NewsMovieEntertainment

സ്ലോമോഷനിൽ ഇനിയാരും വരേണ്ട, കമ്മട്ടിപ്പാടത്ത് റിയാലിറ്റിയുടെ വേല വരവ്

സുബീഷ് തെക്കൂട്ട്


നിർമ്മാണവും അപനിർമ്മാണവും ചരിത്ര യാഥാർത്ഥ്യമാണ്. കാലം പലതിനെയും പുതുക്കി പണിതു കൊണ്ടിരിക്കും പല കാലത്തും. കലയിലും രാഷ്ട്‍രീയത്തിലും എന്നുവേണ്ട സമൂഹത്തെ സ്വാധീനിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന ഏതിലും അത് സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കും. സിനിമയിൽ നായക ബിംബങ്ങൾ നിഗ്രഹിക്കപ്പെടുകയും, രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹം തന്നെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും, ആ സമൂഹം തങ്ങളെ അടിച്ചമർത്തുന്നവരെ ഒന്നാകെ പ്രതിനായക സ്ഥാനത്ത് നിർത്തി വിചാരണക്ക് വിധേയരാക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ അപൂർവ്വം.

നിയമ നിർമ്മാണ സഭകൾക്ക് പുറത്ത് നടക്കുന്ന, ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യോത്തരവേളകൾ ഒരേ സമയം രാഷ്ട്രീയമായ അട്ടിമറികളുടെ വെടിമരുന്ന് ശാലയും, കലയുടെ ചേതോഹരമായ കാഴ്ചയുമാണ്. രാജീവ് രവി പോയ വർഷം കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സാധ്യമാക്കിയത് ഇത്തരം അട്ടിമറിയാണ്.

കാലം ആവശ്യപ്പെടുന്ന ചില പൊളിച്ചെഴുത്തുകളാണ് കലയിലും സംഭവിക്കുന്നത്. അത് സിനിമയിലും നായക, പ്രതിനായക സങ്കൽപ്പങ്ങളിലും പ്രതിഫലിക്കുക സ്വാഭാവികം. മുഖ്യ ധാരയിൽ നിന്ന് ചേരികളിലേക്ക് മാറ്റി നിർത്തപ്പെട്ടവരുടെ, സമ്പന്നരുടെ അപ്പാർട്ടുമെന്‍റുകൾക്കും വ്യവസായ ശാലകൾക്കുമായി ആ ചേരികളിൽ നിന്നു പോലും കുടിയൊഴിക്കപ്പെട്ടവരുടെ നിലവിളികളാൽ കറുപ്പ് പടർന്ന കുമ്മട്ടിപ്പാടങ്ങളുടെ വിളവെടുപ്പ് കാലത്ത് പാടം പൂത്ത കാലം എന്നും പാടി മരം ചുറ്റി പ്രേമിച്ച് നടക്കാൻ ഇന്നത്തെ നായകന് സാധിക്കാതെ വരുന്നത് അതുകൊണ്ടാണ്.

അല്ലെങ്കിൽ അത്തരം ചിത്രങ്ങൾ പുതിയ കാലത്തിന്‍റെ ഭാവുകത്വത്തിന് ചേരാതെ വരുന്നത് അതുകൊണ്ടാണ്. അതിനാൽ മീശ പിരിച്ച നായക ധാർഷ്ട്യവും, അംഗരക്ഷകരുടെ കുടക്കീഴിൽ മഴയത്ത് സ്ളോമോഷനിൽ വരുന്ന ആഡംബര ആണത്തവും മാറിയ കാലത്ത് അപ്രസക്തമാവുകയും കൃഷ്ണാ, ഇത് ഞാനാൺട്രാ ഗംഗ എന്നും പറഞ്ഞ് വിനായകൻ കടന്നു വരികയും ചെയ്യുന്നു. കമ്മട്ടിപ്പാടത്തെ പിള്ളാരെ തൊടാൻ ആർക്കാടാ ധൈര്യം എന്നലറി മണികണ്ഠൻ രംഗപ്രവേശം ചെയ്യുന്നതും അതേ സാഹചര്യത്തിൽ.

ഇനി കറുപ്പിന്‍റെ രാഷ്ട്രീയമെല്ലാം മാറ്റി വെച്ച് പരിശോധിച്ചാൽ തന്നെ പൊളിച്ചെഴുത്തിന്‍റെ സൗന്ദര്യം ലളിതമായി ദർശിക്കാം മറ്റു സന്ദർഭങ്ങളിലും. നിന്‍റെ പിറകെ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടം എന്ന് ബാംഗ്ളൂർ ഡെയ്സിൽ ദുൽഖറിന്‍റെ കഥാപാത്രം പറയുമ്പോൾ, അങ്കമാലി ഡയറീസിൽ അണഞ്ഞു പോയ വെളിച്ചത്തിന്‍റെ അപരിമിതമായ അഴകിൽ അവനെ പുണർന്ന്, വെളിച്ചം വരവെ, വിട്ടകന്ന്, ഇപ്പോ മനസ്സിലായോ പെണ്ണ് ആരാണെന്ന് എന്ന് അവൾ ചോദിക്കുമ്പോൾ എല്ലാം പൊളിഞ്ഞു വീഴുന്നുണ്ട് പ്രണയം വെളിപ്പെടുത്തൽ രംഗങ്ങളിലെ കണ്ടു മടുത്ത, കൈ തട്ടി താഴെ വീണ പുസ്തകം പെറുക്കിയെടുക്കൽ പഴഞ്ചൻ ക്ളീഷെ. ആദ്യം മക്കൾക്ക് വേണ്ടി, പിന്നെ അവരുടെ മക്കൾക്ക് വേണ്ടി, ഇടയിൽ നാം നമുക്ക് വേണ്ടി എപ്പോഴാണ് ജീവിക്കുക എന്ന് ആനന്ദത്തിലെ ആമ്പിള്ളേരും പെമ്പിള്ളേരും ഒരേ സ്വരത്തിൽ സിമ്പിളായി ചോദിക്കുന്നതിന്‍റെയും സാഹചര്യം മറ്റൊന്നല്ല. പിന്നെയും, മീശ പിരിക്കുന്നവരോട് കാലം മാറി മാഷേ എന്ന് മാത്രമാണ് മറുപടി.

മറ്റൊരു രൂപത്തിൽ ഇത് സമൂഹത്തിലും സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നതിന് തെളിവായി നിർത്താം വിദ്യാർത്ഥികൾ പ്രതിരോധത്തിന്‍റെയും പോരാട്ടത്തിന്‍റെയും മുഖ്യധാരയിലേക്ക് കടന്നുവന്ന സമീപകാല സമരങ്ങൾ. പുതിയ പൊമ്പിളൈ ഒരുമൈക്ക് സാക്ഷ്യം വഹിച്ച തിരുവനന്തപുരത്തെ ലോ അക്കാദമി സമരം മാത്രം പരിശോധിച്ചാൽ മനസ്സിലാകും, പഴയ ചേരുവകൾ കൊണ്ട് ഇനി ഹോട്ടൽ നടത്താനാകില്ല എന്ന്.

പറഞ്ഞു വരുന്നത് ഇത്രമാത്രം. സോഷ്യൽ മീഡിയയെ പേടിച്ചാണ് വിനായകന് അവാർഡ് നൽകിയത് എന്ന ചിലരുടെ വിമർശനത്തെ പുച്ഛിച്ച് തള്ളുമ്പോൾ തന്നെ, സോഷ്യൽ മീഡിയയെ പേടിക്കേണ്ടതുണ്ട് എന്ന യാഥാർത്ഥ്യം അംഗീകരിക്കപ്പെട്ടതിൽ ആഹ്ളാദം. സിനിമയിലാകട്ടെ, സമരത്തിലാകട്ടെ, കലയിലാകട്ടെ, കലാപത്തിലാകട്ടെ നവമാദ്ധ്യമങ്ങൾ നായകത്വം വഹിക്കുന്നുണ്ട് അഭിരുചി നിർണ്ണയത്തിൽ. അതിലാകട്ടെ, യുവത്വം സവിശേഷമായ ഇടപെടലുകൾ നടത്തുന്നുമുണ്ട്. അതിനാൽ, പതിവ് നായക പരിവേഷങ്ങളുടെ കെട്ടുക്കാഴ്ചകൾ ഈ കമ്മട്ടിപ്പാടത്ത് എഴുന്നള്ളിക്കേണ്ട എന്ന് തന്നെയാണ് പുതിയ തലമുറ വിരൽ ചൂണ്ടി പറയുന്നത്.

അതെ, പുതിയ പിള്ളാർ ഒരു വശത്തുനിന്നും പൊളിച്ചടക്കൽ തുടങ്ങിയിട്ടുണ്ട്. വഴി മാറടാ മുണ്ടക്കൽ ശേഖരാ എന്ന് തന്നെയാണ് അവരും പറയുന്നത്, അതും കേട്ടേ പറ്റൂ.

 


ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും  ലേഖകന്റെ മാത്രം അഭിപ്രായമാണ് . ജനം ടിവിയുടെ അഭിപ്രായമല്ല.

184 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close