളിൽ ചെങ്കൊടിയേന്തിയ കമ്യൂണിസ്റ്റുകാരനായും വി മുരളീധരനു പകരം കുട്ടികൾക്ക് നീതി കിട്ടാൻ പന്തലുകെട്ടി നിരാഹാരമിരുന്ന കോലിയക്കോട് കൃഷ്ണൻ നായരുമായി മാറുന്ന അപൂർവ കാഴ്ച.

ഈ തിരുട്ടുമറവ് പിന്നെയും നിങ്ങൾ കണ്ടിട്ടുണ്ട്. അടിയന്തിരാവസ്ഥാ തള്ളുകളിൽ… സോഷ്യലിസ്റ്റുകാരും നക്സലേറ്റുകളും ആർ എസ് എസ് കാരുമാണ് അടിയന്തിരാവസ്ഥ സമയത്ത് മുഴുവൻ സമരം നയിയ്ക്കുകയും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തത്. സീപീഎം നേതാക്കളെയൊക്കെ പേരിന് ഒന്ന് അറസ്റ്റ് ചെയ്യുകയല്ലാതെ ഒന്നുമുണ്ടായിട്ടില്ല. പ്രാദേശികമായി കോൺഗ്രസ്സുകാരുടെ വിളയാട്ടത്തിന്റെ ഭാഗമായി ഉണ്ടായേക്കാമെന്നല്ലാതെ അവരൊക്കെ ഒരു പീഡനവുമേറ്റു വാങ്ങിയിട്ടില്ല.

പക്ഷേ പണ്ടൊരിയ്ക്കൽ സീപീഎം നേതാക്കളെ അടിയന്തിരാവസ്ഥ സമയത്ത് ആരും ഒന്നും ചെയ്തിരുന്നില്ലെന്നും അവർ ആക്ടീവ്ലീ ഇനാക്ടീവ് ആയിരുന്നെന്നുമൊക്കെ ഏതോ ഒരു ബ്ളോഗ് സകല തെളിവുകളുമായി സമർത്ഥിച്ചപ്പോഴും ഒരൊറ്റയാളും അത് വിശ്വസിയ്ക്കാൻ തയ്യാറായില്ല. ഇവിടെ പലരും ജീവിച്ച, ഓർമ്മയുള്ള കാലത്തെ ചരിത്രമാണത്.

ഇങ്ങനെയാണ് ചരിത്രങ്ങൾ എഴുതപ്പെടുന്നത്. പൊതുബോധം ഉണ്ടാക്കപ്പെടുന്നത്. ആ വിഷയത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഗവേഷണം നടന്നിരിയ്ക്കാവുന്ന സോവിയറ്റ് യൂണിയനിൽ നിന്ന് കിട്ടിയ ട്രെയിനിങ്ങ് സകലതുറകളിലും കമ്യൂണിസ്റ്റുകാർ പ്രയോഗിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ന് വരെ അതിന്റെ പേരിൽ ചില്ലറ കഥകളും കവിതകളും നോവലുകളുമല്ല അവരുടെ പബ്ളിക്കേഷനുകൾ ഇറക്കിയത്. അത് വായിച്ച് കേ സീ എസ് മണി എന്ന കോൺഗ്രസ്സ് സോഷ്യലിസ്റ്റ് രക്തസാക്ഷികൾ സിന്ദാബാദിൽ കഥാപാത്രമായപ്പോൾ കമ്യൂണിസ്റ്റുകാരനായതുപോലെ അടിയന്തിരാവസ്ഥയിലെ സാങ്കൽപ്പിക കമ്യൂണിസ്റ്റു നേതാക്കളെ മനസ്സിൽ ധ്യാനിച്ച് നമ്മൾ കോൾമയിർ കൊള്ളും. അപ്പോഴും യഥാർത്ഥത്തിൽ ചവിട്ടും തൊഴിയുമേറ്റ് പിടഞ്ഞവർ ചരിത്രത്തിന്റെ മൂലകളിലെവിടെയോ ശയനപ്രദക്ഷിണം നടത്തുകയാവണം.

ബലികുടീരങ്ങളേ എന്ന ഗാനം വേറൊരുദാഹരണം. 1857 ലെ ഒന്നാം സ്വാന്തന്ത്ര്യസമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1957ൽ തിരുവനന്തപുരത്ത് അന്നത്തെ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് പങ്കെടുത്ത സമ്മേളനത്തിൽ പാടാനായി 1857ലെ യുദ്ധധീരന്മാരെയും ധീരകളേയും കുറിച്ചെഴുതിയ ഗാനമാണതെന്ന് അറിയാമോ? സ്മരണകളിരമ്പും രണസ്മാരകങ്ങൾ.. റാണി ലക്ഷ്മീ ഭായിയ്ക്കും മംഗൽ പാണ്ഡെയ്ക്കും താന്തിയാ തോപ്പിയ്ക്കുമൊക്കെ വേണ്ടിയാണാ ജനകോടികൾ സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ ചാർത്തിയത്. അവരിലാണ് നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ തുടിച്ചത്. അവരാണ് തലമുറകൾ തോറും കെടാത്ത കൈത്തിരികൾ കൊളുത്തിയത്. അവരാലാണ്, അവരുടെ ത്യാഗം കൊണ്ട് മാത്രമാണ് ഹിമഗിരിമുടികൾ മുതൽ സിന്ധുസമുദ്രം വരെ പടഹമുയർത്തിയത്.. അവരുടെ ബലിദാനങ്ങളുടെ ഹോമാഗ്നിയിലാണ് ഇന്ന് ഗംഗയിൽ പൊന്നിൻ താമരമുകുളങ്ങൾ വിടർന്നത്.

അല്ലാതെ സ്റ്റാലിന്റെയും മാവോയുടെയും ഇണ്ടാസുകൾ മാറി മാറി വരുന്നത് നോക്കി സ്വരാജ്യത്തെ സ്നേഹിയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്ന അവസരവാദികൾക്കായല്ല.

ഇതെന്തിനാണ് ഇന്ന് പറയുന്നതെന്നാണോ? എന്തെങ്കിലും അപാരമായ കാര്യം കാണുമായിരിയ്ക്കും. അമേരിയ്ക്കയുടെ മൂലയിലുള്ള മെക്സിക്കോയിൽ ഒരുപാട് ഡ്രഗ് മാഫിയാക്കാർ ഉണ്ടല്ലൊ..അല്ലേ.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close