NewsMovieEntertainment

അപാരതയുടെ അന്തര്‍ശൂന്യതകള്‍

അനൂപ് ഗോപിനാഥ്


ചെങ്കൊടിയേന്തി ആര്‍പ്പുവിളികളുമായി അണപൊട്ടുന്ന ആവേശത്തോടെ തീയേറ്ററിലെത്തുന്ന യുവത്വത്തിന്റെ കാഴ്ചയാണ് ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ഈയൊരു ആര്‍പ്പുവിളി സ്വീകരണം, അത്രകണ്ട് ജനകീയരല്ലാത്ത/ജനസമ്മിതി നേടിക്കൊണ്ടിരിക്കുന്ന യുവതാരനിര ചിത്രത്തിന് ലഭിച്ചതിന്റെ കാരണം അത് ചര്‍ച്ചചെയ്യുന്ന പ്രമേയ പരിസരത്തിന്റെ പ്രത്യേകത കൊണ്ടാണ്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കറുത്തമുഖം തുറന്നുകാട്ടുന്ന ചിത്രം ഒരു പ്രത്യേക സംഘടനയെ ലക്ഷ്യം വച്ചായതുകൊണ്ടുതന്നെ ആവേശം അല്‍പ്പം അതിരുകടക്കുന്നു.

ഒന്നിനെ ഉയര്‍ത്തിക്കാട്ടാന്‍ മറ്റൊന്നിനെ ഇടിച്ചുതാക്കുന്ന സ്ഥിരം ശൈലി യാത്രയാണ് ചിത്രത്തിന്റേതും. എസ് എഫ് ഐ, കെ എസ് യു എന്നീ രണ്ട് സംഘടകളുടെ പോരിന്റെ കഥ പറയുന്ന ചിത്രം ഏത് രാഷ്ട്രീയമാണ് വിഭാവനം ചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തം. സക്രീനില്‍ മുഴങ്ങുന്ന കാതടപ്പിക്കുന്ന ശബ്ദവിന്യാസത്തിനൊപ്പം ആവേശം കൊള്ളുന്ന പ്രേക്ഷക/അനുഭാവ സമൂഹം എന്തുകൊണ്ടും ആവശ്യപ്പെടുന്ന ചിത്രമാണിത്. സമീപകാലത്ത് സംഭവിച്ച ചില സമരപരമ്പരകളിലെ ക്ഷീണം വിട്ടുമാറാനും ആലസ്യത്തിലാണ്ടുപോയ അണികളുടെ ഉന്മേഷം ആളിക്കത്തിക്കാനും ഉതകുന്ന ഉത്തമ ഔഷധമായി മാറുന്നുണ്ട് ചിത്രം.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത്തരത്തില്‍ ഉപയോഗിക്കാവുന്ന ചിത്രമായി മാത്രം നിലകൊള്ളുന്നിടത്താണ് മെക്‌സിക്കന്‍ അപാരതയെ വിമര്‍ശനവിധേയമാക്കേണ്ടത്. ഏത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയാണോ ചിത്രം നിര്‍മ്മിച്ചത് അതില്‍ നിന്നും വിപരീതഫലമാണ് പലപ്പോഴും ലഭിക്കുന്നതെന്ന് വ്യക്തം. സ്വയം വിമര്‍ശന വിധേയമാക്കേണ്ട പാഠങ്ങള്‍ക്കൊപ്പം അരാഷ്ട്രീയ- സ്ത്രീവിരുദ്ധ ചേരുവകള്‍ ആവശ്യത്തിന് വിളമ്പിയാണ് ഈ മെക്‌സിക്കന്‍ അപരാത ആവേശം തീര്‍ക്കുന്നത്.

ക്യാമ്പസ് പശ്ചാത്തലമാക്കി നിരവധി അല്ലെങ്കിലും പല കാലഘട്ടങ്ങളില്‍ പല സിനിമകള്‍ വന്നുപോയിട്ടുണ്ട് മലയാളത്തില്‍. പ്രണയത്തിനും പ്രതികാരത്തിനും കലാലയ രാഷ്ട്രീയത്തിനുമൊക്കെ സമം ചേര്‍ത്ത അളവില്‍ പ്രാധാന്യം കൊടുത്തിട്ടുമുണ്ട് അവയില്‍ പലതും. കലാലയത്തിന്റെ ഉപരിപ്ലവകാഴ്ചകളിലേക്കുള്ള യാത്രക്കിടയിലും ആ മതില്‍ക്കെട്ടിനുള്ളില്‍ വിടരുന്ന സര്‍ഗ്ഗാത്മകസൗന്ദര്യം ചര്‍ച്ചചെയ്യാനും മുതിര്‍ന്നിരുന്നു അത്തരം ചിത്രങ്ങള്‍.

എന്നാല്‍ ഒരു മെക്്‌സിക്കന്‍ അപാരതയിലേക്ക് എത്തുമ്പോള്‍ അത്തരം സര്‍ഗ്ഗാത്മക പ്രവണതകളെ പാടെ അവഗണിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. കലാലയ രാഷ്ട്രീയമെന്നാല്‍ വെറും രക്തച്ചൊരിച്ചിലിനും ഏതുവിധേനയുമുള്ള പ്രതികാര ശ്രമങ്ങള്‍ക്കുമുള്ള ഭൂമിക മാത്രമാണെന്ന് അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ചിത്രം. സിനിമ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്ന വിമര്‍ശനം ഉയരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരമൊരു പ്രമേയത്തിലൂന്നി മുന്നോട്ട് പോകാന്‍ സംവിധായകന്‍ കാട്ടിയ ധൈര്യം/വീണ്ടുവിചാരമില്ലായ്മക്കാണ് ആദ്യകൈയ്യടി.

ക്യാമ്പസ് സിനിമകളില്‍ തമാശരൂപേണ അധ്യാപകരെ കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ കടന്നുവരാറുണ്ട്. അതേസമയം ആ പ്രതിരൂപത്തില്‍ നന്മയുള്ള കഥാപാത്രങ്ങളെയും സൃഷ്ടിച്ച് സാധൂകരണം നടത്താനും ശ്രമം നടക്കാറുണ്ട്. എന്നാല്‍ ഇവിടെ അധ്യാപകരെ ആദ്യന്തം അവഗണിക്കുന്ന സമീപനം വച്ചുപുലര്‍ത്തുന്നു. ക്യാമ്പസില്‍ ഹീറോയാകണമെങ്കില്‍ പ്രധാനാധ്യാപകനെ ഉള്‍പ്പെടെ തെറിവിളിക്കണമെന്ന സാമാന്യബോധം വച്ചുപുലര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. എതിര്‍ സംഘടനയുടെ സംസ്‌കാരമില്ലായ്മ ചൂണ്ടിക്കാണിക്കാനാണ് ഇത്തരം രംഗങ്ങള്‍ ഉപയോഗിക്കുന്നതെങ്കിലും സിനിമ മൊത്തത്തില്‍ ചര്‍ച്ചചെയ്യുന്ന പ്രമേയമായി ഇതിനെ കണക്കാക്കേണ്ടിവരും. (പ്രധാന അധ്യാപകന്റെ കസേര കത്തിച്ച കലാലയരാഷ്ട്രീയ പാരമ്പര്യം കണ്ടറിഞ്ഞ കേരളത്തിന് ഇതില്‍ പുതുമ കണ്ടെത്താനായെന്നുവരില്ല).

ഇതുമാത്രമല്ല തൊലിയുടെ നിറത്തിലൂന്നിയ കറുത്ത ഹാസ്യവും മുഴുനീള സ്ത്രീവിരുദ്ധ നിലപാടുകളുമായി കുത്തഴിഞ്ഞ യാത്രയാണ് സിനിമയുടേത്. നായകന്മാര്‍ക്കൊപ്പം കൊടിപിടിക്കാനും തല്ലുകൊള്ളാനും മെനഞ്ഞെടുത്ത കറുത്ത നിറമുള്ള കൂട്ടുകാരനെ യാതൊരു ഗുണവുമില്ലാത്ത വ്യക്തിയായാണ് ഉടനീളം അവതരിപ്പിക്കുന്നത്. മെയിന്‍ എടുത്ത വിഷയത്തിന്റെ ടെക്സ്റ്റ് ബുക്ക് പോലും കണ്ടാല്‍ മനസിലാകാത്ത ആളായി ചിത്രീകരിക്കുന്നിടത്തും താന്‍ പഠിച്ച് ജോലിനേടി പെങ്ങന്‍മാരെ കെട്ടിച്ചയക്കണമെന്ന അവന്റെ സംഭാഷണത്തിലുമൊക്കെ ഈ അധകൃത മനോഭാവത്തെ സംവിധായകന്‍ മനപൂര്‍വ്വം കുടിയിരുത്തുന്നു.

പെങ്ങന്മാരെ കാണിക്കുന്നതിലും വ്യക്തമാണ് ഈ കറുപ്പിന്റെ രാഷ്ട്രീയം. കൊടിപിടിക്കാനും തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം മുഴക്കാനും കൂടെയുണ്ടെങ്കിലും എകെജിയെ കണ്ടാല്‍ അവന് മനസിലാകുന്നില്ല. അഥവാ അത്തരം അറിവുകള്‍ അവനിലേക്ക് നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുനടത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ല. തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സവര്‍ണ്ണാധിപത്യമെന്ന വിമര്‍ശനം അടുത്തിടെ നാം കേട്ടതാണ്. അതിന്റെ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളെ ചേര്‍ത്തുവായിക്കുന്നതിലും തെറ്റില്ല. കൂടാതെ പ്രേമിക്കുന്ന പെണ്ണിനുമുന്നില്‍ അവള്‍ ഇഷ്ടപ്പെടുന്ന നിറമായ വെളുത്ത വസ്ത്രം ധരിച്ചാണ് അവനെത്തുന്നത്. പെണ്ണ് എന്നും ഇഷ്ടപ്പെടുന്നത് വെളുപ്പാണെന്നും അതിലേക്ക് കുടിയേറാനുള്ള കറുത്തവന്റെ തത്രപ്പാടും നിരാശയുമൊക്കെ അറിയാതെ കടന്നുവന്ന കാര്യങ്ങളാകാനും വഴിയില്ല.

ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യമാണ് നേരത്തെ പറഞ്ഞതുപോലെ ചിത്രം മുഴുനീളം പുലര്‍ത്തുന്ന സത്രീവിരുദ്ധത. കൃത്യമായി പറഞ്ഞാല്‍ സംവിധായകന്റെ കണ്ണില്‍ ആണിനെ പ്രണയിച്ച് വഞ്ചിക്കാത്ത, അവനെ പറ്റിക്കാത്ത ഒരുപെണ്ണുമില്ല. അതുകൊണ്ടുതന്നെ ചതിയുടെയും വഞ്ചനയുടെയും പ്രതിരൂപങ്ങളല്ലാത്ത ഒരു നായികാസൃഷ്ടിപോലുമില്ല സിനിമയില്‍. വെളുത്തവസ്ത്രം ധരിച്ചെത്തുന്ന പുരുഷനുമുന്നില്‍ സ്വന്തം വീടിനടുത്തുള്ള കാമുകനെ പരിയപ്പെടുത്തുന്ന പെണ്‍കുട്ടിയിലും നായകനായ പോളിനോട് പ്രണയം നടിച്ച് ആവശ്യങ്ങള്‍ നേടിയ ശേഷം കാമുകനുമൊത്ത് കാറില്‍ കയറി പോകുന്ന നായിക എന്ന് അവകാശപ്പെടുന്ന പെണ്ണുടലിലും കലോത്സവത്തില്‍ പങ്കെടുത്ത് കലാതിലകപട്ടമണിഞ്ഞയുടന്‍ പ്രസ്തുത പാര്‍ട്ടിയെ ചതിച്ച് എതിരാളികള്‍ക്കൊപ്പം ട്രോഫിയുമായി പോകുന്ന പെണ്‍കുട്ടിയിലുമൊക്കെ ദര്‍ശിക്കാന്‍ കഴിയുന്നത് ഇത്തരം ചതികഥകള്‍. ഇങ്ങനെ നോക്കുമ്പോള്‍ ആദര്‍ശധീരയായ നാരീ സങ്കല്‍പ്പം അന്നത്തെ ക്യാമ്പസുകളിലില്ലേയെന്ന് തോന്നിപ്പോകും. പോസ്റ്ററൊട്ടിക്കാന്‍ വിളിക്കുമ്പോള്‍ ഇക്കിളി പടം കാണാന്‍ കാശുചോദിക്കുന്ന യുവത്വത്തില്‍ പോലും സ്ത്രീവിരുദ്ധതയുടെ വികൃതമുഖം സംവിധായകന്‍ വരച്ച് ചേര്‍ത്തിരിക്കുന്നു. പ്രണയിച്ച പെണ്ണ് ചതിക്കുമ്പോള്‍ കള്ളുകുടിച്ച് കവിത പാടാനായി ഒരു കഥാപാത്രത്തിന് വരെ രൂപംകൊടുത്തിരിക്കുന്നു സിനിമയില്‍.

ചിത്രത്തിലെ കഥയ്ക്കും കഥപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ലെന്ന പതിവ് മുന്നറിയിപ്പ് ഇവിടെയും കാണാനാകും. ആ മുന്നറിയിപ്പിന്റെ പിന്‍ബലത്തില്‍ മാത്രം രക്ഷപ്പെടാനാകുമെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുക എന്ന ഗൗരവമേറിയ കൃത്യം ഒരു മെക്‌സിക്കന്‍ അപാരതയിലുണ്ട്. മഹാരാജാ കോളേജിനും എസ് എഫ് വൈക്കും കെ എസ് ക്യുവിനും സമകാലീന രാഷ്ട്രീയവുമായി പുലബന്ധമില്ലെന്നുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇനി സ്‌ക്രീനില്‍ കാണുന്നവയെല്ലാം തന്നെ ചരിത്രസത്യങ്ങളാണെന്ന് ആവേശത്തിന്റെ പുറത്ത് ആരെങ്കിലും വിശ്വസിച്ചുപോയാല്‍ ആ ധാരണ ഉടന്‍ മാറ്റേണ്ടിയിരിക്കുന്നു. കാരണം ചരിത്രസത്യങ്ങളെ വിപരീതമായി ചിത്രീകരിച്ചാണ് സിനിമയുടെ സഞ്ചാരം.

ഈ പറഞ്ഞവയെല്ലാം സിനിമയുടെ മുഴുവനായുള്ള പോരായ്മകളാണ്. ഇനി അത് ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയപരിസരത്തിലേക്ക് അല്‍പ്പം കടക്കാം. ഏത് രാഷട്രീയ പ്രസ്ഥാനത്തെയാണോ ഉയര്‍ത്തിക്കാട്ടാന്‍ ചിത്രം ശ്രമിച്ചത് അവിടെ പലപ്പോഴും ചില തിരിച്ചടികളും നേരിടുന്നുണ്ട്. രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് ചിത്രം. പാര്‍ട്ടിയുടെ അനിഷേധ്യനേതാവെന്ന് തോന്നിക്കുന്നയാള്‍ അത്തരംപ്രവണതകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ചില പുഴുക്കുത്തുകള്‍ ഉള്ളിലുണ്ടെന്ന് നേതാവുതന്നെ സമ്മതിക്കുന്നുണ്ട്. കൊച്ചനി എന്ന കഥാപാത്രത്തെ പോലീസ് വെടിവച്ചുകൊല്ലുന്നത് കൂട്ടത്തിലൊരാള്‍ ഒറ്റുകൊടുക്കുന്നതിലൂടെയാണ്. വ്യക്തിയെക്കാള്‍ വലുത് പ്രസ്ഥാനമെന്ന് വിശ്വസിക്കുന്ന സുഭാഷ് തെരഞ്ഞെടുപ്പ് വിജയത്തിനായി ചെയ്യുന്നത് ഇരുളിന്റെ മറവില്‍ എതിര്‍പാര്‍്ട്ടിക്കാരുടെ യൂണിയന്‍ ഓഫീസ് തീയിട്ടു നശിപ്പിക്കലാണ്. ഇങ്ങനെയുള്ളവരെയാണ് ആവശ്യം എന്നുപറഞ്ഞാണ് പിന്നീട് ഈ നേതാവിനെ പാര്‍ട്ടി സ്വീകരിക്കുന്നത്. എതിരാളികള്‍ വെട്ടിക്കൊലപ്പെടുത്തുന്ന കൃഷ്ണന്റെ മുഖം അമ്പത്തൊന്ന് വെട്ടേറ്റ് മരിച്ച ധീരസഖാവിന്റെ ഓര്‍മ്മകളുണര്‍ത്തിയാലും അതിശയപ്പെടാനില്ല. ഇത്തരത്തില്‍ വാക്കിലും നോക്കിലും സ്വയം വിമര്‍ശനത്തിന്റെ അപാരസാധ്യതകള്‍ തുറന്നിടുന്നുണ്ട് ഈ അപാരത.

സിനിമയുടെ സാങ്കേതിക മേന്മകളിലൂന്നിയുള്ള സഞ്ചാരമല്ല ഇവിടെ നടത്തിയത്. വിമര്‍ശിക്കാനും കൈയ്യടി നല്‍കാനും അവിടെ നിരവധി ഘടകങ്ങളുണ്ട്. കഥയുടെ ഗതിവേഗത്തിലെ കല്ലുകടി എടുത്തുപറയേണ്ടിവരും. സീനുകള്‍ തമ്മിലുള്ള പൊരുത്തമില്ലായ്മ പലപ്പോഴും മുഴച്ചുനില്‍ക്കുന്നു. പക്വതയില്ലായ്മയുടെ പാകപ്പിഴകള്‍ ഏറെയുണ്ട് ചിത്രത്തിന്. എങ്കിലും ഉള്ളില്‍ കലാലയ ജീവിതത്തിന്റെ അഗ്നി സ്ഫുലിംഗങ്ങള്‍ പേറി ജീവിക്കുന്നവര്‍ക്ക് അല്‍പ്പസ്വല്‍പ്പംരസക്കാഴ്ചകള്‍ സമ്മാനിക്കുന്നുണ്ട് ചിത്രം.

മുന്നിലെ കൂറ്റന്‍ സ്‌ക്രീനില്‍ തെളിയുന്ന ആവേശരംഗങ്ങള്‍കണ്ട് മുഷ്ടിചുരുട്ടി സിന്ദാബാദ് വിളിക്കുന്ന അഭിനവസഖാക്കള്‍ക്ക് ആവേശം പെട്ടെന്നൊന്നും ചോര്‍ന്നുപോകാതിരിക്കട്ടെ. തീയേറ്റര്‍ ഇരുട്ടിലെ കുളിരാര്‍ന്ന അന്തരീക്ഷത്തിലല്ല വിപ്ലവജ്വാലകള്‍ ആളിക്കത്തിക്കേണ്ടത്. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിലാണ് അവര്‍ ഇറങ്ങിച്ചെല്ലേണ്ടത്. അവിടെയാണ് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കേണ്ടത്. അതിനുപറ്റിയ അന്തരീക്ഷം അവിടെ സംജാതമാകുന്നില്ലെങ്കില്‍ ഓര്‍ക്കുക എവിടെയൊക്കെയോ തെറ്റുപറ്റിയിട്ടുണ്ടെന്ന്. വിപ്ലവനേതാക്കളുടെ തീപ്പൊരു പ്രസംഗം നിങ്ങള്‍ക്ക് ആവേശം തരുന്നില്ലെങ്കില്‍ മാത്രം വരിക വീണ്ടും സ്‌ക്രീനിനുമുന്നിലേക്ക്. അവിടെ രണ്ടരമണിക്കൂറില്‍ ആവേശം ആളിക്കത്തിക്കാനുള്ള മരുന്നുമായി ചിലപ്പോള്‍ വീണ്ടും പുതിയ കൂട്ടരെത്തിയേക്കാം. ലാല്‍ സലാം.

393 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close